കാട്ടുപോത്തിനെ വേട്ടയാടിയ കേസ്: രണ്ടാളുകള്‍ കൂടി കീഴടങ്ങി

hunting
SHARE

കോഴിക്കോട് താമരശ്ശേരി നൂറാംതോടില്‍ കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ രണ്ടാളുകള്‍ കൂടി കീഴടങ്ങി. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയെത്തിയ നെല്ലിപ്പൊയില്‍ സ്വദേശി റോബിന്‍, കോടഞ്ചേരി സ്വദേശി പ്രകാശ് എന്നിവരെയാണ് വനംവകുപ്പ് സ്ഥലത്തെത്തിച്ച് തെളിവെടുത്തത്. ഇതോടെ കാട്ടുപോത്ത് വേട്ടയില്‍ അറസ്റ്റിലായവരുടെ എണ്ണം പതിമൂന്നായി. 

നൂറാംതോട് വനാതിര്‍ത്തിയില്‍ ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെയുണ്ടായ കാട്ടുപോത്ത് വേട്ടയിലാണ് രണ്ടാളുകള്‍ കൂടി കീഴടങ്ങിയത്. ഇവരെ വേട്ടയാടിയ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ റോബിന്‍, പ്രകാശ് എന്നിവരെ ജാമ്യത്തില്‍ വിട്ടു. ആദ്യം അറസ്റ്റിലായ എട്ടുപേരില്‍ നിന്ന് കാട്ടുപോത്തിനെ വേട്ടയാടിയ സംഘത്തിന്റെ മുഴുവന്‍ വിവരങ്ങളും വനംവകുപ്പ് ശേഖരിച്ചിരുന്നു. പിന്നാലെ നൂറാംതോട് സ്വദേശികളായ ജോബിന്‍, വിബിന്‍ ജോസഫ്, മനോജ് എന്നിവരും കീഴടങ്ങി. പിടിയിലായവരുടെ കുറ്റസമ്മത മൊഴിയില്‍ പതിനഞ്ചാളുകളുടെ പങ്ക് വ്യക്തമായി. കാട്ടുപോത്തിന്റെ തലഭാഗവും, അസ്ഥികളും, തൊലിയും കണ്ടെടുത്തിരുന്നു. ഇത് കേസില്‍ നിര്‍ണായക തെളിവായി മാറുമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. വേട്ടയാടാന്‍ ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. 

പിടിയിലായവരുടെ മൊഴിയനുസരിച്ച് കാറില്‍ കാത്തുനില്‍ക്കുകയായിരുന്ന രണ്ടുപേരാണ് ഇനി പിടിയിലാകാനുള്ളത്. ഇവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വനംവകുപ്പ് ശേഖരിക്കുന്നുണ്ട്. അറസ്റ്റിലായവര്‍ മൃഗവേട്ടയില്‍ ആദ്യമായാണ് പങ്കെടുക്കുന്നതെന്നാണ് നിഗമനം. 

MORE IN Kuttapathram
SHOW MORE
Loading...
Loading...