ശസ്ത്രക്രിയക്ക് ഒരു ലക്ഷം വേണമെന്ന് സന്ദേശം; ഫോണ്‍ വിളിയില്‍ വന്‍ തട്ടിപ്പ് വെളിച്ചത്ത്

money-fraud
SHARE

ചെന്നൈ അഡയാറിലെ ദേശീയ തുകൽ ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റിന്റെ ഇമെയിൽ അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടാൻ ശ്രമം. സീനിയർ ഉദ്യോഗസ്ഥയുടെ മകളുടെ ശസ്ത്രക്രിയയ്ക്ക് ഒരു ലക്ഷം രൂപ അത്യാവശ്യമായി അയച്ചുതരണമെന്ന് ആവശ്യപ്പെട്ടാണ് മലയാളികൾ ഉൾപ്പെടെയുള്ള യുവഗവേഷകർക്ക് മെയിൽ ലഭിച്ചത്.

വിദേശത്തായതിനാൽ ഫോണിൽ വിളിക്കരുതെന്ന് സന്ദേശത്തിൽ സൂചിപ്പിച്ചിരുന്നെങ്കിലും മലപ്പുറം സ്വദേശിയായ ഗവേഷകൻ ഓഫിസ് ലാൻഡ്‌ലൈനിൽ വിളിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. പരാതിയിൽ ചെന്നൈ പൊലീസ് അന്വേഷണമാരംഭിച്ചു. ഗവേഷണങ്ങൾക്കു മേൽനോട്ടം വഹിക്കുന്ന ചെന്നൈ സ്വദേശിയായ ശാസ്ത്രജ്ഞയുടെ യാഹൂ അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. 

ഔദ്യോഗിക ജീവിതത്തിൽ വലിയ പിന്തുണ നൽകിയ, മാതൃസ്ഥാനത്തുള്ള സീനിയർ ഉദ്യോഗസ്ഥയുടെ മകൾക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നിരിക്കുകയാണെന്നാണ് മെയിലിന്റെ ചുരുക്കം.

വിദേശത്തായതിനാൽ പണം അയയ്ക്കാൻ കഴിയുന്നില്ല. 95,800 രൂപയാണ് ചെലവെങ്കിലും ഒരു ലക്ഷം രൂപ അയയ്ക്കണം. നാട്ടിലെത്തിയാൽ ഉടൻ പണം തിരികെത്തരാമെന്നും മെയിലിൽ പറയുന്നു. നിലവിൽ ഗവേഷണം നടത്തുന്നവർക്കും അടുത്തിടെ പൂർത്തിയാക്കിയവർക്കും സന്ദേശം അയയ്ക്കുക വഴി, കടപ്പാട് മുതലെടുത്ത് തട്ടിപ്പ് നടത്താനായിരുന്നു ശ്രമമെന്നാണ് സൂചന.

MORE IN GULF
SHOW MORE
Loading...
Loading...