‘തോക്കെടുത്തവന്‍ തോക്കാല്‍..’; ഇന്ത്യ ‍ഞെട്ടിയ ഗുണ്ടാ ആക്രമണം; ഒടുവില്‍

vikas-dubey-kanpur-1007-01
SHARE

ഉത്തര്‍പ്രദേശില്‍ രണ്ട് പതിറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും വലിയ ഗുണ്ടാ ആക്രമണമായിരുന്നു കാന്‍പൂരിലെ ബിക്രു ഗ്രാമത്തിലേത്. പൊലീസിന് ഈ അക്രമത്തില്‍ നഷ്ടപ്പെട്ടത് എട്ട് ഉദ്യോഗസ്ഥരെ. സംസ്ഥാനത്തെ ക്രമസമാധാന നിലയെ സംബന്ധിച്ച് യോഗി സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങള്‍ക്ക് തന്നെ ഈ സംഭവം വഴിവച്ചു.

ഈ മാസം മൂന്നാം തീയതിയായിരുന്നു കാന്‍പൂരിലെ ബിക്രു ഗ്രാമത്തില്‍ തന്നെ പിടികൂടാനെത്തിയ എട്ട് പൊലീസുകാരെ വികാസ് ദുബെയും അനുയായികളും കൊലപ്പെടുത്തിയത്. യുപി പൊലീസിന്‍റെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയ അക്രമത്തിലെ മുഖ്യപ്രതി വികാസ് ദുബെയെ ആറ് ദിവസത്തിന് ശേഷം മാത്രമാണ് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്.  ദുബെയുടെ കൂട്ടാളികളായ മൂന്ന് പേരെ ഏറ്റുമുട്ടലില്‍ വധിച്ചതോടെ തോക്കെടുത്തവന്‍ തോക്കാല്‍ തീരുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. കാന്‍പൂര്‍ സംഭവത്തിന് ശേഷം ജൂലൈ നാലിന് 25 സംഘങ്ങളായി തിരി‍ഞ്ഞാണ് ദുബെക്കായി തിരച്ചില്‍ തുടങ്ങിയത്. അഞ്ചിന് ദുബെ ഉപയോഗിച്ച സര്‍ക്കാര്‍ ബോര്‍ഡ് വച്ച വാഹനം പൊലീസ് പിടിച്ചെടുത്തു. അന്ന് തന്നെയാണ് പൊലീസുകാരെ കൊലപ്പെടുത്തിയതു പോലെ തന്നെ ദുബെയെയും കൊല്ലണമെന്ന് വ്യക്തമാക്കി അമ്മ സരളാ ദേവി രംഗത്ത് വന്നത്. ആറിന് കേസില്‍ ആദ്യ അറസ്റ്റ്.

വികാസ് ദുബെയുടെ കൂട്ടാളി ദയാശങ്കര്‍ അഗ്നിഹോത്രിയെ ഏറ്റുമുട്ടലിനൊടുവില്‍ പൊലീസ് കീഴ്പ്പെടുത്തി. അഗ്നിഹോത്രിയുടെ മൊഴിയിലാണ് പിടികൂടാനെത്തുന്ന വിവരം ചൗബേപൂര്‍ സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ ദുബെക്ക് ചോര്‍ത്തി നല്‍കിയതായി വ്യക്തമായത്. മൂന്ന് പൊലീസുകാരെയും സസ്പെന്‍ഡ് ചെയ്തു. 

ദുബെയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ദുബെയുമായി ബന്ധമുണ്ടെന്ന് കരുതുന്ന 200 പൊലീസുകാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. എട്ടിന് കേസിലെ പ്രതിയും വികാസ് ദുബെയുടെ വിശ്വസ്തനുമായ അമര്‍ ദുബെയെ ഹാമിര്‍പൂരില്‍ വച്ച് ഏറ്റുമുട്ടലില്‍ പൊലീസ് കൊലപ്പെടുത്തി. അന്ന് തന്നെ ഫരീദാബാദിലെ ഹോട്ടലില്‍ നിന്ന് പൊലീസിന്‍റെ കണ്ണ് വെട്ടിച്ച് ദുബെ രക്ഷപെട്ടു. ദുബെയെ പിടികൂടാന്‍ കഴിയാത്തതിനാല്‍ വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷിക തുക അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി. 

ഒമ്പതിന് ദുബെയുടെ രണ്ട് കൂട്ടാളികളായ പ്രഭാത് മിശ്രയേയും ബഹുവാ ദുബയേയും വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ കൊലപ്പെടുത്തി. അന്ന് തന്നെ രാവിലെ എട്ട് മണിയോടെ മധ്യപ്രദേശിലെ ഉജ്ജയിനില്‍ നിന്ന് ദുബെ പിടിയിലായി. പത്തിന്  ദുബെയെ കാന്‍പൂരിലേക്ക് കൊണ്ട് വരുന്നതിനിടെ പൊലീസ് അകമ്പടി വാഹനം അപകടത്തില്‍പെട്ടു. ആ സമയം രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിനാല്‍ കൊടുംകുറ്റവാളിയുടെ അന്ത്യം.

MORE IN Kuttapathram
SHOW MORE
Loading...
Loading...