കൊല യുട്യൂബിൽ കണ്ടുപഠിച്ചു; യുട്യൂബ് തന്നെ കെണിയായി; പാമ്പു പിടുത്തക്കാരനും കൈവിട്ടു

suraj-suresh-snake-2
SHARE

പാമ്പ് പരിശീലനത്തിന്റെ ദൃശ്യങ്ങൾ യൂ ട്യൂബിൽ കണ്ടാണ് ഭാര്യയെ കൊല്ലാനുള്ള പദ്ധതി സൂരജ് തയാറാക്കിയത്. ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തോടെ സൂരജ് സംശയനിഴലിൽ ആവുകയും ചെയ്തു. ഒടുവിൽ പാമ്പു പിടുത്തക്കാരൻ എല്ലാം തുറന്ന് പറഞ്ഞതോടെ സൂരജിന്റെ കള്ളങ്ങളെല്ലാം പൊളിഞ്ഞ് അറസ്റ്റിന് വഴിയൊരുങ്ങി.

കൊലപാതകം ആസൂത്രണം ചെയ്യുന്നതിന് മുൻപ് തന്നെ പാമ്പിനെ ഇഷ്ടപ്പെടുന്നയാളായിരുന്നു സൂരജ്. കൊലയ്ക്ക് ആസൂത്രണം തുടങ്ങിയതോടെ ആദ്യം ആശ്രയിച്ചത്  യൂ ട്യൂബിനെ. പാമ്പിനെ പരിശീലിപ്പിക്കുന്നതും പാമ്പിനെ കൊണ്ട് കൊത്തിക്കുന്നതിന്റെയുമെല്ലാം ദൃശ്യങ്ങൾ പലതവണ കണ്ടു. അങ്ങിനെയാണ് ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാം എന്ന വിചിത്ര പദ്ധതി നിശ്ചയിക്കുന്നത്.

പക്ഷെ ഈ യു ട്യൂബ് ദൃശ്യങ്ങൾ തന്നെയാണ് കെണിയായത്. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സൂരജിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതോടെ പാമ്പ് പരിശീലന ദൃശ്യങ്ങൾ കണ്ടതായി വ്യക്തമായി. ഇത് എന്തിനാണെന്ന ചോദ്യത്തിന് ഉത്തരമില്ലാതായതോടെ സൂരജിനെതിരായ ആദ്യ തെളിവായി. രണ്ട് മാസത്തിനിടെ പാമ്പ് പിടുത്തക്കാരൻ സുരേഷിനെ മുപ്പതിലേറെ തവണ ഫോൺ വിളിച്ചെന്ന സൈബർ സെൽ കണ്ടെത്തലും മറ്റൊരു തെളിവായി. എന്നാൽ ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽ സൂരജ് കുറ്റം പുർണമായും നിഷേധിക്കുകയായിരുന്നു. 

എന്നാൽ പാമ്പ് പിടുത്തക്കാരൻ സുരേഷ് ആദ്യ ചോദ്യം ചെയ്യലിൽ തന്നെ കുറ്റം സമ്മതിച്ചു. രണ്ട് തവണ സൂരജിന് പാമ്പിനെ നൽകിയെന്ന് പറഞ്ഞതോടെ കള്ളമൊഴികളെല്ലാം പൊളിഞ്ഞു. ഒടുവിൽ കൊല്ലം റൂറൽ ജില്ലാ ക്രൈ ബ്രാഞ്ച് ഡിവൈ. എസ്. പി അശോകന്റെ നേതൃത്വത്തിൽ തെളിവ് നിരത്തി ചോദിച്ചതോടെ ഭാര്യയെ കൊന്ന കഥ സൂരജ് ഏറ്റു പറഞ്ഞു. ഒടുവിൽ വനം വകുപ്പ് നിയമ പ്രകാരവും കേസ് എടുത്ത് കുരുക്കു മുറുക്കി. തെളിവുകൾ ഇനി കോടതിയിൽ തെളിയിക്കുകയാണ് വെല്ലുവിളി.

MORE IN Kuttapathram
SHOW MORE
Loading...
Loading...