രാവിലെ കുഞ്ഞെവിടെയെന്നു ചോദിച്ചു, തിരച്ചിലിനു മുന്നിട്ടിറങ്ങി; കുലുങ്ങാതെ ശരണ്യ

saranya-kannur
SHARE

കണ്ണൂർ: കടൽതീരത്തെ കരിങ്കല്ലുകൾക്കിടയിലെറിഞ്ഞു സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയെന്നു പൊലീസിനു മൊഴി നൽകിയ ശരണ്യ തന്നെയാണ് കുഞ്ഞിനെ തിരയാൻ കരിങ്കല്ലുകൾക്കിടയിൽ ഇറങ്ങിയതും. കൊലപാതകത്തിനുശേഷം വീട്ടിലെ ഹാളിൽ കിടന്നുറങ്ങിയ ശരണ്യയെ അമ്മയാണു രാവിലെ വിളിച്ചുണർത്തിയത്. ശരണ്യയ്ക്കു കണ്ണൂരിലെ സ്വകാര്യ സ്ഥാപനത്തിൽ പുതിയ ജോലിക്കു കയറേണ്ട ദിവസമായിരുന്നു തിങ്കളാഴ്ച. എഴുന്നേറ്റയുടൻ ശരണ്യ ഭർത്താവിന്റെ അടുത്തെത്തി കുഞ്ഞിനെ തിരക്കി.

പിന്നീടു മറ്റുള്ളവർക്കൊപ്പം കുഞ്ഞിനെ തിരയാനും ഇറങ്ങി. കുഞ്ഞിനെ എറിഞ്ഞ സ്ഥലത്തെ തിരച്ചിൽ ശരണ്യ സ്വയം ഏറ്റെടുത്തു. ആ ഭാഗത്തു താൻ തിരഞ്ഞതാണെന്നു മറ്റുള്ളവരോടു പറയുകയും ചെയ്തു. നാട്ടുകാരും, പിന്നീടു പൊലീസും എത്തിയപ്പോഴൊന്നും ശരണ്യയുടെ മുഖത്തു കാര്യമായ സങ്കടമുണ്ടായില്ല.

കസ്റ്റഡിയിലുമെത്തി കാമുകന്റെ 17 മിസ്ഡ് കോൾ

ഒന്നര വയസുള്ള സ്വന്തം മകനെ കടൽത്തീരത്തെ പാറക്കൂട്ടത്തില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ അമ്മ ശരണ്യ  കസ്റ്റഡിയിലായിരിക്കെ പൊലീസിന്റെ ചോദ്യം ചെയ്യൽ നേരിട്ട ആദ്യദിവസം മാത്രം മൊബൈൽ ഫോണിലേക്കു വന്നതു കാമുകന്റെ 17 മിസ്ഡ് കോൾ. ശരണ്യയുടെ ഫോണിൽനിന്നു പൊലീസിനു ലഭിച്ച ചാറ്റ് ഹിസ്റ്ററിയിൽനിന്നു വ്യക്തമായതു കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള അതിയായ ആഗ്രഹത്തിന്റെ ചിത്രം. ഭർത്താവ് പ്രണവിന്റെ സുഹൃത്തുകൂടിയായ വാരം സ്വദേശിയുമായി ഒരു വർഷം മുൻപാണു ശരണ്യ ബന്ധം തുടങ്ങുന്നത്.

ശരണ്യ ഗർഭിണിയായശേഷം പ്രണവ് ഒരു വർഷത്തേക്കു ഗൾഫിൽ ജോലിക്കു പോയിരുന്നു. തിരിച്ചെത്തിയശേഷമാണു ദാമ്പത്യത്തിൽ ഉലച്ചിലുണ്ടാകുന്നത്. പ്രണവിന്റെ സുഹൃത്തിന് ഇക്കാര്യം അറിയാമായിരുന്നു. ഈ അവസരം മുതലെടുക്കാനാണ് അയാൾ ശരണ്യയുമായി ഫെയ്സ്ബുക് വഴി ബന്ധം സ്ഥാപിച്ചതെന്നും പൊലീസ് കരുതുന്നു. പിന്നീടതു ഫോൺ വിളിയിലേക്കും ചാറ്റിലേക്കും നീണ്ടു.

കാമുകനു മറ്റൊരു കാമുകിയുണ്ടെന്നും അവരെ വിവാഹം ചെയ്യാനിരിക്കുകയാണെന്നുമാണു പൊലീസിനു ലഭിച്ച വിവരം. വിവാഹം ചെയ്യാമെന്നു കാമുകൻ ശരണ്യയ്ക്കു വാഗ്ദാനം  നൽകിയിരുന്നില്ലെന്നു ചാറ്റുകളിൽ വ്യക്തമാണ്. കുഞ്ഞിനെ ഒഴിവാക്കാൻ കാമുകൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും പൊലീസ് പറയുന്നു.  എന്നാൽ, കാമുകനുമൊത്തു ജീവിക്കാൻ ശരണ്യ അതിയായി ആഗ്രഹിച്ചു. അതിനു തടസ്സം കുഞ്ഞാണെന്നു തെറ്റിധരിക്കുകയും ചെയ്തു. അങ്ങനെയാണു കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിക്കുന്നത്.

മൂന്നു മാസങ്ങൾക്കുശേഷം ഭർത്താവു വീട്ടിലെത്തിയത് അതിനുള്ള നല്ല അവസരമായി ശരണ്യ കണ്ടു. താനും കുഞ്ഞുമായി അകന്നു കഴിയുന്ന പ്രണവിന്റെ യാദൃച്ഛികമായ സാന്നിധ്യം അയാളെ പ്രതിക്കൂട്ടിൽ നിർത്തുമെന്നും ശരണ്യ കണക്കുകൂട്ടി. ഭർത്താവിനെയും കുഞ്ഞിനെയും ഒരുമിച്ച് ഒഴിവാക്കാനായിരുന്നു തന്ത്രം. കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണം കാമുകനുമായുള്ള ബന്ധമാണെങ്കിലും അയാൾക്ക് ഇതിൽ പങ്കില്ലെന്നാണു പൊലീസ് നിഗമനം.എങ്കിലും വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യും.

MORE IN Kuttapathram
SHOW MORE
Loading...
Loading...