ബെംഗളൂരുവില്‍ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകളും കാമുകനും പിടിയിൽ

ബെംഗളൂരുവില്‍ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകളും കാമുകനും പിടിയില്‍. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ പോര്‍ട്ട് ബ്ലെയറില്‍ നിന്നാണ് സോഫ്ട്‌വെയര്‍ എഞ്ചിനീയറായ അമൃത കാമുകന്‍ ശ്രീധര്‍ റാവു എന്നിവര്‍ പിടിയിലായത്. 

ഇന്നലെ പുലര്‍ച്ചെയാണ് അതിക്രൂരകൃത്യം നടന്നത്.ദാവനഗരൈ സ്വദേശിയായ നിർമലയെയാണ് മകള്‍ അമൃത കൊലപ്പെടുത്തിയത്.  അമ്മയെ കൊലപ്പെടുത്തിയ ശേഷം ഒളവില്‍ പോയ അമൃതയെപ്പറ്റി യാതൊരു സൂചനകളുമില്ലായിരുന്നു. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് വീടുവിട്ട അമൃത ബൈക്കുമായി കാത്തു നിന്ന യുവാവിനൊപ്പമാണ് കടന്നതെന്ന് കണ്ടത്തി. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷനടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ആന്‍ഡമാനിലേയ്ക്ക് കടന്നതായി കണ്ടെത്തിയത്.

ഇവരെ പിന്തുടര്‍ന്നെത്തിയ പൊലീസംഘം. ആന്‍ഡമാന്‍ പൊലീസിന്‍റെ സഹായത്തോടെ അമൃതയേയും കാമുകന്‍ ശ്രീധര്‍ റാവുവിനേയും പോര്‍ട്ട് ബ്ലെയറില്‍ നിന്ന് പിടികൂടുകയായിരുന്നു. ദാവനഗരൈ സ്വദേശിയായ നിർമല സോഫ്റ്റ്‌വെയർ എൻജിനീയറായ മകള്‍ അമൃതയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. മകന്‍ ഹരീഷിന് ഹൈദരാബാദിൽ ജോലി ലഭിച്ചതോടെ അങ്ങോട്ട് പോകുവാനുള്ള ഒരുക്കത്തിലായിരുന്ന നിർമല. അമൃതയെടുത്ത  15 ലക്ഷം രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയത് സംബന്ധിച്ച് അമ്മയുമായി കഴിഞ്ഞ ദിവസം രാത്രിതർക്കം ഉണ്ടായിരുന്നു. തുടർന്ന് ഹരീഷ് ഇടപെട്ട് തർക്കം അവസാനിപ്പിച്ചതിന് ശേഷം 2 പേരും ഒരു മുറിയിലാണ് കിടന്നുറങ്ങിയത്. 

പുലർച്ചെ നാലിന് മുറിയില്‍ നിന്ന് വലിയ ശബ്ദം കേട്ടെത്തിയ ഹരീഷാണ് സഹോദരി അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തുന്നതാണ് കണ്ടത്. തടയാന്‍ ശ്രമിച്ച ഹരീഷിന്‍റെ കഴുത്തിലും അമൃത കുത്തിപ്പരിക്കേല്‍പ്പിച്ചു. ബന്ധുക്കളെ ഫോണിൽ വിവരം അറിയിച്ച ഹരീഷ് തുടർന്ന് അയല്‍വാസികളുടെ സഹായം തേടുകയായിരുന്നു. ഇതിനിടെ നേരത്തെ തയ്യാറാക്കി വച്ച ബാഗുമായി അമൃത പുറത്തുകാത്തുനിന്ന കാമുകന്‍ ശ്രീധറിനൊപ്പം രക്ഷപെടുകയായിരുന്നു. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.