കോട കലക്കിയത് ബ്രേക്ക് ദ് ചെയിന്റെ ഭാഗമായി കൈ കഴുകാൻ വച്ച കാനിൽ; അറസ്റ്റ്

covid-excise-raid
SHARE

ആലപ്പുഴ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ചാരായ നിർമാണവും വ്യാജമദ്യ നിർമാണവും നടത്തിയ കേസുകളിൽ പ്രാദേശിക കോൺഗ്രസ് നേതാവ് ഉൾപ്പെടെ 13 പേർ അറസ്റ്റിൽ. ഇവരിൽ നിന്ന് ആകെ തൊള്ളായിരത്തോളം ലീറ്റർ കോടയും 6.5 ലീറ്റർ ചാരായവും പിടിച്ചെടുത്തു. എക്സൈസും പൊലീസും പ്രത്യേകമായി നടത്തിയ റെയ്ഡുകളിലാണ് ഇവ പിടികൂടിയത്.

∙ പത്തിയൂർ പുഞ്ചയിൽ വെള്ളത്തിലും വശങ്ങളിൽ കുഴിച്ചിട്ട നിലയിലുമായി 35 ലീറ്റർ കൊള്ളുന്ന 6 കന്നാസുകളിലും 20 ലീറ്റർ കൊള്ളുന്ന  7 കന്നാസുകളിലുമായി 350 ലീറ്റർ കോട എക്സൈസ് സംഘം ഇന്നലെ വൈകുന്നേരം പിടികൂടി. പത്തിയൂർ കിഴക്കാലുംമൂട്ടിൽ ബിനു (42) വാറ്റാനായി സൂക്ഷിച്ചിരുന്ന കോടയാണ് ഇതെന്ന് എക്സൈസ് സംഘം പറഞ്ഞു. ഇയാൾക്കെതിരെ അബ്കാരി നിയമ പ്രകാരം കേസ് എടുത്തു. റെയ്ഡിൽ കായംകുളം എക്സൈസ് ഇൻസ്പെക്ടർ എസ്.അനീർഷാ, സുധീർ, സുനിൽകുമാർ, ഷിഹാബുദ്ദീൻ, പ്രവീൺ, രതീഷ്, ദീപു, ഹരീഷ്, റഫീഖ് എന്നിവർ പങ്കെടുത്തു.

∙  പത്തിയൂർ ഇഞ്ചി തറയിൽ രാജനെ (59) 110 ലീറ്റർ കോടയും  വാറ്റു ഉപകരണങ്ങളുമായി വീട്ടിൽ നിന്ന് ആലപ്പുഴ സ്പെഷൽ സ്ക്വാഡ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. സർക്കിൾ ഇൻസ്‌പെക്ടർ ആർ.ബിജുകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫിസർ അജീബ്, സിവിൽ എക്സൈസ് ഓഫിസർമാരായ സനൽ, പ്രദീഷ്, ജിനു, ബിജു എന്നിവരാണ് റെയ്ഡ് നടത്തി പ്രതിയെ പിടികൂടിയത്.  

∙ കൃഷ്ണപുരത്ത് വാടക വീട്ടിൽ വാറ്റ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന 5 പേരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 60 ലീറ്റർ കോടയും ഉപകരണങ്ങളും പിടികൂടി. ഗോവിന്ദമുട്ടം ചാപ്രയിൽ വടക്കതിൽ ബാബുരാജ് (33), പുള്ളിക്കണക്ക് വെളുത്തേരി വടക്കതിൽ അനീഷ് (23), ചേരാവള്ളി വെളുത്തേരി പ്ലാമൂട്ടിൽ തറയിൽ മിഥുൻ (22),

പുള്ളിക്കണക്ക് കൊച്ചയ്യത്ത് പടീറ്റതിൽ അനൂപ് (26), ഞക്കനാൽ ആശാൻ പുരയിടത്തിൽ അഭിലാഷ് (38) എന്നിവരെയ മേനാത്തേരി ജംക്‌ഷനു സമീപത്തുള്ള വാടക വീട്ടിൽ നിന്നാണു എസ്ഐ ഷൈജു ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

∙ വീടു കേന്ദ്രീകരിച്ചുള്ള ചാരായ നിർമാണത്തിനിടയിൽ കറ്റാനം ഇരട്ടിപ്പണത്തറയിൽ സ്മിതേഷിനെ (27) മാവേലിക്കര എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വീട്ടിൽ നിന്ന് 35 ലീറ്റർ കോടയും 1.5 ലീറ്റർ ചാരായവും കണ്ടെടുത്തു.  കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിൽ ചാരായം വാറ്റുന്നതായി എക്സൈസിനു വിവരം ലഭിച്ചതിനെത്തുടർന്ന് പ്രിവന്റീവ് ഓഫിസർ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണു പിടികൂടിയത്.

∙ പല്ലാരിമംഗലം മുക്കുടുക്ക പാലത്തിനു സമീപത്തു നിന്നു 30 ലീറ്റർ കോടയുമായി വാത്തികുളം ചേങ്കരവീട്ടിൽ കണ്ണനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പ്രിവന്റീവ് ഓഫിസർമാരായ പ്രമോദ്, ഹാരിസ്, സിവിൽ എക്സൈസ് ഓഫിസർമാരായ അനി, അജേഷ്, വീണ എന്നിവർ റെയ്ഡിനു നേതൃത്വം നൽകി.

∙ വിൽപനയ്ക്കു ബൈക്കിൽ കൊണ്ടുവരുകയായിരുന്ന 3 ലീറ്റർ ചാരായവുമായി മഹാദേവികാട് പുല്ലുകാട്ടിൽ ബെൻസിലാൽ (40), കൂടംതറതെക്കതിൽ സുനീഷ് (36) എന്നിവരെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്കിൽ ഒപ്പം ഉണ്ടായിരുന്ന മഹാദേവികാട് കൈതച്ചിറയിൽ രാജേഷ് (36) ഓടിക്കളഞ്ഞു. എസ്ഐ കെ.ബി.ആനന്ദബാബുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

പൊലീസ് സംഘം പണ്ടാരച്ചിറ ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഇവർ പിടിയിലായത്. ബെൻസിലാൽ ആണ് ബൈക്ക് ഓടിച്ചിരുന്നത്. കന്നാസിലും കുപ്പിയിലുമായാണ് ചാരായം കൊണ്ടുവന്നത്. ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രബേഷനറി എസ്ഐ അഭിലാഷ്, എഎസ്ഐമാരായ രഘുനാഥ്, ജയചന്ദ്രൻ, സിപിഒ രഞ്ജിത്ത്, അൻഷാദ്, ഹോം ഗാർഡ് രാജു, ഡ്രൈവർ ബാബു എന്നിവർ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. 

∙ ആറാട്ടുപുഴ നല്ലാണിക്കൽ കരിത്തറയിൽ ഗോപാലന്റെ വീട്ടിൽ ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന 80 ലീറ്റർ കോട തൃക്കുന്നപ്പുഴ പൊലീസ് പിടികൂടി. ഗോപാലൻ ഓടിക്കളഞ്ഞു. കന്നാസിലും അടപ്പുള്ള ബക്കറ്റിലുമായിരുന്നു കോട സൂക്ഷിച്ചിരുന്നത്. എസ്ഐ കെ.ബി.ആനന്ദബാബുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. 

∙ വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റിയ പെരുമ്പളം പഞ്ചായത്ത് 7–ം വാർഡ് മാക്കാശേരി പ്രഹ്ലാദനെതിരെ (52) എക്സൈസ് കേസെടുത്തു. 210 ലീറ്റർ കോട വീട്ടിൽ നിന്നു പിടിച്ചെടുത്തു. പ്രഹ്ലാദനെ പിടികൂടാനായില്ല. എക്സൈസ് ചേർത്തല സിഐ വേണുക്കുട്ടൻ പിള്ളയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 

കോട കലക്കിയത് കൈ കഴുകാൻ വച്ച കാനിൽ

കായംകുളം കൃഷ്ണപുരത്ത് വാറ്റ് സംഘം കോട കലക്കാൻ ഉപയോഗിച്ചത് ബ്രേക്ക് ദ് ചെയിന്റെ ഭാഗമായി പൊതു സ്ഥലത്ത് കൈകഴുകാൻ ഉപയോഗിച്ച വലിയ കാൻ ആണ്. മേനാത്തേരി ഭാഗത്ത് കൈകഴുകാനായി ഒരു സന്നദ്ധ സംഘടന സ്ഥാപിച്ച കൈകഴുകൽ കേന്ദ്രത്തിലെ കാൻ മോഷണം പോയതായി പൊലീസിന് പരാതി ലഭിച്ചിരുന്നു.  അന്വേഷണത്തിന് ഒടുവിലാണ് വാറ്റ് സംഘത്തെ പിടികൂടിയത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...