വീട്ടമ്മയുടെ അക്കൗണ്ടിൽ 12 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 4 ലക്ഷം; ജാഗ്രത

2000-rupee-1
SHARE

ഇടുക്കി ജില്ലയിൽ വീണ്ടും ബാങ്കിങ് തട്ടിപ്പ്. വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്നു 12 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 3,97,406 രൂപ. അക്കൗണ്ട് ഹാക്ക് ചെയ്ത് വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് പ്രാഥമിക നിഗമനം. മേയ് 4 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ 127 മുതൽ 5000 രൂപ വരെയുള്ള തുകകളാണ് അക്കൗണ്ടിൽ നിന്നു നഷ്ടപ്പെട്ടത്. 12 ദിവസങ്ങൾ കൊണ്ടു നൂറിലധികം ഇടപാടുകളിലൂടെയാണ് പണം തട്ടിയെടുത്തത്.  സമാനമായ രീതിയിൽ ജില്ലയിൽ മുൻപും ആറോളം ആളുകൾക്ക് പണം നഷ്ടമായിട്ടുണ്ട്.

എന്നാൽ ഇത്രയധികം പണം നഷ്ടമാകുന്നത് ഇതാദ്യം. സംഭവത്തിൽ പരാതി നൽകിയതിനെത്തുടർന്ന് സൈബർ സെൽ അന്വേഷണം ആരംഭിച്ചു. ഉത്തർപ്രദേശ് കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘമാണ് ഇതിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മേയ് 4 നു 12 ഇടപാടുകളിലായി അരലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. തുടർന്നുള്ള 2 ദിവസങ്ങളിൽ 21 ഇടപാടുകളും നടന്നു. പണം അക്കൗണ്ടിൽ നിന്നു മറ്റ് അക്കൗണ്ടുകളിലേക്കാണ് പോയിരിക്കുന്നത്. ബാങ്കിൽ നിന്നു മെസേജുകളൊന്നും ലഭിച്ചതുമില്ല. 

വീട്ടമ്മയുടെ ഭർത്താവ് ഒരു ചെക്ക് മറ്റൊരാൾക്കു നൽകിയിരുന്നു. ചെക്ക് മടങ്ങിയതോടെ ബാങ്കിൽ നടത്തിയ അന്വേഷണത്തിലാണ് പണം നഷ്ടപ്പെട്ട വിവരം അറിയാൻ കഴിഞ്ഞത്. തുടർന്ന് വീട്ടമ്മയും ഭർത്താവും പൊലീസിൽ പരാതി നൽകി. ബാങ്ക് അക്കൗണ്ടുകൾ, ഇൻഷുറൻസ് ഏജൻസികൾ, ക്രെഡിറ്റ് കാർഡ് അക്കൗണ്ട് എന്നിവയിലേക്ക് മാറ്റിയെന്നാണ് അക്കൗണ്ട് സ്റ്റേറ്റ്മെന്റിൽ കാണിച്ചിരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളിലേക്കൊന്നും പണം എത്തിയിട്ടുമില്ല.

MORE IN Kuttapathram
SHOW MORE
Loading...
Loading...