യൂടൂബ് വഴി വാറ്റാൻ പഠിച്ചു; വാറ്റിത്തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിവീണു

learn-to-vat-from-youtube-a
SHARE

കോഴിക്കോട് തൊണ്ടയാടിന് സമീപം വീട്ടിലെ വ്യാജ വാറ്റിനിടെ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കുറ്റിച്ചിറ സ്വദേശി അനൂപ്, ചേളാരി സ്വദേശി ഷഹനു എന്നിവരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടി. വടകരയിലും താമരശ്ശേരിയിലുമായി എക്സൈസ് സംഘം ആയിരം ലീറ്റര്‍ വാഷും പിടികൂടി. 

വാടക വീട്ടിലായിരുന്നു അനൂപിന്റെയും ഷഹനുവിന്റെയും വ്യാജ വാറ്റ്. യൂടൂബ് വഴി സ്വന്തമാക്കിയ അറിവാണ് വ്യാജ വാറ്റിനായി പ്രയോജനപ്പെടുത്തിയത്. വാറ്റിത്തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിവീണു. മെഡ‍ിക്കല്‍ കോളജ് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടര മണിക്കൂര്‍ നിരീക്ഷിച്ച് യുവാക്കളെ കുടുക്കുകയായിരുന്നു. ഇരുന്നൂറ് ലീറ്റര്‍ വാഷും, ചാരായവും, വാറ്റാനുപയോഗിച്ച പാത്രങ്ങളും ഗ്യാസ് സിലിണ്ടറും അടുപ്പുമുള്‍പ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

മണിയൂരിലെ കശുമാവിന്‍ തോട്ടത്തില്‍ സൂക്ഷിച്ചിരുന്ന 350 ലീറ്റര്‍ വാഷാണ് വടകരയില്‍ എക്സൈസ് പിടികൂടിയത്. കൊടുവള്ളിയില്‍ നിന്ന് മുന്നൂറ് ലീറ്ററും പുതുപ്പാടിയില്‍ നിന്ന് ഇരുന്നൂറ്റി അന്‍പത് ലീറ്റര്‍ വാഷും പിടികൂടി. മണിയൂര്‍ ആരോഗ്യ കേന്ദ്രത്തിന് സമീപം മണ്ടങ്കണ മലയില്‍ അന്‍പത് ലീറ്റര്‍ വാഷും രണ്ടര ലീറ്റര്‍ ചാരായവും സൂക്ഷിച്ചതിന് ഒരാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. പാലയാട് സ്വദേശിക്കെതിരെയാണ് കേസെടുത്തത്. എക്സൈസ് പരിശോധന മനസിലാക്കിയതോടെ ഇയാള്‍ ഓടിരക്ഷപ്പെട്ടു. 

ലോക്ഡൗണ്‍ തുടങ്ങിയതിന് ശേഷം മണിയൂര്‍ ഭാഗത്ത് നിന്ന് നിരവധി തവണയാണ് വാഷ് പിടികൂടിയത്. മൂന്നുപേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. സമീപ പഞ്ചായത്തുകളായ തിരുവള്ളൂര്‍, ആയഞ്ചേരി എന്നിവിടങ്ങളില്‍ നിന്നും എക്സൈസ് സംഘം വന്‍തോതില്‍ വാഷ് പിടികൂടിയിരുന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...