വരനും, സംഘവും സഞ്ചരിച്ച വാഹനം സ്ക്വാഡ് തടഞ്ഞു; മനസമ്മതസമയം തെറ്റി

motor-vehicle-squad
SHARE

നെടുങ്കണ്ടത്ത് മനസമ്മതത്തിന് പോവുകയായിരുന്ന വരനും, സംഘവും സഞ്ചരിച്ചിരുന്ന വാഹനം മോട്ടോർ വാഹന  സ്ക്വാഡ് തടഞ്ഞു. അര മണിക്കൂർ വഴിയിൽ കിടന്നതോടെ മനസമ്മതത്തിന്  നിശ്ചയിച്ചിരുന്ന സമയവും തെറ്റി.   വാഹനം കള്ള ടാക്സിയാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.

നെടുങ്കണ്ടം എഴുകുംവയൽ സ്വദേശി റെനിറ്റിന്റെ മനസമ്മതം രാജാക്കാട് ക്രിസ്തുരാജ  ദേവാലയത്തിൽ വെച്ച്   രാവിലെ 11.30നാണ് നിശ്ചയിച്ചിരുന്നത്. രാജാക്കാട് സ്വദേശിനിയായ പെൺകുട്ടിയായിരുന്നു വധു. എഴുകുംവയലിൽ നിന്നും യാത്ര ആരംഭിച്ച് കുമളി- മൂന്നാർ സംസ്ഥാന പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് മൈലാടുംപാറയിൽ വെച്ച് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്  വാഹനം പിടികൂടിയത്. വരനും, സുഹൃത്തുക്കളും കേണപേക്ഷിച്ചെങ്കിലും വാഹനം വിട്ടു നൽകാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. 

 റെനിറ്റിന്റെ സുഹൃത്തും, സമീപവാസിയുമായ വ്യക്തിയുടെ  ഈ വാഹനത്തിനു മോട്ടർ വാഹന വകുപ്പ് 6000 രുപ പിഴയിട്ടു. അരമണിക്കൂർ വിവാഹ സംഘം വഴിയിൽ കുടുങ്ങി.  

11.30നാണ് മനസമ്മത  സമയം നിശ്ചയിച്ചിരുന്നതെങ്കിലും  11.50നാണ് വിവാഹ സംഘത്തിനു ദേവാലയത്തിൽ എത്താൻ കഴിഞ്ഞത്. വരൻ സഞ്ചരിച്ച വാഹനം കള്ള ടാക്സിയായതിനാലാണ് പിടികൂടിയതെന്ന്  മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. വിവാഹ ചടങ്ങുകൾക്കു കള്ള ടാക്സി ഉപയോഗിക്കുന്നതായി പരാതികൾ നിലവിലുള്ളതായും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

MORE IN Kuttapathram
SHOW MORE
Loading...
Loading...