ശാരീരിക ബന്ധത്തിന് ശേഷം കൊല: ആരതി കേസിൽ സയനൈഡ് മോഹന് ജീവപര്യന്തം

mohan-jail
SHARE

യുവതികളെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ ബണ്ട്വാൾ കന്യാനയിലെ കായികാധ്യാപകൻ മോഹൻ കുമാറിന് (സയനൈഡ് മോഹൻ-56) മംഗളൂരു അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ജീവപര്യന്തം തടവ് വിധിച്ചു. കാസർകോട് ബദിയഡ്ക്ക പഡ്രെയിലെ രാമന്റെ മകളും ബീഡിത്തൊഴിലാളിയുമായ ആരതി നായകിനെ (23) കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.

മൊത്തം 20 യുവതികളെയാണു മോഹൻ കുമാർ സയനൈഡ് നൽകി കൊലപ്പെടുത്തിയത്. സുള്ള്യയിൽ ഹോസ്റ്റൽ ജീവനക്കാരി ആയിരുന്ന കാസർകോട് മുള്ളേരിയ കുണ്ടാർ സ്വദേശിനി പുഷ്പാവതിയെ (21) കൊലപ്പെടുത്തിയ കേസിൽ മാത്രമാണു വിധി പറയാൻ ബാക്കിയുള്ളത്. ഇയാൾക്ക് 5 കേസുകളിൽ വധശിക്ഷയും 13 കേസുകളിൽ ജീവപര്യന്തവും നേരത്തെ വിധിച്ചിട്ടുണ്ട്. ഒരു കേസിൽ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. 2 കേസുകളിൽ ജീവപര്യന്തമായി ചുരുക്കി. ബാക്കിയുള്ള വധശിക്ഷ വിധികളിൽ ഹൈക്കോടതിയുടെ ഉത്തരവ് വന്നിട്ടില്ല.

ആരതി വധത്തിൽ ജീവപര്യന്തത്തിന് പുറമേ വിവിധ വകുപ്പുകളിലായി മൊത്തം 55,000 രൂപ പിഴയും ഒന്നു മുതൽ 10 വർഷം വരെ തടവും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ആരതിയുടെ ആഭരണങ്ങൾ അമ്മയ്ക്ക് കൈമാറാനും ഇരയ്ക്ക് നഷ്ടപരിഹാരം നൽകാനുള്ള കർണാടക നിയമ പ്രകാരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരം തിട്ടപ്പെടുത്താനും കോടതി നിർദേശിച്ചു.

2006 ജനുവരിയിലാണ് ആരതി കൊല്ലപ്പെട്ടത്. ഒരു വിവാഹ ചടങ്ങിനിടെയാണ് ഇവരെ മോഹൻ കുമാർ പരിചയപ്പെട്ടത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി വലയിലാക്കി. ആരതിയുടെ വീട്ടിലും മോഹൻ കുമാർ ചെന്നിരുന്നു. 2006 ജനുവരി 3ന് കൂട്ടുകാർക്കൊപ്പം വിനോദ യാത്ര പോകുന്നെന്നും പറഞ്ഞ് ആരതി വീട്ടിൽ നിന്നിറങ്ങി പുത്തൂർ ബസ് സ്റ്റാൻഡിലും അവിടെ നിന്നു മോഹൻകുമാറിനൊപ്പം മൈസൂരു ബസ് സ്റ്റാൻഡിലും എത്തി. മൈസൂരു കെഎസ്ആർടിസി ബസ് സ്റ്റാൻഡിനടുത്ത് ഹോട്ടലിൽ മുറിയെടുത്ത് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു.

പിറ്റേന്നു രാവിലെ തന്ത്രപൂർവം ആഭരണങ്ങൾ അഴിച്ചു വയ്പ്പിച്ച ശേഷം ആരതിയെയും കൂട്ടി മോഹൻകുമാർ ബസ് സ്റ്റാൻഡിലെത്തി. ഗർഭിണിയാകാതിരിക്കാനുള്ള മരുന്നെന്നു പറഞ്ഞു സയനൈഡ് ഗുളിക നൽകി. ഛർദിക്കാൻ സാധ്യത ഉള്ളതിനാൽ മാറി നിന്നു കഴിക്കാൻ നിർദേശിച്ചു. തുടർന്നു ശുചിമുറിയിൽ കയറി ഗുളിക കഴിച്ച ആരതി തൽക്ഷണം മരിച്ചു. പിന്നീട് മുറിയിലെത്തിയ മോഹൻ കുമാർ ആരതിയുടെ ആഭരണങ്ങളും എടുത്ത് നാട്ടിലേക്കു മടങ്ങി.

ആരതി തിരിച്ചെത്താത്തതിനെ തുടർന്നു കാണാനില്ലെന്നു കാണിച്ച് പിതാവ് ബദിയട്ക്ക പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം എങ്ങുമെത്താതെ നിൽക്കവേയാണ് മൂന്നര വർഷത്തിനു ശേഷം 2009 ഒക്ടോബർ 21ന് മോഹൻ കുമാർ മറ്റൊരു യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ പിടിയിലാകുന്നത്. ചോദ്യം ചെയ്യലിൽ ആരതി അടക്കം 20 യുവതികളെ കൊലപ്പെടുത്തയതായി ഇയാൾ മൊഴി നൽകിയതോടെയാണ് ഇത്രയും യുവതികളുടെ തിരോധാനത്തിനു തുമ്പുണ്ടായത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...