വിരലടയാളം വ്യത്യസ്ത രീതിയില്‍ വലുതാക്കി; തുമ്പില്ലാത്ത രണ്ടു കൊലപാതകങ്ങൾ തെളിഞ്ഞതിങ്ങനെ

kozhikode-murder-case-arrest-3
SHARE

സ്വത്തിനായി അമ്മയെയും, ക്വട്ടേഷന്‍ തുക ചോദിച്ച സുഹൃത്തിനെയും കൊന്ന കേസിൽ ക്രൈംബ്രാഞ്ച് തുമ്പുണ്ടാക്കിയത് ബുദ്ധിപൂർവമായ നീക്കത്തിലൂടെ. തിരുവമ്പാടിയില്‍ കൈയ്യും കാലും തലയും വേര്‍പെട്ട നിലയില്‍ കണ്ടെത്തിയ പുരുഷ മൃതദേഹത്തിന് പിന്നാലെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് രണ്ട് കൊലപാതകങ്ങള്‍. മുക്കം സ്വദേശിനി ജയവല്ലി, വണ്ടൂര്‍ സ്വദേശി ഇസ്മയില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ജയവല്ലിയുടെ മകന്‍ ബിര്‍ജുവിനെ നീലഗിരിയിലെ ഫാം ഹൗസില്‍ നിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 

യാതൊരു തുമ്പും അവശേഷിപ്പിക്കാതെ പൂര്‍ത്തിയാക്കിയ കൊലപാതകം െതളിയിക്കാന്‍ ക്രൈംബ്രാഞ്ച് വസ്തു ഇടപാടുകാരായും പച്ചക്കറി വില്‍പനക്കാരായും സഞ്ചരിച്ചു. പൊലീസ് ഫൊട്ടൊഗ്രഫര്‍ പകര്‍ത്തിയ വിരലടയാളം പ്രത്യേക രീതിയില്‍ ഫോട്ടോകളാക്കിയാണ് നിര്‍ണായക വിവരം ശേഖരിച്ചത്. കൊലയുടെ ബാക്കിപ്പണത്തിനായി മുക്കത്തേക്ക് പോകുന്നുവെന്ന സുഹൃത്തിനോടുള്ള ഇസ്മയിലിന്റെ വെളിപ്പെടുത്തലും അന്വേഷണത്തിന് സഹായമായി. 

മൂന്നിടങ്ങളില്‍ നിന്ന് കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ക്കപ്പുറം യാതൊരു തുമ്പും ക്രൈംബ്രാഞ്ചിനുണ്ടായിരുന്നില്ല. പൊലീസ് ഫൊട്ടോഗ്രഫര്‍ പകര്‍ത്തിയ കൊല്ലപ്പെട്ടയാളുടെ കൈവിരല്‍ ദൃശ്യം വ്യത്യസ്ത രീതിയില്‍ വലുതാക്കിയാണ് വിരലടയാളം ശേഖരിച്ചത്. കേസിന്റെ ഗതി നിര്‍ണയിച്ചത് ഈ തെളിവുകളായിരുന്നു. നേരത്തെ കുറ്റകൃത്യങ്ങളില്‍പ്പെട്ടിരുന്നതിനാല്‍ തിരുവനന്തപുരത്തെ പരിശോധനയില്‍ ഇസ്മയിലിന്റെ വിരലടയാളം തിരിച്ചറിയാന്‍ കഴിഞ്ഞു. രോഗ പരിശോധനയ്ക്കെന്ന് പറഞ്ഞാണ് ഇസ്മയിലിന്റെ മാതാവിന്റെ രക്തം മൂന്ന് തവണ ശേഖരിച്ച് ഡി.എന്‍.എയിലൂടെ കൊല്ലപ്പെട്ടത് ഇസ്മയിലെന്ന് ഉറപ്പിച്ചത്. 

അമ്മയോട് മകനെ കാണാതിരുന്നിട്ടും എന്തുകൊണ്ട് പരാതി നല്‍കിയില്ല എന്ന് ഇസ്മയിലിന്റെ സുഹൃത്തുക്കളെ വിട്ട് അന്വേഷിപ്പിച്ചു. മറുപടിയുണ്ടായിരുന്നില്ല. ഡി.എന്‍.എ പരിശോധനയ്ക്കായി ഇസ്മയിലിന്റെ മാതാവിന്റെ രക്ത സാംപിളുകള്‍ ശേഖരിക്കാനുള്ള ശ്രമങ്ങളും ആദ്യം വിഫലമായി. എന്നാല്‍ ശാസ്ത്രീയ തെളിവുകളുടെ പ്രധാന ഭാഗമെന്ന നിലയിലാണ് പിന്നീട് വനിതാ പൊലീസുകാരെ ചുമതലപ്പെടുത്തി സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചത് 

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് കാണാതായവരെക്കുറിച്ചുള്ള വിവരം ശേഖരിച്ചു. ഒന്നിലും ഡി.എന്‍.എ സാംപിളുകള്‍ ബന്ധുക്കളുടേതുമായി യോജിക്കുന്നുണ്ടായിരുന്നില്ല. പല്ലിലെ പുകയിലക്കറ ഇതരസംസ്ഥാനക്കാരന്റെ മൃതദേഹമെന്ന സംശയമുണ്ടാക്കി. തലയോട്ടിയുടെ എക്സ്റേയെടുത്ത് മരണപ്പെട്ട ആളിന്റെ മുഖത്തിന്റെ പോര്‍ട്രെയ്റ്റ് തയാറാക്കി. ഇസ്മയിലിന്റെ മൂന്നാമത്തെ ഭാര്യയില്‍ നിന്നാണ് കൂട്ടുകാരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചത്. കുഞ്ഞുമോന്‍ എന്നയാളുടെ മൊഴിപ്രകാരമാണ് സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സുഹൃത്തിന്റെ അമ്മയെ കൊലപ്പെടുത്താന്‍ ഇസ്മയില്‍ സഹായിച്ചുവെന്ന വിവരം ലഭിച്ചത്. 

ഇതിനായി പറഞ്ഞുറപ്പിച്ച ബാക്കി തുക വാങ്ങുകയെന്ന ലക്ഷ്യം വച്ചാണ് ഇസ്മയില്‍ മുക്കത്തേക്ക് തിരിച്ചതെന്നും വ്യക്തമായി. മുക്കത്തെയും സമീപ ഇടങ്ങളിലെയും അസ്വാഭാവിക മരണത്തെക്കുറിച്ചായിരുന്നു പിന്നീടുള്ള അന്വേഷണം. എഴുപത് വയസുള്ള ജയവല്ലി സ്വന്തം വീട്ടിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചതില്‍ ക്രൈംബ്രാഞ്ചിന് അസ്വാഭാവികത തോന്നി. തുടര്‍ന്ന് അവരുടെ ഏക മകനായ ബിര്‍ജുവിനെക്കുറിച്ച് അന്വേഷിച്ചു. ഇയാള്‍ അമ്മയുെട പേരിലുള്ള സ്ഥലം മുപ്പത് ലക്ഷം രൂപയ്ക്ക് വിറ്റ് തമിഴ്നാട്ടിലേക്ക് പോയതായി വിവരം കിട്ടി. 

ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഇയാളെക്കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല. വസ്തു ഇടപാടുകാരായും പച്ചക്കറി വില്‍പനക്കാരുമായും ക്രൈംബ്രാഞ്ചിന്റെ വേഷം മാറിയുള്ള അന്വേഷണത്തില്‍ വയനാട് തമിഴ്നാട് വനാതിര്‍ത്തിയില്‍ കര്‍ഷകനായി ബിര്‍ജു താമസിക്കുന്നതായി കണ്ടെത്തി. വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ചതിലൂെട ഉടമ ബിര്‍ജുവെന്നും ഉറപ്പിച്ചു. കഴിഞ്ഞദിവസം വേഷം മാറി വീടിന് സമീപം കാത്തുനിന്ന പൊലീസുകാരെ വെട്ടിച്ച് ബിര്‍ജു കടന്നു. നീലഗിരിയില്‍ നിന്നാണ് പിന്നീട് ബിര്‍ജുവിനെ ക്രൈംബ്രാഞ്ച് പിടികൂടിയത്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...