ലിഫ്റ്റ് നൽകും; പിന്നാലെ ആക്രമണവും കവർച്ചയും, യുവാവ് രക്ഷപ്പെട്ടതിങ്ങനെ

kalpatta-gunda
SHARE

കൽപറ്റ: വാഹനത്തിൽ ലിഫ്റ്റ് ചോദിച്ചു കയറിയ യുവാവിനെ ആക്രമിച്ചു പണവും മൊബൈൽ ഫോണും കവർന്ന 3 പേർ പിടിയിൽ. മുട്ടിൽ കുട്ടമംഗലം കൊട്ടാരം ഷാഫി (32), തൃക്കൈപ്പറ്റ നെല്ലിമാളം പുളിക്കപറമ്പിൽ സജിത്ത് (32), കൽപറ്റ എടഗുനി മേലെപ്പറമ്പിൽ ജംഷീർ (28) എന്നിവരെയാണു കൽപറ്റ പൊലീസ് പിടികൂടിയത്. പാലക്കാട് സ്വദേശിയായ യുവാവാണ്  ബത്തേരി–കൊല്ലഗൽ ദേശീയപാതയിലെ മുട്ടിൽ ടൗണിൽ കവർച്ചയ്ക്കിരയായത്. 

പൊലീസ് പറയുന്നതിങ്ങനെ: പാലക്കാട്ട് മെക്കാനിക്കായി ജോലി ചെയ്യുന്ന യുവാവു മീനങ്ങാടി പാപ്ലശേരിയിലെ ഭാര്യാവീട്ടിലേക്കു പോവുകയായിരുന്നു. രാത്രി പത്തോടെ കൈനാട്ടി ജംക്‌ഷനിലെത്തി. വാഹനമൊന്നും ലഭിച്ചില്ല. പുലർച്ചെ ഒന്നോടെ അതുവഴി വരികയായിരുന്ന പ്രതികൾ വാഹനം നിർത്തി ലിഫ്റ്റ് നൽകി. വാഹനം മുട്ടിലിലെത്തിയപ്പോൾ പ്രതികൾ യുവാവിനെ ആക്രമിച്ചു പണവും മൊബൈൽ ഫോണും തട്ടിയെടുത്തു. എടിഎമ്മിൽ നിന്നു പണം പിൻവലിച്ച് നൽകാനും ആവശ്യപ്പെട്ടു.

പണമെടുക്കാൻ മുട്ടിൽ ടൗണിലെ എടിഎമ്മിനു സമീപം വാഹനം നിർത്തിയപ്പോൾ യുവാവ് ഇറങ്ങിയോടി സമീപത്തെ വീട്ടിൽ അഭയം തേടി. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നു സ്ഥലത്തെത്തിയ കൽപറ്റ എസ്ഐ കെ. മഹേഷ്കുമാറും സംഘവും പ്രതികളെ പിന്തുടർന്നു പിടികൂടുകയായിരുന്നു. പിടിയിലായവർ ഒട്ടേറെ കേസുകളിൽ പ്രതികളാണെന്നും പൊലീസ് പറഞ്ഞു.

MORE IN Kuttapathram
SHOW MORE
Loading...
Loading...