അച്ഛന്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ചു; മകന്‍ അറസ്റ്റില്‍

suicide-arrest
SHARE

തിരുവല്ല പെരിങ്ങരയില്‍ അച്ഛന്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ചകേസില്‍ മകന്‍ അറസ്റ്റില്‍. വാഴുവേലില്‍ ചന്ദ്രശേഖരന്‍പിള്ളയു‌ടെ മരണത്തില്‍ , ആത്മഹത്യാപ്രേരണകുറ്റത്തിനാണ് മകന്‍ ശ്രീകുമാറിനെ പൊലീസ് അറസ്റ്റുചെയ്തത്. ആത്മഹത്യയ്ക്ക് തൊട്ടുമുന്‍പ് ചന്ദ്രശേഖരന്‍പിളളയെ ക്രൂരമായി മര്‍ദിച്ചതായി ശ്രീകുമാര്‍ കുറ്റസമ്മതംനടത്തി. വാഴുവേലില്‍ ചന്ദ്രശേഖരന്‍ പിള്ളയെന്ന അറുപത്തിയെട്ടുകാരന്‍റെ മരണത്തിന് കാരണക്കാരന്‍ സ്വന്തംമകന്‍ തന്നെയെന്ന് ഒടുവില്‍ തെളിഞ്ഞു. മകന്‍ ശ്രീകുമാറില്‍നിന്നേറ്റ ക്രൂരമര്‍ദനത്തെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ ചന്ദ്രശേഖരന്‍പിള്ള തൂങ്ങിമരിക്കുകയായിരുന്നു. 

ആത്മഹത്യനടന്നതിന് തലേദിവസം ചന്ദ്രശേഖരന്‍പിള്ളയും മകന്‍ ശ്രീകുമാറും തമ്മില്‍ വാക്കുതര്‍ക്കവും സംഘര്‍ഷവുമുണ്ടായി. ഇതിനിടെ, ശ്രീകുമാര്‍ കത്തി ഉപയോഗിച്ച് അച്ഛനെ കുത്തിപരുക്കേല്‍പ്പിച്ചു. ചന്ദ്രശേഖരന്‍റെ ഇടതുകയ്യില്‍ മുറിവും ദേഹമാസകലം മര്‍ദനവുമേറ്റു. ശ്രീകുമാറിന്‍റെ സഹോദരന്‍ ജയകുമാറിന്‍റെ ഭാര്യ പൗര്‍ണമി ഇതിനെല്ലാം സാക്ഷിയാണ്. മര്‍ദനത്തിനുശേഷം വീടിനുപുറത്തുപോയ ചന്ദ്രശേഖരന്‍ , പിന്നീട് ആത്മഹത്യചെയ്യുകയായിരുന്നു. 

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചന്ദ്രശേഖരന്‍പിള്ളയുടെ വാരിയെല്ലിന് ഒടിവുണ്ടെന്ന് കണ്ടെത്തിയിരുന്നു. തു‌ടര്‍ന്നുള്ള ചോദ്യംചെയ്യലിലാണ് ശ്രീകുമാര്‍ കുറ്റസമ്മതം നടത്തിയത്. മര്‍ദനം, ആത്മഹത്യാപ്രേരണ തുടങ്ങിയ കുറ്റംചുമത്തിയാണ് ശ്രീകുമാറിന്‍റെ അറസ്റ്റെന്ന് പുളിക്കീഴ് പൊലീസ് വ്യക്തമാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ചന്ദ്രശേഖരന്‍ പിള്ളയെ വീടിനോടുചേര്‍ന്നുള്ള ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് കയറില്‍ കഴുത്തുമുറുകി, കാലുകള്‍ നിലത്തുറച്ചിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.

MORE IN Kuttapathram
SHOW MORE
Loading...
Loading...