ട്രെയിനുകളിലെ കവർച്ച; തുമ്പ് കിട്ടാതെ പൊലീസ്; ലാല കബീറിനെ ചോദ്യം ചെയ്യും

train-theft-2
SHARE

ട്രെയിന്‍ യാത്രക്കാരുടെ ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണാഭരണം കവര്‍ന്നതുമായി ബന്ധപ്പെട്ട് മോഷ്ടാവ് ലാല കബീറിനെ അന്വേഷണസംഘം ചോദ്യം ചെയ്യും. തമിഴ്നാട്ടിലെ മോഷണ കേസില്‍ കോയമ്പത്തൂര്‍ ജയിലിലുള്ള കബീറിനെ  കോടതിയുടെ അനുമതിയോടെ ജയിലിലെത്തി ചോദ്യം ചെയ്യാനാണ് ശ്രമം. കോഴിക്കോട് റയില്‍വേ സി.ഐ എല്‍.സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അടുത്തദിവസം കോയമ്പത്തൂരിലേക്ക് പോകും. 

രണ്ടുവര്‍ഷം മുന്‍പ് റയില്‍വേ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ലാല കബീര്‍. ഇയാളുടെ കൂട്ടാളികളായ ട്രെയിനിലെ കവര്‍ച്ചാസംഘത്തില്‍പ്പെട്ട പലരും ഇപ്പോള്‍ പുറത്തുണ്ട്. ഇവര്‍ക്ക് കവര്‍ച്ചയില്‍ പങ്കുണ്ടോയെന്നറിയാനാണ് ചോദ്യം ചെയ്യുന്നത്. ഹരിയാനയില്‍ നിന്നുള്ള കവര്‍ച്ചാസംഘത്തിലെ ചിലര്‍ കേരളമുള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെത്തിയതായി വിവരം ലഭിച്ചതിനാല്‍ ഈ രീതിയിലും അന്വേഷണമുണ്ടാകും. 

സംഘത്തിലുള്ള ചിലരെ ചെന്നൈ, ബംഗലൂരു എന്നിവിടങ്ങളില്‍ നിന്ന് കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ബംഗലൂരു പൊലീസിന്റെ കസ്റ്റഡിയിലുള്ള ഇവരെ ചോദ്യം ചെയ്യാനും റയില്‍വേ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ട്രെയിനുകളില്‍ കവര്‍ച്ച നടത്തി ഓടുന്ന ട്രെയിനുകളിലേക്ക് സാഹസികമായി ചാടിക്കയറി രക്ഷപ്പെടുന്ന വെണ്ടര്‍ സുരേഷിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. തമിഴ്നാട് സ്വദേശിയായ സുരേഷ് കേരളത്തില്‍ കവര്‍ച്ച നടന്നതിന് മൂന്ന് ദിവസം മുന്‍പാണ് ജയില്‍മോചിതനായത്. 

പുറത്തിറങ്ങിയാലുടന്‍ കവര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന രീതി സുരേഷും പ്രയോഗിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍. ഇയാള്‍ എവിടെയാണുള്ളതെന്ന് കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. ഫ്രെബ്രുവരി എട്ടിനാണ് ചെന്നൈ മംഗലൂരു സൂപ്പര്‍ ഫാസ്റ്റ് , തിരുവനന്തപുരം മംഗലൂരു മലബാര്‍ എക്സ്പ്രസുകളിലെ യാത്രക്കാരില്‍ നിന്ന് 15 ലക്ഷം രൂപ വില വരുന്ന സ്വര്‍ണാഭരണവും വജ്രവും കവര്‍ന്നത്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...