അട്ടപ്പാടിയിൽ പിടിയിലായ മാവോയിസ്റ്റ് വനിതാ നേതാവിനെ റിമാൻഡ് ചെയ്തു

mao-sreemathi-2
SHARE

അട്ടപ്പാടി അതിര്‍ത്തിയില്‍ ഇന്നലെ പിടിയിലായ മാവോയിസ്റ്റ് വനിതാനേതാവ് ശ്രീമതിയെ കോയമ്പത്തൂര്‍ കോടതി ഇരുപത്തിയാറു വരെ റിമാന്‍ഡ് ചെയ്തു. പിടിയിലായ യുവതിയുടെ പേര് സംബന്ധിച്ച് സംശയമുണ്ടായെങ്കിലും ശ്രീമതി തന്നെയാണെന്നാണ് പൊലീസ് ഉറപ്പിക്കുന്നത്.

ഇന്നലെ പുലര്‍ച്ചെ അഞ്ചരയ്ക്ക് കേരള തമിഴ്നാട് അതിര്‍ത്തിയില്‍ ആനക്കട്ടി കോയമ്പത്തൂര്‍ റോഡില്‍ വെച്ചാണ് തമിഴ്നാട് ക്യൂബ്രാഞ്ച് പൊലീസാണ് ശ്രീമതിയെ പിടികൂടിയത്. ഇൗറോഡിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം കോയമ്പത്തൂര്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. വരുന്ന 26 വരെ റിമാന്‍ഡ് ചെയ്തു കോടതി ഉത്തരവായി. ശ്രീമതിയുടെ പേര് സംബന്ധിച്ച് ചില സംശയങ്ങളുണ്ട്. കര്‍ണാടക ചിക്കമംഗളുരു സ്വദേശി സവിത എന്ന ശ്രീമതിയാണെന്നാണ് പൊലീസ് പറയുന്നത്. തമിഴ് നന്നായി പറയുന്ന തന്റെ പേര് ശോഭയാണെന്ന് യുവതി പൊലീസിനോട് പറഞ്ഞിരുന്നു. 

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ മഞ്ചിക്കണ്ടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ശ്രീമതിയാണെന്ന് വിവരമുണ്ടായിരുന്നുവെങ്കിലും ബന്ധുക്കൾക്ക് ശ്രീമതിയെ തിരിച്ചറിയാൻ കഴിയാതെ മടങ്ങിയിരുന്നു. കേരളത്തില്‍ വയനാട്ടിലെ കബനി ദളത്തില്‍ വിക്രംഗൗഡയോടൊപ്പം ഉണ്ടായിരുന്ന ശ്രീമതി ദീര്‍ഘകാലമായി അട്ടപ്പാടിയിലെ ഭവാനി ദളം കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 

വയനാട്ടിലെ ഒന്‍പതു പൊലീസ് സ്റ്റേഷനുകളിലായി കേസുണ്ട്. അഗളിയില്‍ 2016 ല്‍  യുഎപിഎ കേസില്‍ പ്രതിയാണ്. കഴിഞ്ഞ നവംബറില്‍ ശ്രീമതിയ്ക്കൊപ്പം ഉണ്ടായിരുന്ന ദീപക്കിനെ തമിഴ്നാട് പൊലീസ് പിടികൂടിയിരുന്നു. ഡാനിഷ്, കാളിദാസ്, ദീപക് എന്നിവര്‍ക്കുശേഷം അട്ടപ്പാടിമേഖലയില്‍ നിന്ന് പിടിയിലാകുന്ന നാലാമത്തെ പ്രധാന മാവോയിസ്റ്റാണ് ശ്രീമതി. 

MORE IN Kuttapathram
SHOW MORE
Loading...
Loading...