മകളെ പീഡിപ്പിച്ചയാള്‍ക്ക് വിധിച്ച ജീവപര്യന്തം ശരിവച്ച് ഡല്‍ഹി ഹൈക്കോടതി

delhi-hc
SHARE

മകളെ പീഡിപ്പിച്ചയാള്‍ക്ക് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ശരിവച്ച് ഡല്‍ഹി ഹൈക്കോടതി. ശിക്ഷാ ഇളവ് തേടി പ്രതി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. സംരക്ഷണം നല്‍കേണ്ട പിതാവ് മകളെ പീഡനത്തിനിരയാക്കിയത് അത്യന്തം ഗൗരവകരമായ കുറ്റമാണെന്ന് കോടതി വിലയിരുത്തി.

2017ലാണ് പതിനെട്ടുകാരിയായ പെണ്‍കുട്ടി പിതാവിന്‍റെ പീഡനത്തിനിരയായത്. തുടര്‍ന്ന് വിചാരണക്കോടതി ഇയാള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്താണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഒരുതരത്തിലും നീതീകരിക്കാവുന്നതല്ല പ്രതിചെയ്ത കുറ്റമെന്നും സംരക്ഷകനാകേണ്ട പിതാവ് പീഡകനാവുന്നത് ഗുരുതരമായ തെറ്റാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ മന്‍മോഹന്‍ സംഗീത ദിംഗ്ര എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത് അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്‍റെ പവിത്രത തകരുന്നത് ഗൗരവതരമാണ്. മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ് ഇത്തരം കേസുകളെന്നും കോടതി ചൂണ്ടിക്കാട്ടി. 

ബലാല്‍സംഗക്കേസുകള്‍ രാജ്യത്ത് കുറവല്ലെങ്കിലും അച്ഛന്‍ മകളെ പീഡിപ്പിക്കുന്ന സംഭവങ്ങളെ കൂടുതല്‍ ഗൗരവത്തോടെത്തന്നെ കാണണം. ഒരു മകള്‍ പിതാവിനെ എല്ലാ അര്‍ത്ഥത്തിലും ഒരു സംരക്ഷകനായാണ് കാണുന്നത്. ഹര്‍ജി ഒരു തരത്തിലും പരിഗണിക്കാവുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി തള്ളിയത്. അതേസമയം, ശിക്ഷ പത്തുവര്‍ഷമായെങ്കിലും കുറയ്ക്കണമെന്ന് പ്രതിഭാഗം കോടതിയോട് അപേക്ഷിച്ചു. പ്രതിക്ക് 56 വയസായെന്നും ദരിദ്രമായ സാഹചര്യത്തിലുള്ള ആളാണെന്നും പറഞ്ഞ പ്രോസിക്യൂഷന്‍ രണ്ട് ആണ്‍മക്കള്‍ക്ക് ആകെയുള്ള ആശ്രയം പ്രതിയാണെന്നും വാദിച്ചു. എന്നാല്‍ ഈ വാദങ്ങളൊന്നും പരിഗണിക്കാനാവില്ലെന്നും വിചാരണക്കോടതി ഉത്തരവ് തിരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. 

ബലാല്‍സംഗം ഇന്ത്യന്‍ സമൂഹത്തിന്‍റെ ഇരുണ്ട മുഖമാണെന്നും ഒരു സ്ത്രീയുടെ ആത്മാഭിമാനത്തിനേല്‍പ്പിക്കുന്ന കനത്ത ആഘാതമാണെന്നും കോടതി നിരീക്ഷിച്ചു. മാത്രമല്ല ഒരു സ്ത്രീക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ കേവലം ഒരു വ്യക്തിയോടുള്ള  ആക്രമണമല്ല സമൂഹത്തിനുനേരെയുള്ള ആക്രമണമാണെന്നും കോടതി വിലയിരുത്തി. 

MORE IN Kuttapathram
SHOW MORE
Loading...
Loading...