മകളെ പിതാവിനെ ഏല്‍പ്പിച്ച ശേഷം പോയ വീട്ടമ്മയെവിടെ? പ്രത്യേക സംഘം അന്വേഷിക്കും

lady-missing-case-3
SHARE

ഒരു വര്‍ഷം മുന്‍പ് കോഴിക്കോട് വടകരയില്‍ നിന്ന് അപ്രത്യക്ഷയായ വീട്ടമ്മയെ കണ്ടെത്താന്‍ ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം. വീട്ടമ്മയുടെ പിതാവ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തന്റെ മകളെ വടകര സ്വദേശിയായ യുവാവും പിതാവും തടങ്കലില്‍ വച്ചിരിക്കുന്നുവെന്നാണ് ആക്ഷേപം. ആരോപണ വിധേയനായ യുവാവും വീട്ടമ്മയെ കാണാതായ ദിവസം മുതല്‍ അപ്രത്യക്ഷനാണ്.

വീട്ടമ്മയും സുഹൃത്തും ഒരുമിച്ച് നാടുവിട്ടതായുള്ള രേഖകളൊന്നും അന്വേഷണസംഘത്തിനില്ല. എന്നാല്‍ വീട്ടമ്മ അപ്രത്യക്ഷയായ ദിവസം ഖത്തറില്‍ ജോലി ചെയ്തിരുന്ന സുഹൃത്ത് കരിപ്പൂരില്‍ വിമാനമിറങ്ങിയതിന് തെളിവുണ്ട്. പിന്നീട് ഇരുവരും ആരെയും ബന്ധപ്പെട്ടില്ല. വിവാഹത്തിന് മുന്‍പ് സൗഹൃദമുണ്ടായിരുന്ന ഇരുവരും ഒരുമിച്ച് നാടുവിട്ടതായാണ് ബന്ധുക്കളുടെ പരാതി. 

ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ വീട്ടമ്മയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് പിതാവ് ഹൈക്കോടതിയെ സമീപിച്ചത്. നാടുവിടുന്നതിന് മുന്‍പായി വീട്ടമ്മ അക്കൗണ്ടിലുണ്ടായിരുന്ന മുപ്പതിനായിരം രൂപ പിന്‍വലിച്ചു. ഇരുപത് പവന്‍ സ്വര്‍ണവും ഭര്‍ത്താവിന്റെ പേരിലുള്ള വസ്തുവിന്റെ ആധാരവും കാണാനില്ല. വിവാഹ ആല്‍ബമുള്‍പ്പെടെ നശിപ്പിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പതിമൂന്ന് വയസുള്ള മകളെ പിതാവിനെ ഏല്‍പ്പിച്ച ശേഷം ടൗണിലേക്കെന്ന് പറഞ്ഞാണ് വീട്ടമ്മ വീട് വിട്ടത്. വടകര റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഹരിദാസനാണ് അന്വേഷണച്ചുമതല.  

ഇരുവരെയും കണ്ടെത്താന്‍ വിവിധ സ്റ്റേഷനുകളിലേക്ക് ഫോട്ടോ കൈമാറിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. അന്വേഷണസംഘം അന്‍പതിലധികമാളുകളില്‍ നിന്ന് മൊഴിയെടുത്തു. ഫോണ്‍ വിളികളുടെ വിശദാംശങ്ങളുള്‍പ്പെടെ ശേഖരിച്ചു. കൂടത്തായി കൂട്ടക്കൊലക്കേസ് തെളിയിച്ച സംഘത്തില ഭൂരിഭാഗം ഉദ്യോഗസ്ഥരും അന്വേഷണത്തിലുണ്ട്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...