ബ്യൂട്ടീഷ്യൻ സുചിത്ര വധം: പ്രതിയെ പാലക്കാട്ടെത്തിച്ച് തെളിവെടുത്തു

കൊല്ലം മുഖത്തല സ്വദേശിയും ബ്യൂട്ടീഷ്യൻ ട്രെയിനറുമായ സുചിത്ര പിള്ളയെ കൊലപ്പെടുത്തിയ കോഴിക്കോട്ടുകാരന്‍ പ്രശാന്തിനെ പാലക്കാട്ടെത്തിച്ച് തെളിവെടുത്തു. പ്രശാന്ത് താമസിച്ചിരുന്ന വാടകവീടിന് സമീപത്തു നിന്ന് സുചിത്രയുടെ മൃതദേഹം മറവു ചെയ്യാന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തി. എന്നാല്‍ സുചിത്രയുടെ കാലുകള്‍ മുറിച്ചുമാറ്റാന്‍ ഉപയോഗിച്ച കത്തി കണ്ടെത്താനായില്ല

റിമാന്‍ഡിലായിരുന്ന പ്രതി പ്രശാന്തിനെ കസ്റ്റഡിയില്‍ വാങ്ങിയ കൊല്ലം പൊലീസ് കൊലപാതകത്തിന്റെ തെളിവെടുപ്പിനായാണ് പാലക്കാട്ടെത്തിച്ചത്. കൊലപാതകം നടന്ന മണലിയിലെ പ്രശാന്തിന്റെ വാടക വീടും പരിസരവും കേന്ദ്രീകരിച്ചായിരുന്നു തെളിവെടുപ്പ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തുകയായിരുന്നു പ്രധാനം. ഇൗ വാടകവീട്ടില്‍ വച്ചാണ് മാർച്ച് 20ന് കേബിൾ കഴുത്തിൽ മുറുക്കി സുചിത്രയെ പ്രശാന്ത് കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹത്തിൽ നിന്നു കാലുകൾ മുറിച്ചുമാറ്റിയശേഷം വീടിനടുത്തുളള ചതുപ്പില്‍ മൃതദേഹം കുഴിച്ചുമൂടി. 

കുഴിയെടുക്കാൻ ഉപയോഗിച്ച തൂമ്പ വീടിന്റെ 30 മീറ്റർ മാറി ഒഴിഞ്ഞ സ്ഥലത്തെ കുറ്റിക്കാട്ടിൽ നിന്നു ലഭിച്ചു. എന്നാല്‍ കാൽ മുറിച്ചുമാറ്റാൻ ഉപയോഗിച്ച കത്തി കണ്ടെത്താനായില്ല. കൊലപാതകത്തിന് ശേഷം വീടിന്റെ ടെറസിനു മുകളിൽ കയറി മൃതദേഹം കുഴിച്ചിട്ട ചതുപ്പിലേക്ക് കത്തി വലിച്ചെറിഞ്ഞതായാണു പ്രതിയുടെ മൊഴി. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെടുക്കാനായില്ല. സുചിത്രയുടെ ശരീരത്തിലുണ്ടായിരുന്ന വള, മാല ഉള്‍പ്പെടെയുളള ആഭരണങ്ങൾ വീടിന്റെ മതിലിന്റെ വിടവിലാണ് ഒളിപ്പിച്ചിരുന്നത്. ഇതും കണ്ടെത്തി. മൃതദേഹം പെട്രോൾ ഉപയോഗിച്ചു കത്തിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. ‌

കൊല്ലം പള്ളിമുക്കിലെ സ്ഥാപനത്തില്‍ ബ്യൂട്ടീഷന്‍ ട്രെയിനറായി ജോലി ചെയ്്തിരുന്ന സുചിത്ര മാർച്ച് പതിനേഴിന് വൈകിട്ടാണ് ട്രെയിനിങ് അക്കാദമിയില്‍ നിന്നിറങ്ങിയത്. ആലപ്പുഴയില്‍ താമസിക്കുന്ന ഭര്‍തൃമാതാപിതാക്കളെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞായിരുന്നു കൊല്ലത്തെ സ്ഥാപനത്തില്‍ നിന്ന് യാത്ര തിരിച്ചത്. എന്നാല്‍ എറണാകുളത്ത് ക്ളാസെടുക്കാന്‍ പോവുകയാണെന്നാണ് സുചിത്ര വീട്ടുകാരോട് പറഞ്ഞിരുന്നത്. മൊബൈല്‍ ഫോണില്‍പോലും കിട്ടാതിരുന്നതോടെയാണ് പരസ്പരവിരുദ്ധമായ ആവശ്യം പറഞ്ഞുളള യാത്ര എല്ലാവരും അറിയുന്നത്. 

തുടര്‍ന്ന് സുചിത്രയെ കാണാനില്ലെന്ന പരാതി വീട്ടുകാര്‍ കൊട്ടിയം പൊലീസിന് നല്‍കി. പിന്നീടാണ് പ്രതിയായ പ്രശാന്തിലേക്ക് അന്വേഷണമെത്തിയത്. പ്രശാന്തിന്റെ ഭാര്യാ സുഹൃത്താണ് കൊല്ലപ്പെട്ട സുചിത്ര. സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും കൂടുതല്‍ അടുത്തു. സാമ്പത്തിക ഇടപാടുകളും നടന്നിരുന്നു. കേസില്‍ കൊല്ലം ക്രൈം ഡിറ്റാച്ച്മെന്റ് അസിസ്റ്റന്റ് കമ്മിഷണർ ബി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്.