വേട്ട‍‍‌മ‍‍‍‍‌‌ൃഗങ്ങളെ കൊന്ന് കഷ്ണങ്ങളാക്കുന്നത് ഹരം; അതുപോലെ ഇസ്മയിലിനെയും: നടുക്കം

calicut-murder
SHARE

2017 ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ചാലിയം കടപ്പുറത്ത് നിന്ന് കൈകളും തലയോട്ടിയും പൊലീസിന് ലഭിച്ചത്. മുക്കത്ത് നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ ശരീരഭാഗങ്ങളും ലഭിച്ചു. പൊലീസ് അന്വേഷണം വിഫലമായതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. രണ്ടര വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചത്. ചാലിയം കടല്‍തീരത്തു നിന്ന് ഇടതുകയ്യുടെ ഭാഗമാണ് ആദ്യം കിട്ടിയത്. മൂന്നു ദിവസത്തിനുശേഷം ഇതേ സ്ഥലത്തുനിന്ന് വലതുകയ്യും ലഭിച്ചു.

അന്വേഷണം നടക്കുന്നതിനിടെ മലയോര മേഖലയായ മുക്കം എസ്റ്റേറ്റ് റോഡരികില്‍നിന്ന് കൈകളും കാലും തലയും വെട്ടിമാറ്റിയ നിലയില്‍ ഉടല്‍ മാത്രം ചാക്കിനുള്ളില്‍ കണ്ടെത്തി. ഒരാഴ്ച കഴിഞ്ഞ് കൈകള്‍ ലഭിച്ച ചാലിയം തീരത്തുനിന്ന് തലയോട്ടിയും ലഭിച്ചു. വിദഗ്ധ പരിശോധനയില്‍ എല്ലാ ശരീര ഭാഗങ്ങളും ഒരാളുടേതാണെന്ന് കണ്ടെത്തി. 2017 ഒക്ടോബർ നാലിന് പൊലീസിൽനിന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഒരു തുമ്പും ലഭിക്കാതെ വന്നതോടെ കൊല്ലപ്പെട്ട ആളോട് സാമ്യമുള്ള രേഖാചിത്രം കഴിഞ്ഞ നവംബറില്‍ ക്രൈംബ്രാഞ്ച് തയാറാക്കി. അന്വേഷണം മുന്നോട്ട് പോകുന്നതിനിടയിലാണു വഴിത്തിരിവുണ്ടാകുന്നത്.

പൊലീസ് രേഖകളിൽ നിന്ന് ലഭിച്ച മേൽവിലാസത്തിൽ ഇസ്മയിലിന്റെ വീട്ടിലെത്തിയപ്പോൾ ഇയാൾക്ക് മൂന്നു ഭാര്യമാരും ഉമ്മയുമുണ്ടെന്നു മനസ്സിലാക്കി. തുടർന്ന് ഉമ്മയുടെ രക്തപരിശോധനയിൽ നിന്നും ഡിഎൻഎ പരിശോധനയിൽ നിന്നും ഇസ്മയിലാണു മരിച്ചതെന്നു സ്ഥിരീകരിച്ചു. ഇസ്മയിലിന്റെ സുഹൃത്തുക്കളിലേക്കു നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഒരു കൊലപാതകം നടത്തിയിരുന്നെന്നും അതിൽനിന്നു പണം ലഭിക്കാനുണ്ടെന്നും മനസ്സിലാക്കിയത്. ഇത് ബുർജുവിലേക്ക് അന്വേഷണസംഘത്തെ എത്തിച്ചെന്നും ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ.തച്ചങ്കരി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കൊലപാതകത്തിനു ശേഷം തമിഴ്നാട്ടിലേക്കു കടന്ന ബുർജുവിനെ പിന്തുടർന്ന് ക്രൈംബ്രാഞ്ച് അവിടെയെത്തിയെങ്കിലും പിടിക്കാനായില്ല. കഴിഞ്ഞദിവസം മുക്കത്ത് വച്ചാണ് ഇയാൾ അറസ്റ്റിലായത്. ബുർജുവിന്റെ അമ്മയുടെ മരണത്തിൽ നാട്ടുകാർക്കു തോന്നിയ സംശയമാണ് അന്വേഷണം ഇയാളിലേക്കു വഴിതിരിച്ചുവിട്ടത്.

സ്വത്തുക്കൾക്കു വേണ്ടി അമ്മയെ കൊലപ്പെടുത്താൻ ബുർജു ഇസ്മയിലിന്റെ സഹായം തേടിയിരുന്നു. ഇരുവരും ചേർന്ന് ബുർജുവിന്റെ അമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കുകയായിരുന്നെന്ന് ബുർജു പൊലീസിനോട് സമ്മതിച്ചു. എന്നാൽ കൊലപാതകത്തിനു ശേഷം ഇസ്മയിൽ നിരന്തരമായി പണത്തിനായി ശല്യപ്പെടുത്തിയിരുന്നെന്നും ഇതാണ് അയാളെയും കൊല്ലുന്നതിലേക്ക് എത്തിച്ചതെന്നും ബുർജു വെളിപ്പെടുത്തി. ഇസ്മയിലിനെ മദ്യം നൽകി മയക്കിയാണു കൊലപ്പെടുത്തിയത്. ശരീരഭാഗങ്ങൾ മുറിച്ചു ചാക്കിൽ കെട്ടി ഉപേക്ഷിച്ചു.

MORE IN Kuttapathram
SHOW MORE
Loading...
Loading...