കള്ളത്തരം മറയ്ക്കാൻ സ്ത്രീ കഥ മെനഞ്ഞു; പൊളിച്ച് പൊലീസ് നായ; കഥ ഇങ്ങനെ

police-dog-lady
SHARE

കള്ളത്തരം മറയ്ക്കാൻ കഥ മെനഞ്ഞ സ്ത്രീയെ പൊലീസ് നായ കുടുക്കി. നഗരത്തിനു സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പൊലീസിനെയും നാട്ടുകാരെയും 2 മണിക്കൂർ മുൾമുനയിൽ നിർത്തിയ വ്യാജ പരാതിക്കു തിരശീല വീണത് കല്ലേക്കാട് എആർ ക്യാംപിലെ പൊലീസ് നായ റോക്കിയുടെ മിടുക്കിൽ. വീട്ടിൽ അതിക്രമിച്ചുകടന്ന മുഖംമൂടി സംഘം മുളകുപൊടി എറിഞ്ഞും മറ്റും അലമാരയിൽ സൂക്ഷിച്ച 8 പവൻ സ്വർണവും 10,000 രൂപയും കവർന്നെന്നായിരുന്നു പരാതി. 

സംഭവം ഇങ്ങനെ: പുറത്തു നിന്നു പൂട്ടിയ വീട്ടിൽ നിന്നു നിലവിളി കേട്ടെത്തിയ സമീപവാസികളാണു വീടു തുറന്നപ്പോൾ അകത്ത് പേടിച്ച അവസ്ഥയിൽ സ്ത്രീയെ കണ്ടത്. വീട്ടിനകത്തു മുളകുപൊടി വിതറി സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. വീട്ടിൽ സ്ത്രീ തനിച്ചായിരുന്നു. കവർച്ച നടന്നെന്നു സ്ത്രീ പറഞ്ഞതോടെ വിവരം പൊലീസിനെ അറിയിച്ചു. ഇതോടെ പൊലീസ്, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവരെത്തി. നാട്ടുകാരും തടിച്ചുകൂടി. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിച്ചു. 

പൊലീസ് നായ റോക്കി വീടിനു ചുറ്റും ഓടിയശേഷം സ്ത്രീയുടെ മുന്നിൽ നിന്ന് ഏറെ നേരം കുരച്ചു. സംശയം തോന്നിയ പൊലീസ് സ്ത്രീയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണു സത്യം അറിയുന്നത്. സുഹൃത്തിനെ സാമ്പത്തികമായി സഹായിച്ചതു വീട്ടുകാർ അറിയാതിരിക്കാനുള്ള തിരക്കഥ മെനഞ്ഞതായിരുന്നു സ്ത്രീ. ഇതിനു സുഹൃത്തിന്റെ സഹായവും ലഭിച്ചു. സ്ത്രീയെയും സുഹൃത്തിനെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി ശാസിച്ച പൊലീസ്, പരാതി ഇല്ലാത്തതിനാൽ കേസെടുക്കാതെ വിട്ടയച്ചു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...