തിക്കോടിക്കാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി

noushad-3
SHARE

കഴിഞ്ഞ ഒരുമാസത്തിനിടെ കോഴിക്കോട് തിക്കോടിക്കാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് പറക്കും നൗഷാദ് അറസ്റ്റില്‍. കവര്‍ച്ചയ്ക്കായി വീട്ടിലേക്ക് കയറുന്നതിനിെട നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പൊലിസിലേല്‍പ്പിക്കുകയായിരുന്നു. പയ്യോളി പൊലീസ് സ്റ്റേഷന്‍ പരിധിയിലും പാലക്കാട്, മലപ്പുറം, കോയമ്പത്തൂര്‍ തുടങ്ങിയ ഇടങ്ങളിലും നൗഷാദ് കവര്‍ച്ച നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.  

നൗഷാദ് ഒരിടത്ത് പരമാവധി ഒരുമാസമുണ്ടാകും. ചെറിയ നിരക്കിലുള്ള ലോഡ്ജില്‍ താമസിച്ച് കവര്‍ച്ച ആസൂത്രണം ചെയ്യും. ഉച്ചവരെ മുറിയില്‍ നന്നായി ഉറങ്ങും. പിന്നീടിറങ്ങി കവര്‍ച്ചയ്ക്ക് സൗകര്യമുള്ള വീട് കണ്ട് വയ്ക്കും. രാത്രിയില്‍ കറുത്ത ട്രാക്ക് സ്യൂട്ടും ടീ ഷര്‍ട്ടും ധരിച്ച് പണി തുടങ്ങും. മറ്റാരെയും കൂട്ടാതെ ഒറ്റയ്ക്കുള്ള ജോലിയാണ് ഹരം. തിക്കോടിയിലും പരിസരത്തും കവര്‍ച്ച കൂടിയതോെടയാണ് കള്ളനെ കുടുക്കാന്‍ നാട്ടുകാരിറങ്ങിയത്. അലര്‍ട്ട് എന്ന പേരില്‍ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി. 

രാത്രിയില്‍ പ്രവാസിയായ തിക്കോടി സ്വദേശി ലത്തീഫിന്റെ വീട്ടില്‍ കയറുന്നതിനുള്ള തയാറെടുപ്പിലായിരുന്നു നൗഷാദ്. രാത്രിയില്‍ വീടിന്റെ വാതിലില്‍ ആരോ തട്ടിയെന്ന സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ കൂടുതല്‍ ശ്രദ്ധിച്ചു. മുകള്‍നിലയിലുണ്ടായിരുന്ന കുട്ടികള്‍ ജനാലക്കരികില്‍ ഗ്ലൗസ് ധരിച്ചയാളെ കണ്ടതോടെ നിലവിളിച്ചു. ഇതോടെ കള്ളന്‍ സണ്‍ഷേഡ് വഴി താഴേക്ക് എടുത്ത് ചാടി. കള്ളനെ പിടിക്കാനായി കാത്തിരുന്ന ഷാഹുലിന്റെ മുന്നിലേക്കാണ് ഇയാള്‍ വീണത്. നാട്ടുകാര്‍ ബഹളം കൂട്ടിയതോടെ നൗഷാദ് രക്ഷപ്പെട്ടു. 

വാട്സ്ആപ്പ് വഴി നാട്ടുകാര്‍ അലര്‍ട്ടായതോടെ കള്ളന്‍ വലയിലായി. മുഖംമൂടിയും കവര്‍ച്ചയ്ക്കുള്ള സാധനങ്ങളും നൗഷാദില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. തിക്കോടിയില്‍ കഴിഞ്ഞദിവസങ്ങളില്‍ നടന്ന കവര്‍ച്ചയ്ക്ക് പിന്നില്‍ താനാണെന്ന് നൗഷാദ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകള്‍ക്ക് പുറമെ കോയമ്പത്തൂര്‍, മേട്ടുപ്പാളയം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും ഇയാള്‍ കവര്‍ച്ച നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. പാലക്കാട് സ്വദേശിയായ നൗഷാദ് ഓരോ കവര്‍ച്ചയുടെ ഇടവേളയിലും നാട്ടിലെത്തി മടങ്ങിയിരുന്നു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...