സകലതും നഷ്ടപ്പെട്ടുവെന്ന് ആവർത്തിച്ച് ജോളി; കടുത്ത വിഷാദരോഗം; കൗൺസലിങ്

jolly-suicide-attempt
SHARE

കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയുടെ ജയിലിലെ ആത്മഹത്യാശ്രമത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയില്ലെന്ന് ജയില്‍ ഡി.ഐ.ജിയുടെ റിപ്പോര്‍ട്ട്. കൃത്യമായ നിരീക്ഷണമാണ് ജോളിയെ വേഗത്തില്‍ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചത്. ദിവസേന ജോളിക്ക് പ്രത്യേക കൗണ്‍സിലിങ് നല്‍കുന്നുണ്ടെന്നും ആത്മഹത്യാശ്രമത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ജയില്‍ ഡി.ഐ.ജി എം.കെ.വിനോദ്കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ജയില്‍ ഡി.ജി.പിക്ക് കൈമാറി. 

മൂന്ന് ഉദ്യോഗസ്ഥരാണ് ജോളിയുടെ സെല്ലിന് സമീപം സുരക്ഷയ്ക്കായുള്ളത്. മുറിവേല്‍പ്പിക്കാന്‍ പാകത്തിലുള്ളതൊന്നും സെല്ലില്‍ സൂക്ഷിക്കാന്‍ അനുവദിക്കാറില്ല. ഇതെല്ലാം മറികടന്നാണ് ജോളി ടൈല്‍സില്‍ കൈചേര്‍ത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കടുത്ത വിഷാദ രോഗത്തിന് അടിമയായ ജോളിക്ക് കൃത്യമായ കൗണ്‍സലിങ് നല്‍കുന്നുണ്ട്. നിരീക്ഷണം മറികടന്ന് ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചത് കരുതിയിരിക്കേണ്ടതിന്റെ സൂചനയാണ് നല്‍കുന്നതെന്ന് ജയില്‍ ഡി.ഐ.ജി വ്യക്തമാക്കി. 

ജോളിയെ നിരീക്ഷിക്കാന്‍ മാത്രം പ്രത്യേകം സി.സി.ടി.വി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാര്‍ക്ക് നിരീക്ഷിക്കുന്നതിന് ഒരു പരിധിയുണ്ട്. എന്തായാലും വിവിധ തലങ്ങളില്‍ സുരക്ഷാ കരുതല്‍ ശക്തമാക്കും. 

കൃത്യസമയത്ത് ഉദ്യോഗസ്ഥര്‍ക്ക് ജോളിയെ ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചു. ജയിലിലെ കേടായ സി.സി.ടി.വികള്‍ വേഗത്തില്‍ പുനസ്ഥാപിക്കുന്നതിനുള്ള പണികള്‍ അന്തിമഘട്ടത്തിലാണ്. ജോളി ചികില്‍സ കഴിഞ്ഞ് തിരിച്ചെത്തിയാല്‍ പ്രത്യേക സെല്ലില്‍ പാര്‍പ്പിച്ചുള്ള സുരക്ഷ ഉറപ്പാക്കും. അന്വേഷണ റിപ്പോര്‍ട്ടില്‍ ജയില്‍ ഡി.ജി.പി തൃപ്തി രേഖപ്പെടുത്തിയതായും ഡി.ഐ.ജി പറഞ്ഞു.

സകലതും നഷ്ടപ്പെട്ടുവെന്നായിരുന്നു സഹതടവുകാരോടും ജയില്‍ ഉദ്യോഗസ്ഥരോടും ജോളി ആവര്‍ത്തിച്ചിരുന്നത്. ആത്മഹത്യാശ്രമം ജയില്‍ സുരക്ഷയുടെ പോരായ്മയെന്ന വിമര്‍ശനവുമുയര്‍ത്തുന്നുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...