ഗുരുതര നിയമലംഘനം; പണം വാങ്ങി ഒതുക്കുന്നു; നിശാ പാർട്ടിക്കെതിരെ കോണ്‍ഗ്രസ്

nightparty-congress-idk
SHARE

ഇടുക്കി രാജാപ്പാറയിൽ നടന്ന വിവാദ നിശാപാർട്ടിയെ തുടർന്ന് ഗൗരവ രാഷ്ട്രീയ ആരോപണവുമായ് കോൺഗ്രസ്.  കോടികൾ കോഴ വാങ്ങി സ്വകാര്യ കമ്പനിക്ക് അനധികൃതമായി ക്രഷർ നടത്താൻ അനുമതി നൽകിയെന്നാണ് ആരോപണം. എക്സൈസ് അന്വേഷണം പ്രഹസനമാണന്നും പണം വാങ്ങി കേസൊതുക്കാൻ ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്. 

കഴിഞ്ഞയാഴ്ച ക്രഷർ യൂണിറ്റിന്റെ ഉദ്ഘാടനത്തോടു അനുബന്ധിച്ചു സ്വകാര്യ റിസോർട്ടിൽ നടത്തിയ നിശാ പാർട്ടിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ഉടുമ്പൻചോലക്ക് സമീപം റവന്യൂ അധികൃതർ പ്രവർത്താനുമതി നിഷേധിച്ച പാറമട വാടകയ്ക്ക് എടുത്താണ്  ക്രഷർ നടത്താൻ പദ്ധതിയെന്നാണ് കോൺഗ്രസ്‌ ആരോപണം. ഉടുമ്പൻചോല പഞ്ചായത്തും, സർക്കാർ സംവിധാനങ്ങളും കോടികൾ കോഴ വാങ്ങിയെന്നാണ്  കോൺഗ്രസ് ആരോപിക്കുന്നത്.

ഇതിനിടെ ബെല്ലി ഡാൻസും മദ്യസൽക്കാരവും സംഘടിപ്പിച്ചതിന്  എക്‌സൈസും  അന്വേഷണം തുടങ്ങി.  പാർട്ടിയിൽ എക്‌സൈസിന്റെ പെർമിറ്റില്ലാതെയാണ്  ലക്ഷങ്ങളുടെ മുന്തിയ ഇനം വിദേശമദ്യം  വിളമ്പിയത്. പരിശോധനയിൽ നിയമലംഘനം നടന്നതായി കണ്ടെത്താനായിട്ടില്ലെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

സ്വകാര്യ ഇവന്റ് മാനേജുമെന്റ് സ്ഥാപനം സംഘടിപ്പിച്ച പാർട്ടിക്കായി എറണാകുളം ജില്ലയിൽ നിന്നും പ്രത്യേക വാഹനത്തിലാണ് പാർട്ടിക്കെത്തുന്നവർക്ക് വിളമ്പാൻ മദ്യം എത്തിച്ചത്. പങ്കെടുക്കാൻ എത്തുന്നവർക്കായി ഒരുക്കിയിരുന്ന ഓരോ ടേബിളുകളിലും മദ്യത്തിന്റെ അഞ്ച് ലിറ്റർ കുപ്പി ഒരുക്കിയിരുന്നതായും, ഇവകൂടാതെ ആയിരങ്ങൾ വിലയുള്ള വിദേശ മദ്യത്തിന്റെ നൂറിലധികം കുപ്പികളും എത്തിച്ചിരുന്നതായാണ് വിവരം. 

കോവിഡ് നിർദേശങ്ങൾ ലംഘിച്ച് പാർട്ടി നടത്തിയത് വിവാദമായതോടെ അനധികൃതമായി നടത്തിയ മദ്യസൽക്കാരത്തിനെതിരെയും നടപടിവേണമെന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ  മദ്യം വിളമ്പിയതിന് തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ കേസെടുക്കാനാവില്ലെന്നായിരുന്നു ആദ്യം ഉടുമ്പൻചോല എക്‌സൈസിന്റെ നിലപാട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...