സ്വകാര്യ റിസോർട്ടിലെ നിശാ പാർട്ടി: ക്വാറി ഉടമയുള്‍പ്പെടെ 23 പേർ അറസ്റ്റിൽ

idukki-belly-dance-3
SHARE

ഉടുമ്പൻചോലയ്ക്കു സമീപം സ്വകാര്യ റിസോർട്ടിൽ നിശാ പാർട്ടി നടത്തിയ ക്വാറി ഉടമയുള്‍പ്പെടെ 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബെല്ലി ഡാൻസിനായി എത്തിച്ച ഉക്രേനിയൻ വനിതകളെ കണ്ടെത്തുന്നതിനും നടപടി തുടങ്ങി. അനുമതിയില്ലാതെ പ്രവര്‍ത്തനം നടത്തിയ ക്വാറി അടച്ചുപൂട്ടി.

നിശാപാർട്ടി നടത്തി വിവാദത്തിലായ വ്യവസായി ഉള്‍പ്പടെ  23 പേരെക്കൂടിയാണ് ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ 29 ആയി. പ്രാഥമിക അന്വേഷണത്തിൽ പാർട്ടിയിൽ പങ്കെടുത്തതായി കണ്ടെത്തിയ 48 പേരിൽ ഉൾപ്പെട്ടവരാണിത്. അറസ്റ്റ് ചെയ്ത വരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. 

ബെല്ലി ഡാൻസിനായി എത്തിച്ച ഉക്രേനിയൻ വനിതകളെ കണ്ടെത്തുന്നതിനും നടപടി തുടങ്ങിയിട്ടുണ്ട്. വിസ ചട്ടലംഘനമടക്കം പരിശോധിച്ചു വരികയാണ്. സംഭവത്തിൽ കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് വിവരം. ഇതിനിടെ ചതുരംഗപ്പാറയിലെ പാറമടയിൽ റവന്യു സംഘം  നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങൾ കണ്ടെത്തിയതോടെ ക്രഷറും പാറമടയും പ്രവർത്തനം നിർത്തണന്ന് ആവശ്യപ്പെട്ട് തഹസിൽദാർ നോട്ടിസ് പതിച്ച് കലക്ടർക്കു റിപ്പോർട്ട് സമർപ്പിച്ചു. 

ക്രഷറിന് സമീപമുള്ള പാറമടയിൽ അനുമതിയില്ലാതെ സംഭരിച്ചിരിക്കുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന നിർമാണ വസ്തുക്കൾ റവന്യു സംഘം കണ്ടെത്തി. അനധികൃതമായി സൂക്ഷിച്ചിരുന്ന നിർമാണ സാധനങ്ങൾ വിറ്റതിനും തെളിവുകൾ ലഭിച്ചു. സംഭവത്തിൽ ജില്ലാ കലക്ടർക്കും ജിയോളജിസ്റ്റിനും റിപ്പോർട്ട് നൽകും അനിയന്ത്രിതമായ പാറ ഖനനത്തെത്തുടർന്ന്   2017ൽ പ്രവർത്തനം തടഞ്ഞ പാറമടയാണ് ക്രഷർ ആരംഭിക്കാനായി വാടകക്കെടുത്തത്.

എന്നാൽ പാറമടയിൽ ക്രഷർ ആരംഭിക്കുന്നതിന് റവന്യൂ വകുപ്പിന്റെയും മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെയും നിരാക്ഷേപ പത്രം വ്യവസായ ഗ്രൂപ്പ് വാങ്ങി ഉടുമ്പൻചോല പഞ്ചായത്തിൽ സമർപ്പിച്ചിട്ടില്ല. നിരാക്ഷേപ പത്രമില്ലാതെ പാറമടയും, ക്രഷറും ഒരു പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാനാവില്ല. 

MORE IN Kuttapathram
SHOW MORE
Loading...
Loading...