ഗോപിക വധക്കേസ്: നിര്‍ണായക വിവരങ്ങള്‍തേടി അന്വേഷണസംഘം തമിഴ്നാട്ടിൽ

gopika-murder
SHARE

കൊച്ചിക്കാരിയായ പ്ലസ് ടു വിദ്യാർഥിനി ഗോപികയെ തമിഴ്നാട് വരട്ട്പാറയിലെ തേയിലത്തോട്ടത്തിൽ കൊന്നു തള്ളിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍തേടി അന്വേഷണസംഘം തമിഴ്നാട്ടില്‍. പ്രതി സഫര്‍ ഷായെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. കൊലയ്ക്കുപയോഗിച്ച കത്തിയും കണ്ടെത്തി.

കൊച്ചി കലൂരിൽ താമസിക്കുന്ന ഇവയെന്നു വിളിക്കുന്ന ഗോപികയുടെ മൃതദേഹം ഈമാസം എട്ടിന് പുലർച്ചെയാണ് തമിഴ്നാട് വരട്ട്പാറയിലെ തേയിലത്തോട്ടത്തിൽ കണ്ടെത്തിയത്. ഷോളയാർ അണക്കെട്ടിന് പതിനൊന്നര കിലോമീറ്റര്‍ അകലെ തേയിലത്തോട്ടത്തിന് നടുവിലെ റോഡരുകില്‍വച്ചാണ് ആണ്‍സുഹൃത്ത് സഫർ ഷാ പെൺകുട്ടിയെ കൊലപ്പെടുത്തിയത്. ഏഴാംതീയതി രാത്രി എട്ടുമണിയോടെയായിരുന്നു കൊലപാതകം. കൊലപാതകത്തിനുശേഷം ഉപേക്ഷിച്ച കത്തി കണ്ടെത്താനായിരുന്നില്ല. 

സഫര്‍ ഷായുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വരട്ട്പാറയിലും, ഷോളയാര്‍ ഡാം പരിസരത്തും എറണാകുളം സെന്‍ട്രല്‍ സി.ഐ എസ്.വിജയ് ശങ്കറിന്റെ  നേതൃത്വത്തിലുള്ള അന്വേഷണസംഘം പരിശോധന നടത്തി. ഗോപികയുടെ മൃതദേഹം കിടന്നിരുന്ന സ്ഥലത്തുനിന്ന് നാനൂറ് മീറ്ററോളം മാറി റോഡരുകിലെ ചെരുവില്‍നിന്നാണ് കത്തി കണ്ടെടുത്തത്. കൊലപാതകം നടന്ന സ്ഥലത്തുനിന്നുള്ള മാപ്പിങ് അടക്കമുള്ള വിവരശേഖരണവും തെളിവെടുപ്പിന്റെ ഭാഗമായി നടത്തി. 

ചെക്പോസ്റ്റുകളിലും പ്രതിയെ എത്തിച്ച് തെളിവെടുത്തു. പ്രണയത്തിൽനിന്ന് പെൺകുട്ടി പിൻമാറുന്നുവെന്ന തോന്നലായിരുന്നു കൊലപാതകത്തിന് കാരണം. കാറിലിരുന്നുണ്ടായ തര്‍ക്കത്തിനിടെ കത്തികൊണ്ട് ഇരുപത്തിമൂന്ന് തവണയാണ് സഫർ ഗോപികയെ കുത്തിയത്. ഇതിൽ നാല് മുറിവുകൾ വളരെ ആഴമുള്ളവയായിരുന്നു. മരണം ഉറപ്പാക്കിയശേഷം മൃതദേഹം നാലു കിലോമീറ്റർ അകലെ വരട്ട്പാറയിലെത്തിച്ചു. തേയിലത്തോട്ടത്തിന് നടുവിലെ റോഡരുകിൽ കാർ നിർത്തിയശേഷം റോഡിൽ നിന്ന് മൃതദേഹം താഴേക്കെറിഞ്ഞു. കുണ്ടന്നൂരിലെ കാർ സർവീസ് സെന്ററിലെ ജീവനക്കാരനായ സഫർ ഷാ അവിടെ സർവീസിനെത്തിച്ച കാറിലാണ് പെൺകുട്ടിയെ ഷോളയാറിലേക്ക് കൊണ്ടു പോയത്. വണ്ടി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് മരട് സ്റ്റേഷനിൽ ഉടമ നൽകിയ പരാതിയാണ് നിർണായകമായത്. 

വണ്ടി ആതിരപ്പള്ളി കടന്നു പോയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതോടെ തമിഴ്നാട്ടിലെ വാട്ടർഫാൾസ് സ്റ്റേഷനിൽ വിവരമറിയിച്ചു. തമിഴ്നാട് പൊലീസ് വണ്ടി പിടികൂടുകയും ഉള്ളിൽ രക്തക്കറ കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ഗോപികയെ കാണാനില്ലെന്നും സഫറിനെ സംശയിക്കുന്നതായും പരാതി ലഭിച്ചതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. സഫര്‍ഷാ വിദേശത്തുനിന്ന് തിരിച്ചെത്തിയശേഷമുള്ള പ്രവര്‍ത്തനങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

MORE IN Kuttapathram
SHOW MORE
Loading...
Loading...