ബി.ജെ.പി മന്ത്രിയെ കൊന്നു; 62 കേസുകൾ; ദുബെയുടെ ചരിത്രം

vikas-dubey-kanpur-1007-023
SHARE

ആരാണ് വികാസ് ദുബെ? ബി.ജെ.പി മന്ത്രിയായിരുന്ന സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയതുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായിട്ട് പോലും സ്വതന്ത്രനായി നടക്കാന്‍ കഴിഞ്ഞതിന് കാരണം ദുബെയുടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങളാണ്. ദുബെയുടെ ചരിത്രമൊന്ന് പരിശോധിക്കാം.

രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്ത കൊടുംകുറ്റവാളി വികാസ് ദുബെയുടെ ക്രിമിനല്‍ പശ്ചാത്തലത്തിന് 30 വര്‍ഷത്തെ ചരിത്രമുണ്ട്. കാന്‍പൂരിലെ ബിക്രു ഗ്രാമമാണ് ദുബെയുടെ ജന്മസ്ഥലം. 1990 ലാണ് ദുബെക്കെതിരെ ആദ്യമായി ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. 2020 ആയപ്പോഴേക്കും അഞ്ച് കൊലപാതകവും എട്ട് കൊലപാതക ശ്രമവുമുള്‍പ്പെടെ 62 കേസുകള്‍. ഭൂമി കൈയ്യേറ്റ കേസുകളും നിരവധി. 2001 ല്‍ ബി.ജെപി നേതാവും മുന്‍ മന്ത്രിയുമായിരുന്ന സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായതോടെയാണ് കൊടുംകുറ്റവാളി എന്ന നിലയില്‍ വികാസ് ദുബെ അറിയപ്പെട്ടു തുടങ്ങിയത്. ശിവ്‍ലി പൊലീസ് സ്റ്റേഷന്‍റെ ഉള്ളില്‍ വച്ചാണ് ശുക്ലയെ കൊലപ്പെടുത്തിയത്. 

സംഭവത്തില്‍ ദുബെയെ അറസ്റ്റ് ചെയ്തെങ്കിലും കേസിലെ പ്രധാന സാക്ഷികള്‍ അനുകൂലമായി മൊഴി നല്‍കിയതോടെ  കോടതി വെറുതെ വിട്ടു. ഇതിനും രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഒരാളെയും 2000 ല്‍ സ്വന്തം അധ്യാപകനെയും ദുബെ കൊലപ്പെടുത്തിയത്. ദുബെക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഭൂരിഭാഗവും കാന്‍പൂര്‍ ജില്ലയിലാണ്. നിരവധി അനുയായികളും ദുബെക്കുണ്ടായിരുന്നു. 

രാഷ്ട്രീയത്തില്‍ ഇറങ്ങിയതോടെ അനുയായികളെ ഉപയോഗിച്ചായിരുന്നു ദുബെയുടെ കുറ്റകൃത്യങ്ങള്‍. ബി.എസ്.പിയിൽ ചേർന്ന് പ്രവര്‍ത്തിച്ച ദുബെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിച്ചിട്ടുണ്ട്. ഉന്നത രാഷ്ട്രീയ ബന്ധങ്ങളായിരുന്നു വികാസ് ദുബെയെ കേസുകളില്‍ നിന്ന് രക്ഷപെടുത്തിയിരുന്നത്. ഇതേ ആത്മവിശ്വാസത്തിലാണ് തന്നെ പിടികൂടാനെത്തിയ എട്ട് പൊലീസുകാരെ ദുബെ നിഷ്ഠൂരം കൊലപ്പെടുത്തിയത്. എന്നാല്‍ ഈ കുറ്റകൃത്യം ദുബെക്ക് മരണത്തിലേക്കുള്ള വഴിതുറന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...