പ്രത്യേക സംഘം തുമ്പുണ്ടാക്കിയത് അഞ്ച് കവര്‍ച്ചാ കേസുകള്‍ക്ക്; ഭദ്രാവതി ഷാജി പിടിയിൽ

theft-case-3
SHARE

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട നാല് പ്രതികളെയും പിടികൂടാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം അഞ്ച് കവര്‍ച്ചാക്കേസുകള്‍ക്കാണ് തുമ്പുണ്ടാക്കിയത്. നിരവധി കവര്‍ച്ചാ പരമ്പരയിലെ പ്രതി ഭദ്രാവതി ഷാജിയെ പുസ്തകശാലയിലെ കവര്‍ച്ചയില്‍ കസബ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ബൈക്ക് കവര്‍ച്ചയും താമരശ്ശേരിയിലെ കട കുത്തിത്തുറന്നുള്ള കവര്‍ച്ചയും ഡി.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം തെളിയിച്ചു. 

അമ്പായത്തോട് ആഷിഖ്, ഷഹല്‍ ഷാനു, നിസാമുദീന്‍, അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് ഈമാസം ഇരുപത്തി രണ്ടിന് കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ടത്. സെല്ലിന്റെ പൂട്ട് തുറന്ന് സംഘം മതില്‍ചാടി പുറത്ത് കടക്കുകയായിരുന്നു. 

പ്രത്യേക അന്വേഷണ സംഘമാണ് അഞ്ച് കളവില്‍ കൂടി തുമ്പുണ്ടാക്കിയത്. കുതിരവട്ടത്ത് നിന്ന് നാലുപേരും രക്ഷപ്പെട്ടതിന് പിന്നാലെ മാങ്കാവില്‍ നിന്ന് ബൈക്ക് കവര്‍ന്നു. ഈ ബൈക്കിലാണ് മൂന്നുപേരും നഗരത്തിന്റെ വിവിധയിടങ്ങളില്‍ സഞ്ചരിച്ചത്. പെട്രോള്‍ ടാങ്ക് തുറക്കാന്‍ കഴിയാത്തതിനാല്‍ ബൈക്ക് ഉപേക്ഷിക്കുകയായിരുന്നു. സെല്ല് തുറന്ന് രക്ഷപ്പെട്ടവര്‍ പിടിയിലായതോടെ ഈ കവര്‍ച്ചയ്ക്ക് തുമ്പുണ്ടായി. നാലുപേരും രക്ഷപ്പെട്ട ദിവസം രാത്രിയില്‍ മാങ്കാവ് പരിസരത്ത് നിന്ന് മറ്റൊരു ബൈക്ക് കൂടി നഷ്ടപ്പെട്ടിരുന്നു. യുവാക്കളാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് ആദ്യമേ സൂചന ലഭിച്ചു. മൊബൈല്‍ ഫോണ്‍ കൈയ്യില്‍പ്പിടിച്ച് ബൈക്ക് കവര്‍ന്ന് നീങ്ങുന്നവരുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. 

അന്വേഷണത്തില്‍ രൂപമാറ്റം വരുത്തിയ ബൈക്കുമായി കടന്നത് മാത്തറ സ്വദേശി ആഷിഖ്, അരക്കിണര്‍ സ്വദേശി അഭിനാസ് എന്നിവരെന്ന് തെളിഞ്ഞു. രൂപമാറ്റം വരുത്തിയ ബൈക്കുമായി കറങ്ങുന്നതിനിടയിലാണ് രണ്ടുപേരും കസബ പൊലീസിന്റെ പിടിയിലായത്. സ്റ്റേഡിയം ജംങ്ഷനിലുള്ള പുസ്തകശാലയില്‍ കയറി കവര്‍ച്ച നടത്തിയതിനാണ് നിരവധി കേസുകളിലെ പ്രതിയായ ഭദ്രാവതി ഷാജി കസബ പൊലീസിന്റെ പിടിയിലായത്. 

ഈരാറ്റുപേട്ട സ്വദേശിയായ ഷാജിക്കെതിരെ കോട്ടയത്തും കണ്ണൂരിനുമിടയില്‍ പതിനൊന്ന് സ്റ്റേഷനുകളില്‍ കവര്‍ച്ചാക്കേസുണ്ട്. കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ട അമ്പായത്തോട് ആഷിഖാണ് മറ്റ് രണ്ട് കവര്‍ച്ചയും ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ചോമ്പാല്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്ന് ബൈക്ക് കവര്‍ന്നതിനും താമരശ്ശേരിയില്‍ കട കുത്തിത്തുറന്നതിനും കേസെടുത്തു. വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലായി നടത്തിയ അന്വേഷണത്തിലാണ് തടവുചാടിയ നാലു പ്രതികളെ പിടികൂടിയത്. നിരവധി കവര്‍ച്ചാപരമ്പരയുടെ ആസൂത്രകനായ  ഭദ്രാവതി ഷാജിയെ പിടികൂടാന്‍ കഴിഞ്ഞതാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നേട്ടമായി വിലയിരുത്തുന്നത്

MORE IN Kuttapathram
SHOW MORE
Loading...
Loading...