താനൂരിൽ ട്രോമാകെയർ പ്രവർത്തകന് വെട്ടേറ്റു

trauma-care
SHARE

മലപ്പുറം താനൂരിൽ ട്രോമാകെയർ പ്രവർത്തകന് വെട്ടേറ്റു. താനൂർ പൊലീസിന്റെ മേൽനോട്ടത്തിൽ സന്നദ്ധപ്രവർത്തനം നടത്തുന്ന പണ്ടാരകടപ്പുറം സ്വദേശി പോറുകടവത്ത് ജാബിറിനാണ് വെട്ടേറ്റത്. രണ്ട് ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് ഇയാളെ ആക്രമിച്ചത്. ഇവർക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.

ഇന്ന് പുലർച്ചെ മൂന്നരമണിയോടെയാണ് ആയുധങ്ങളുമായെത്തിയ നാലംഗ സംഘം ജാബിറിനെ മർദിക്കുകയും വെട്ടിപ്പരുക്കേൽപ്പിക്കുകയും ചെയ്തത്. കൈക്കും കാലിനും വെട്ടേറ്റ ജാബിറിന്റെ പരുക്ക് ഗുരുതരമല്ല. ട്രോമാകെയർ പ്രവർത്തകനായ ജാബിർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

പ്രദേശത്ത് വഴിയിരികിൽ കെട്ടിയ ഷെഡ്ഡിൽ ആളുകൾ ഏതാനും ദിവസമായി കൂടിയിരിക്കുന്നതിനെ ജാബിർ എതിർത്തിരുന്നു. പിന്നീട് പൊലീസെത്തി ഷെഡ് പൊളിച്ചുനീക്കി. ഇതിലുള്ള വൈരാഗ്യമാകാം ആക്രമണത്തിനു പിന്നിലെന്നു കരുതുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ നൽകിയശേഷം ജാബിറിനെ വീട്ടിലെത്തിച്ചു.

MORE IN Kuttapathram
SHOW MORE
Loading...
Loading...