കൊയിലാണ്ടിയില്‍ 800 ലീറ്റർ വാഷ് പിടികൂടി; വ്യാജ വാറ്റ് സജീവം

koyiland-liquor-2
SHARE

കോഴിക്കോട് കൊയിലാണ്ടിയില്‍ പുഴയോരം കേന്ദ്രീകരിച്ചുള്ള വ്യാജ വാറ്റ് കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന. എണ്ണൂറ് ലീറ്ററിലധികം വാഷ് പിടികൂടി നശിപ്പിച്ചു. മുന്‍കാലങ്ങളില്‍ വ്യാജ വാറ്റുണ്ടായിരുന്ന കേന്ദ്രങ്ങള്‍ വീണ്ടും സജീവമായെന്നാണ് പൊലീസ് വിലയിരുത്തല്‍. 

നായാടന്‍ പുഴയുടെ നമ്പ്രത്ത്കരയോട് ചേര്‍ന്നുള്ള ഭാഗത്താണ് വ്യാപകമായി വാഷ് സൂക്ഷിച്ചിരുന്നത്. പുഴയിലെ ജലം ഉപയോഗിച്ച് വന്‍തോതിലാണ് വ്യാജ വാറ്റ് സംഘം വാഷ് തയാറാക്കിയത്. 200 ലീറ്റര്‍ വാഷ് നശിപ്പിച്ചു. കീഴരിയൂര്‍ മേഖലയിലും വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി. ഒരുകാലത്ത് വാറ്റുകാരുടെ ഇഷ്ട ഇടമായിരുന്ന കീഴരിയൂര്‍ മേഖല വീണ്ടും ലഹരി വില്‍പനക്കാരുടെ ഇഷ്ട ഇടമായെന്നാണ് വിലയിരുത്തല്‍. 

നടുവത്തൂര്‍ മഠത്തില്‍ താഴയുള്ള ആള്‍ത്താമസമില്ലാത്ത വീട്ടില്‍ സൂക്ഷിച്ച 250 ലീറ്റര്‍ വാഷ് പിടികൂടി നശിപ്പിച്ചു. ഒറവിങ്കല്‍ കുന്നിന് സമീപത്തെ ജലസംഭരണിയോട് ചേര്‍ന്നുണ്ടായിരുന്ന 200 ലീറ്റര്‍ വാഷ് കൊയിലാണ്ടി പൊലീസ് നശിപ്പിച്ചു. കശുമാങ്ങ ചേര്‍ത്തുള്ള വാഷാണ് പലരും വ്യാജ ചാരായ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. പ്രഷര്‍ കുക്കറിന്റെ സഹായത്തായാല്‍ മിക്ക വീടുകളിലും ചെറിയ തോതില്‍ വ്യാജ വാറ്റ് നടക്കുന്നതായും പരാതിയുണ്ട്.

കശുമാങ്ങയുടെ മദ്യത്തിന് ലീറ്ററിന് 700 മുതല്‍ 1000 വരെ ഈടാക്കിയാണ് വില്‍പന. ചൂണ്ടയിടല്‍ മറയാക്കിയാണ് ആച്ചേരി തോട്, നടേരി പുഴ, നെല്ലാടി പുഴ എന്നിവിടങ്ങളിലെ ചാരായ വില്‍പന. കൊയിലാണ്ടി എസ്.ഐ കെ.കെ.രാജേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 

MORE IN Kuttapathram
SHOW MORE
Loading...
Loading...