‘എന്നെ വിലങ്ങണിയിച്ചത് മറക്കില്ല, ഇന്ത്യ മുഴുവനും എനിക്കാളുണ്ട്’; ധാര്‍ഷ്ട്യത്തോടെ റഫീഖ്

rafeeq-threat
SHARE

കോട്ടയം: കാർ കടത്തൽ കേസിൽ അറസ്റ്റിലായ മുഹമ്മദ് റഫീഖിന്റെ സഹോദരനും അൽ ഉമ്മ കമാൻഡറുമായിരുന്ന മുജീർ കോയമ്പത്തൂർ സ്ഫോടനക്കേസിലെ ശിക്ഷാ കാലയളവിൽ ജയിലിൽ വച്ചാണു മരിച്ചത്. സ്ഫോടനം നടത്തുന്നതിനായി കൊണ്ടുവന്ന ബോംബ് കോയമ്പത്തൂർ ഉക്കടത്തുള്ള റഫീഖിന്റെ വീട്ടിലാണ് സൂക്ഷിച്ചിരുന്നതെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

ഈ കേസിൽ ജയിലിൽ പോയ റഫീഖ്, 2007 - 2008 കാലയളവിലാണ് ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങിയത്. തുടർന്ന് വാടാനപ്പള്ളി സ്വദേശി ഇല്യാസ്, ആലുവ സ്വദേശി നിഷാദ്, പത്തനംതിട്ട സ്വദേശി ശിവശങ്കരപ്പിള്ള തുടങ്ങിയ ഏജന്റുമാർ മുഖേന വർഷങ്ങളായി നൂറു കണക്കിനു കാറുകളാണ് തമിഴ്‌നാട്ടിലേക്കു കടത്തിയിരുന്നത്. വർഷങ്ങളായി കേരള പൊലീസ് ഇയാളെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു.

റഫീഖിനെ പിടികൂടുന്നതിന് കോട്ടയത്തുനിന്നുള്ള പൊലീസ് സംഘം നേരത്തേ കോയമ്പത്തൂരിൽ എത്തിയിരുന്നെങ്കിലും തമിഴ്നാട് പൊലീസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും ഗുണ്ടാസംഘങ്ങളുടെ സുരക്ഷയുമുള്ള ഇയാളുടെ താമസസ്ഥലത്തിനടുത്തെത്താൻ പോലും കഴിഞ്ഞിരുന്നില്ല. പൊലീസുകാരെ വെട്ടിക്കൊന്നത് അടക്കമുള്ള കേസുകളിൽ റഫീഖ് പ്രതിയാണ്.

ഇത്തവണ അതീവ രഹസ്യമായി പൊലീസ് സംഘം തമിഴ്നാട് റജിസ്ട്രേഷനിലുള്ള വാഹനത്തിലാണ് കോയമ്പത്തൂരിൽ എത്തിയത്. തമിഴ്നാട് പൊലീസിനെ അറിയിക്കാതെയാണ് പോയത്. മറ്റൊരു സംഘം നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വിരിച്ച വല‌യിൽ ഇയാൾ കുടുങ്ങുകയായിരുന്നു. ഇയാൾ ചേട്ടന്റെ മകളെ സ്കൂട്ടറിൽ കോളജിൽ കൊണ്ടുവിടാനും തിരികെ കൊണ്ടുവരാനും മാത്രമാണ് പുറത്തിറങ്ങുന്നത് എന്നു പൊലീസ് മനസ്സിലാക്കി. കുട്ടിയെ കോളജിൽ വിട്ട ശേഷം തിരികെ എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. ഉടൻ തന്നെ ഇയാളുടെ അനുയായികൾ ഓടിയടുത്തെങ്കിലും പൊലീസ് സംഘം ഇയാളെ വാഹനത്തിൽ കയറ്റി അതിവേഗം ഓടിച്ചു പോകുകയായിരുന്നു.

വിലങ്ങു വച്ചതിന് പൊലീസിന് ഭീഷണി

പൊലീസിന്റെ ചോദ്യം ചെയ്യലിൽ കൂസാതെയായിരുന്നു മുഹമ്മദ് റഫീഖിന്റെ മറുപടികൾ. കോയമ്പത്തൂർ സ്ഫോടനക്കേസിൽ പോലും തന്നെ പൊലീസ് വിലങ്ങു വച്ചിട്ടില്ലെന്നും കോട്ടയത്തെ പൊലീസ് തന്നെ വിലങ്ങു വച്ചതു മറക്കില്ലെന്നും ഇയാൾ പറഞ്ഞു. ജയിലിൽ നിന്നു പുറത്തുവരുമെന്നും ഇന്ത്യ മുഴുവൻ തനിക്ക് ആളുകളുണ്ടെന്നും പൊലീസിനെ റഫീഖ് ഭീഷണിപ്പെടുത്തി. ജില്ലാ പൊലീസ് മേധാവിയോടും ധാർഷ്ട്യത്തോടെയാണ് മറുപടി പറഞ്ഞത്.

ജില്ലാ പൊലീസ് മേധാവി ജി. ജയദേവിന്റെ നിർദേശപ്രകാരം കോട്ടയം ഡിവൈഎസ്പി ആർ.ശ്രീകുമാർ, കോട്ടയം വെസ്റ്റ് എസ്എച്ച്ഒ ഇൻസ്പെക്ടർ എം.ജെ അരുൺ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...