ഭർത്താവിന്റെ ദുരൂഹ മരണം; മൊഴികളിൽ വൈരുധ്യം; യുവതിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കും

prajeesh-17
SHARE

നാലരവര്‍ഷം മുന്‍പ് മരിച്ച കോഴിക്കോട് അന്നശ്ശേരി സ്വദേശി പ്രജീഷിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഭാര്യയുള്‍പ്പെടെ അഞ്ചുപേരെ സി ബ്രാഞ്ച് നുണപരിശോധനയ്ക്ക് വിധേയരാക്കും. ഹൃദയാഘാതമെന്ന് ഭാര്യവീട്ടുകാര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കഴുത്തില്‍ കയര്‍ മുറുകിയാണ് മരണമുണ്ടായതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. മൊഴിയില്‍ വ്യാപക വൈരുദ്ധ്യം കണ്ടതോടെയാണ് പ്രജീഷിന്റെ പിതാവിന്റെ പരാതിയില്‍ സമഗ്ര അന്വേഷണം തുടങ്ങിയത്. കൂടത്തായി കൂട്ടക്കൊലക്കേസ് അന്വേഷിച്ച ഡി.വൈ.എസ്.പി ആര്‍.ഹരിദാസന്റെ നേതൃത്വത്തിലാണ് അന്വേഷണം. 

2015 ജൂണ്‍ എട്ടിന് രാത്രിയില്‍ മുക്കത്തെ ഭാര്യ വീട്ടിലാണ് പ്രജീഷ് മരിക്കുന്നത്. ഉറങ്ങുന്നതിനിടെ ഹൃദയാഘാതമുണ്ടായെന്ന് പ്രജീഷിന്റെ ബന്ധുക്കളെ ഭാര്യ വീട്ടുകാര്‍ അറിയിക്കുകയായിരുന്നു. മെഡിക്കല്‍ കോളജിലെത്തിയ ബന്ധുക്കളോട് ഐ.സി.യുവിലെന്ന് പറഞ്ഞ് പ്രജീഷിനെ കാണാനും അനുവദിച്ചില്ല. പലരോടും വ്യത്യസ്ത മരണ കാരണമാണ് പറഞ്ഞത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തില്‍ കയര്‍ മുറുകിയാണ് മരണമുണ്ടായതെന്ന് വ്യക്തമായി. പിന്നാലെ പ്രജീഷിന്റെ പിതാവ് പ്രഭാകരന്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വടകര റൂറല്‍ എസ്.പിക്ക് പരാതി നല്‍കുകയായിരുന്നു. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനാല്‍ കേസ് സി ബ്രാഞ്ച് ഏറ്റെടുത്തു. ഡി.വൈ.എസ്.പി ആര്‍.ഹരിദാസന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി. മൊഴിയിലെ വൈരുദ്ധ്യവും സാഹചര്യത്തെളിവുകളുമാണ് അഞ്ചുപേരെയും നുണപരിശോധനയ്ക്ക് വിധേയരാക്കാനുള്ള തീരുമാനത്തിലേക്കെത്തിച്ചത്. 

ഒരാഴ്ചയ്ക്കുള്ളില്‍ നുണപരിശോധന നടപടികള്‍ പൂര്‍ത്തിയാക്കും. പോസ്റ്റുമോര്‍ട്ടം നടത്തിയ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറുടെയും മരണം സ്ഥിരീകരിച്ച മണാശ്ശേരി സ്വകാര്യ മെഡിക്കല്‍ കോളജിലെ ഡോക്ടറുടെയും മൊഴി രേഖപ്പെടുത്തി. പ്രജീഷിനെ നഷ്ടപ്പെട്ട് നാലര വര്‍ഷം പിന്നിടുമ്പോഴും നീതി വൈകില്ലെന്ന പ്രതീക്ഷയിലാണ് കുടുംബം.

MORE IN Kuttapathram
SHOW MORE
Loading...
Loading...