അമേരിക്കയിൽ ജോലി; കുടുംബ വീസ; ലക്ഷങ്ങള്‍ തട്ടി; നൈജീരിയക്കാരൻ പിടിയിൽ

cyberaarest03
SHARE

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത നൈജീരിയക്കാരനെ  മുംബൈയില്‍ നിന്ന് പിടികൂടി. തിരുവനന്തപുരം സ്വദേശിനിയില്‍ നിന്ന് 13 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. മഹാരാഷ്ട്രയില്‍ നൈജീരിയക്കാരുടെ തട്ടിപ്പ് സംഘങ്ങള്‍ വ്യാപകമെന്ന് അന്വേഷണം നടത്തിയ സൈബര്‍ ക്രൈംപൊലീസ് അറിയിച്ചു.

കൊലാവോള്‍ ബൊബോയോ എന്ന 26കാരന്‍, നൈജീരിയക്കാരനെങ്കിലും മുംബൈ ഉള്‍പ്പടെ മഹാരാഷ്ട്രയിലെ വിവിധയിടങ്ങളിലാണ് വര്‍ഷങ്ങളായി താമസം. സൈബര്‍ തട്ടിപ്പാണ് മുഖ്യജോലി. അങ്ങിനെ വിരിച്ച വലയിലാണ് തിരുവനന്തപുരം സ്വദേശിനി കുടുങ്ങിയത്. അമേരിക്കയിലെ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റായി ജോലിയും കുടുംബവീസയും തരപ്പെടുത്തി തരാമെന്നായിരുന്നു വാഗ്ദാനം. വെബ്സൈറ്റില്‍ നല്‍കിയ പരസ്യം കണ്ണടച്ച് വിശ്വസിച്ച ഇവര്‍ ഇമെയില്‍ വഴി കൊലാവോളുമായി ബന്ധപ്പെട്ടു. 

പലപ്പോഴായി 13 ലക്ഷം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇട്ടുകൊടുക്കുകയും ചെയ്തു. ഇത്രയും പണം നല്‍കിയിട്ടും വീസ പോയിട്ട് ഒരു തുണ്ട് കടലാസ് പോലും ലഭിക്കാതെ വന്നതോടെ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇമെയിലും അക്കൗണ്ട് നമ്പരുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയേക്കുറിച്ച് സൂചന ലഭിച്ചത്. സൈബര്‍ ക്രൈം ഡിവൈ.എസ്.പി എന്‍. ജീജിയുടെ നേതൃത്വത്തിലെ അന്വേഷണത്തിലൂടെ പ്രതി മഹാരാഷ്ട്രയിലുണ്ടെന്നും കണ്ടെത്തി. 

ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഖാന്റെ നേതൃത്വത്തിലെ സംഘം മഹാരാഷ്ട്രയിലെത്തി പിടികൂടുകയായിരുന്നു. നൈജീരിയക്കാരുടെ ഒട്ടേറെ തട്ടിപ്പ് സംഘങ്ങള്‍ അവിടെയുള്ളതിനാല്‍ കൂടുതല്‍പേര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടാകാമെന്നാണ് കരുതുന്നത്.

MORE IN Kuttapathram
SHOW MORE
Loading...
Loading...