വനാതിര്‍ത്തിയിൽ വ്യാജവാറ്റ് സംഘം; 1,100 ലീറ്റര്‍ വാഷ് പിടികൂടി

thamarassery-excise-cases
SHARE

കോഴിക്കോട് താമരശ്ശേരി തലക്കുളത്തൂര്‍ മേഖലയില്‍ എക്സൈസിന്റെ പരിശോധനയില്‍ ആയിരത്തി ഒരുന്നൂറ് ലീറ്റര്‍ വാഷ് പിടികൂടി. വനാതിര്‍ത്തിയിലും വ്യാജവാറ്റ് സംഘം തമ്പടിക്കുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. പരിശോധനയുണ്ടായാല്‍ രക്ഷപ്പെടാനുള്ള കൃത്യമായ പഴുത് കണ്ടുവച്ചാണ് വാറ്റ് സംഘത്തിന്റെ പ്രവര്‍ത്തനം.

താമരശ്ശേരി ചമല്‍ഭാഗത്ത് 200 ലീറ്റര്‍ വാഷാണ് പിടികൂടിയത്. ബാരലുകളിലാക്കി കുറ്റിക്കാടുകള്‍ക്കിടയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. മൊകവൂര്‍ ചാത്തന്‍കാവിലെ ചതുപ്പില്‍ നിന്ന് നൂറ്റി ഇരുപത് ലീറ്ററിലധികം വാഷും കണ്ടെടുത്തു. കന്നാസുകളിലാക്കി ചെളിയില്‍ താഴ്ത്തിയ നിലയിലായിരുന്നു. ഒരാഴ്ചയിലധികം പഴക്കമില്ലെന്നാണ് വിലയിരുത്തല്‍. തലക്കുളത്തൂരില്‍ വ്യാജവാറ്റിനായി കരുതിയിരുന്ന 160 ലീറ്റര്‍ കോടയാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ ജിജോ ജെയിംസിന്റെ നേതൃത്വത്തില്‍ നശിപ്പിച്ചത്. മാവൂരില്‍ നൂറ്റി നാല്‍പതും കുറ്റ്യാടിയില്‍ ഇരുന്നൂറ്റി അന്‍പതും ലീറ്റര്‍ വാഷ് നശിപ്പിച്ചു. 

രാത്രികാലങ്ങളിലും പുലര്‍ച്ചെയുമാണ് വ്യാജ വാറ്റ് സംഘം സജീവമാകുന്നത്. ഉദ്യോഗസ്ഥരുടെ സാന്നിധ്യം മനസിലാക്കുന്നതോടെ വ്യാജനെ വലിച്ചെറിഞ്ഞ് ഇവര്‍ രക്ഷപ്പെടും. പുഴയോരത്തും കുന്നില്‍ താഴ്്വരയിലും വനാതിര്‍ത്തിയിലുമാണ് വ്യാജ വാറ്റ് സംഘമുള്ളത്. വേഗത്തില്‍ കടന്നുകളയാനുള്ള സാധ്യത കൂടി ഇവര്‍ കണ്ടുവയ്ക്കും. വാഷ് തയാറാക്കിയത് ആരെന്ന കാര്യത്തില്‍ ഇപ്പോഴും സൂചനകള്‍ മാത്രമാണുള്ളത്. നാട്ടുകാരെക്കൂടി വിശ്വാസത്തിലെടുത്തുള്ള എക്സൈസിന്റെ പരിശോധന കൂടുതല്‍ കേസ് തെളിയിക്കാന്‍ സഹായമാകുന്നുവെന്നാണ് വിലയിരുത്തല്‍. 

MORE IN Kuttapathram
SHOW MORE
Loading...
Loading...