പഞ്ചറൊട്ടിക്കുന്ന കടയില്‍ വിദ്യാർഥികളുടെ വന്‍തിരക്ക്; കാരണം ഞെട്ടിക്കുന്നത്

drugs-cycle-shop
SHARE

പൊന്നാനി: ‘സ്കൂളിലെ ശുചിമുറിയിൽ കഞ്ചാവു പുകയുന്നു..’– കഴിഞ്ഞമാസം പൊന്നാനി എക്സൈസ് സർക്കിൾ ഓഫിസിലേക്കു വന്ന ഫോൺ സന്ദേശം ഇതായിരുന്നു. വിളിച്ചത് അധ്യാപകനാണെന്ന് ഉറപ്പിച്ചതോടെ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ നിമിഷങ്ങൾക്കകം പാലപ്പെട്ടിയിലെ സ്കൂളിലെത്തി. അധ്യാപകരോട് കാര്യങ്ങൾ തിരക്കി. വഴിതെറ്റുന്ന പ്ലസ് വൺ വിദ്യാർഥികളെക്കുറിച്ചു നിസ്സഹായതയോടെ അവർ വിവരിച്ചു. എവിടെ നിന്നാണെന്നറിയില്ലെങ്കിലും വിദ്യാർഥികളുടെ കൈവശം കഞ്ചാവ് കിട്ടുന്നുണ്ടെന്ന് അധ്യാപകർ ഉറപ്പിച്ചു പറഞ്ഞു. അതു ദിവസവും ശുചിമുറിയിൽ വച്ചാണു പുകയ്ക്കുന്നത്. കഞ്ചാവ് പാക്കറ്റുകൾ ഒളിപ്പിക്കാൻ സ്കൂളിനുള്ളിൽ തന്നെ രഹസ്യ കേന്ദ്രങ്ങളും ഉണ്ടത്രെ. ലഹരിമരുന്നു കയ്യോടെ പിടികൂടാൻ അധ്യാപകർ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോഴാണ് എക്സൈസ് വകുപ്പിനെ വിവരമറിയിച്ചത്. 

എക്സൈസ് ഉദ്യോഗസ്ഥർ സംശയം തോന്നിയ വിദ്യാർഥികളെ വിളിച്ചുവരുത്തി ഉപദേശിച്ചു. രക്ഷിതാക്കളെ വിവരമറിയിച്ചു. ആവുന്നത്ര ഉപദേശിച്ചിട്ടും രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് ചെയ്തിട്ടും ലഹരിയുടെ പുകമറ സ്കൂളിൽനിന്നു മായുന്നില്ലെന്ന് അധ്യാപകർ പറയുന്നു. 

പഞ്ചറൊട്ടിക്കുന്ന പശയും വലിച്ചുകേറ്റും

സൈക്കിളിന്റെ പഞ്ചർ ഒട്ടിക്കുന്ന കടയിൽ സൂപ്പർമാർക്കറ്റുകളെ വെല്ലുന്ന തിരക്കനുഭവപ്പെടുന്നതിനു കാരണം അന്വേഷിച്ച എക്സൈസ് സംഘം കണ്ടെത്തിയത് ലഹരി ഉപയോഗത്തിന്റെ ന്യൂജനറേഷൻ രീതി. തിരൂരിന്റെ തീരദേശത്തെ സൈക്കിൾ ട്യൂബ് പ‍ഞ്ചർ ഒട്ടിക്കുന്ന കടയിൽ വിദ്യാർഥികളുടെ തിരക്ക് കൂടുന്നതു കണ്ടു നാട്ടുകാരാണ് ആദ്യം സംശയം പ്രകടിപ്പിച്ചത്. സൈക്കിൾ ഇല്ലാതെ പലരും കടയിൽ എത്തുന്നതു കണ്ടതോടെ ഐസ്ക്രീമിന്റെയോ മറ്റോ വിൽപന നടക്കുന്നുണ്ടെന്നു കരുതി. പക്ഷേ, ആ ധാരണ തെറ്റായിരുന്നു. 

പ‍‍ഞ്ചർ ഒട്ടിക്കാൻ ഉപയോഗിക്കുന്ന 35 രൂപ വിലയുള്ള പശ തേടിയായിരുന്നു കുട്ടികളുടെ വരവ്. രൂക്ഷ ഗന്ധത്തോടു കൂടിയുള്ള ഈ പശ പ്ലാസ്റ്റിക് കവറിലാക്കി തലമൂടി ആഞ്ഞുവലിച്ചാൽ ലഹരി മരുന്ന് ഉപയോഗിക്കുന്നതിന്റെ ഫലം കിട്ടുമത്രെ. വിലക്കുറവും എളുപ്പത്തിൽ ലഭിക്കുമെന്നതും ആണ് വിദ്യാർഥികളെ ഇതിലേക്ക് ആകർഷിച്ചത്. വിവരം അറിഞ്ഞതോടെ പഞ്ചർ പശയുടെ മൊത്ത വിതരണക്കാരൻ സാധനത്തിന്റെ വിൽപന തന്നെ നിർത്തി. 

പരീക്ഷ എഴുതിയില്ലെങ്കിലും സ്റ്റഫ്  ഉള്ള പയ്യന്മാരാണ് 

മേഖലയിലെ ഒരു ഹയർ സെക്കൻഡറി സ്കൂളിൽ അർധവാർഷിക പരീക്ഷ നടക്കുന്ന സമയം, 12.30 വരെയുള്ള പരീക്ഷ അവസാനിക്കുന്നതിനു മുൻപ് ഏതാനും വിദ്യാർഥികൾ ഉത്തരപ്പേപ്പർ നൽകി പുറത്തേക്കിറങ്ങി. ഒരു പ്ലസ്ടു വിദ്യാർഥി 5 പ്ലസ് വൺ വിദ്യാർഥികളുമായി സ്കൂളിനു പിറകിലുള്ള ശുചിമുറിയിലേക്ക് പോയി. അൽപം കഴിഞ്ഞു തിരിച്ചെത്തി. കുറച്ചു സമയം കഴിഞ്ഞു, ഇതേ വിദ്യാർഥി മറ്റൊരു സംഘവുമായി വീണ്ടും ശുചിമുറിയിലേക്ക്. ഇത്തരത്തിൽ ഒന്നിലേറെ തവണ പോകുന്നതു കണ്ട അധ്യാപകർ പൊലീസിൽ വിവരമറിയിച്ചു. 

2 ദിവസത്തിനുശേഷം പൊലീസ് കഞ്ചാവുമായി 4 പേരെ പിടികൂടിയപ്പോൾ അതിൽ 3 പേർ ഈ സ്കൂളിലെ വിദ്യാർഥികളായിരുന്നു. 2 പേർ പ്രായപൂർത്തിയാകാത്തവർ. ഇവർ കഞ്ചാവിന്റെ വിതരണക്കാരും കൂടിയാണെന്നു പിന്നീട് കണ്ടെത്തി. ഇവരിൽ നിന്നു 2 കിലോയിലേറെ കഞ്ചാവ് പൊലീസ് പിടികൂടി. പത്താം ക്ലാസ് മുതലുള്ള വിദ്യാർഥികൾ ഇവരുടെ വലയിൽ വീണിട്ടുണ്ടായിരുന്നു. മേഖലയിലെ മറ്റൊരു സ്കൂളിൽ ഒരു ക്ലാസിലെ 80 ശതമാനം പേരും കഞ്ചാവ് ഉപയോഗക്കാരാണെന്ന് അതേ ക്ലാസിലെ പെൺകുട്ടികൾ സ്റ്റുഡന്റ് കൗൺസലറോടു വെളിപ്പെടുത്തിയത് അടുത്തിടെയാണ്. ഇവരുടെ ഇടയിൽ ഞങ്ങൾ സുരക്ഷിതരല്ലെന്നും ഭീതിയോടെയാണു കഴിയുന്നതെന്നും രേഖാമൂലം നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...