അയൽവാസികളായ വീട്ടമ്മയും യുവാവും വീടുകളിൽ മരിച്ചനിലയിൽ; ദുരൂഹത

tvm-death
SHARE

ആറ്റിങ്ങൽ കടുവയിൽ അയൽവാസികളായ വീട്ടമ്മയെയും യുവാവിനെയും തങ്ങളുടെ വീടുകളിൽ മരിച്ചനിലയിൽ കണ്ടെത്തി. വീട്ടമ്മയുടെ മരണം കൊലപാതകമെന്നു സംശയം. കടുവയിൽ മണിമന്ദിരത്തിൽ പരേതനായ കൃഷ്ണൻകുട്ടി നായർ– രാധാമണിയമ്മ ദമ്പതികളുടെ മകൻ സന്തോഷ് എന്ന് വിളിക്കുന്ന ഷിനു (38), അയൽവീട്ടിൽ വാടകയ്ക്കു താമസിക്കുന്ന കടുവയിൽ കൃഷ്ണവിലാസത്തിൽ ബിജുവിന്റെ ഭാര്യ ശാന്തീകൃഷ്ണ (36) എന്നിവരെയാണു മരിച്ചനിലയിൽ കണ്ടെത്തിയത്.

ഞായറാഴ്‍ച 11.30 ന് പുതുതായി നിർമിക്കുന്ന വീട്ടിൽ ഷിനുവിനെ തൂങ്ങിമരിച്ച നിലയിൽ അമ്മ  കണ്ടെത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഷിനുവിനെ ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു . ബഹളം കേട്ട് ഷിനുവിന്റെ വീട്ടിലെത്തിയ ശാന്തികൃഷ്ണയുടെ അമ്മ പ്രസന്നകുമാരി മകളെ അന്വേഷിച്ച്  അവരുടെ വീട്ടിലെത്തി. അപ്പോഴാണ്  ശാന്തികൃഷ്ണയെ  കഴുത്തിൽ ഷാൾ കുരുങ്ങിയ നിലയിൽ കിടപ്പുമുറിയിലെ കട്ടിലിൽ കണ്ടെത്തിയത്.

മറ്റൊരു വീട്ടിലാണു പ്രസന്നകുമാരി താമസിക്കുന്നത്.  ശാന്തികൃഷ്ണയെ ഉടൻ  വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ദീർഘകാലമായി പ്രണയത്തിലായിരുന്നു ഇരുവരുമെന്നും ശാന്തികൃഷ്ണയെ കൊലപ്പെടുത്തിയശേഷം ഷിനു ആത്മഹത്യചെയ്തതാകാമെന്നും പൊലീസ് സംശയം പ്രകടിപ്പിച്ചു. ജില്ലാ പൊലീസ് മേധാവി ബി. അശോകൻ, ആറ്റിങ്ങൽ ഡിവൈഎസ്പി പി. വി. ബേബി, സിഐ വി.വി.ദിപിൻ, എസ് ഐ സനൂജ് എന്നിവർ വീടുകളിൽ പരിശോധന നടത്തി. മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റി . ശാന്തികൃഷ്ണയുടെ ഭർത്താവ്  വിദേശത്താണ്. ഇരുവർക്കും രണ്ടു കുട്ടികൾ വീതമുണ്ട്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...