ആവശ്യക്കാരെന്ന വ്യാജേന വിളിച്ചുവരുത്തി; കഞ്ചാവ് വിൽപന സംഘത്തെ കുടുക്കിയത് ഇങ്ങനെ

drama-ganja
SHARE

ആവശ്യക്കാര്‍ എന്ന വ്യാജേന കഞ്ചാവ് വിതരണക്കാരെ ബന്ധപ്പെട്ട് എക്സൈസ് സംഘം വയനാട് ബത്തേരിയില്‍ നാടകീയമായി പത്തുകിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് എത്തിച്ച മലപ്പുറം സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍. രണ്ടുപേര്‍ ഒാടി രക്ഷപ്പെട്ടു.

കോവിഡ് കാരണം കര്‍ണ്ണാടകയില്‍ നിന്നുള്ള ലഹരി വ്യാപനം കുറഞ്ഞിട്ടുള്ളതിനാല്‍ കോഴിക്കോട് മലപ്പുറം ജില്ലകള്‍ വഴി വയനാട്ടിലേക്ക് കഞ്ചാവ് എത്തുന്നതായി വിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഷാഡോ സംഘം ആവശ്യക്കാര്‍ എന്ന നിലയില്‍ പ്രതികളെ ബന്ധപ്പെടുകയായിരുന്നു. രണ്ട് കിലോയുടെ ഒരു പാര്‍സല്‍ കഞ്ചാവിന് അമ്പതിനായിരം രൂപ തോതില്‍ വില ഉറപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് താമരശ്ശേരി, അടിവാരം, കല്‍പറ്റ വഴി ബീനാച്ചിയിലേക്ക് രണ്ട് കാറുകളിലായി എത്തിയ നാലംഗ സംഘത്തെ നാടകീയമായാണ് എക്‌സൈസ് സംഘം കുടുക്കിയത്. തുക നല്‍കുന്നത് വൈകിപ്പിച്ച് പ്രതികളെ തന്ത്രപൂര്‍വം കുടുക്കുകയായിരുന്നു. ബത്തേരി ബീനാച്ചി പനമരം റോഡില്‍ രണ്ടു മാരുതി സ്വിഫ്റ്റ് കാറുകളിലായി 10 കിലോ കഞ്ചാവാണ് കൊണ്ടുവന്നത്.

മലപ്പുറം ഏറനാട് സ്വദേശികളായ വിവേക് ,മുഹമ്മദ് ഷിബിലി എന്നിവരാണ് പിടിയിലായത്.

എക്‌സൈസ് സംഘത്തെ കണ്ട് രണ്ട് പേര്‍ ഒാടിരക്ഷപ്പെട്ടു. കോഴിക്കോട് താമരശേരി സ്വദേശി മുഹമ്മദ് ഫവാസ് ,അടിവാരം സ്വദേശി പ്യാരി എന്നിവരെയും പ്രതി ചേര്‍ത്ത് കേസെടുത്തു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...