ഭാര്യവീട്ടുകാരുടെ ക്രൂര മര്‍ദനമേറ്റ യുവാവിന് നീതി ലഭിച്ചില്ല; പൊലീസിന് വിമർശനം

gaziabad-attack-2
SHARE

ഭാര്യവീട്ടുകാരുടെ ക്രൂരമായ മര്‍ദനമേറ്റ യുവാവിന് മാസങ്ങള്‍ക്കിപ്പുറവും നീതി ലഭിച്ചില്ല. നായയ്ക്കൊപ്പം കഴുത്തില്‍ ബെല്‍റ്റ് കെട്ടി കുരയ്ക്കാന്‍ പറഞ്ഞ് ക്രൂരമായി മര്‍ദിക്കുകയായിരുന്നു ഈ യുവാവിനെ. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും പ്രചരിക്കവെയാണ് പൊലീസിന്‍റെ കള്ളക്കളി വെളിച്ചത്തുവന്നത്.

ഇക്രാമുദ്ദീന്‍ എന്ന യുവാവിനെയാണ് ഭാര്യവീട്ടുകാര്‍ ക്രൂരമായി മര്‍ദിക്കുന്നത്. വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചതിനാണ് അതിക്രൂരമായ ചോദ്യംചെയ്യല്‍. 2019 മെയിലാണ് സംഭവം നടന്നത്. ഈ ദൃശ്യങ്ങള്‍ അന്നുതന്നെ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. കഴുത്തില്‍ തുടലിട്ട് നായയെ പോലെ വലിച്ചിഴയ്ക്കുന്നതും കുരയ്ക്കാന്‍ ആക്രോശിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തം. കുറ്റവാളികള്‍ ആരെന്ന കാര്യത്തിലും സംശയത്തിനിടയില്ല. എന്നിട്ടും പൊലീസ് തുടര്‍ന്നത് നിസംഗത. പ്രണയിച്ച പെണ്‍കുട്ടിയുമായുള്ള വിവാഹം വീട്ടുകാര്‍ എതിര്‍ത്തതോടെയാണ് നിയമപ്രകാരം റജിസ്റ്റര്‍ വിവാഹം ചെയ്തത്. ഇതോടെ ശത്രുക്കളായ ഭാര്യവീട്ടുകാര്‍ ഇക്രാമുദ്ദീനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദനത്തിനിരയാക്കുകയായിരുന്നു. വിവാഹബന്ധത്തില്‍ നിന്നും പിന്മാറണമെന്നും അല്ലെങ്കില്‍ പത്തുലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. എന്നാല്‍, ഇത്രയും തുക നല്‍കാനില്ലെന്ന് പറഞ്ഞതോടെ മര്‍ദനം തുടര്‍ന്നു. 

ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിയും ഭാര്യവീട്ടുകാരുടെ ഭാഗത്തുനിന്ന് ഉണ്ടായി. മര്‍ദന ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതും ഭാര്യവീട്ടുകാര്‍ തന്നെയാണ്. ഇതോടെ സംഭവം വിവാദമായി. പൊലീസ് കേസെടുത്തു. എന്നാല്‍ ഭാര്യയുടെ ഒരു സഹോദരന്‍ പൊലീസുകാരനായതിനാല്‍ അന്വേഷണവും നടപടികളും അനന്തമായി നീളുകയാണ്. അതിനിടെയാണ് പൊലീസിനെ സമ്മര്‍ദത്തിലാക്കി വിഡിയോ വീണ്ടും പ്രചരിച്ചത്. പൊലീസിനെതിരെ വലിയ വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍നിന്ന് ഉയരുന്നത്. എന്നാല്‍ കേസില്‍ അന്വേഷണം നടക്കുകയാണെന്നും വൈകാതെ കുറ്റവാളികളെ പിടികൂടുമെന്നുമാണ് പൊലീസിന്‍റെ വിശദീകരണം

ഭാര്യവീട്ടുകാരുടെ ഭീഷണി ഇപ്പോഴും തുടരുകയാണ്. പുതിയ സാഹചര്യത്തിലെങ്കിലും പൊലീസ് അന്വേഷണം കാര്യക്ഷമമാവുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവ്.

MORE IN Kuttapathram
SHOW MORE
Loading...
Loading...