പാലക്കാട് കോടികൾ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി; യുവാവ് അറസ്റ്റിൽ

mdma-arrest-2
SHARE

പാലക്കാട് ഒലവക്കോട് റയിൽവേ സ്റ്റേഷനിൽ കോടികൾ വിലമതിക്കുന്ന ലഹരി മരുന്നുമായി യുവാവ് അറസ്റ്റിൽ. എംഡിഎംഎ എന്ന ലഹരി മരുന്നുമായി തൃശൂർ സ്വദേശി അഭിജിത്താണ് പിടിയിലായത്. ഇരുപതു വർഷം തടവ് ശിക്ഷ ലഭിക്കുന്ന ലഹരി കടത്താണിത്.

തൃശൂർ പൈങ്കുളം സ്വദേശി അഭിജിത്തിനെയാണ് എംഡിഎംഎ എന്ന ലഹരിമരുന്നുമായി റയിൽവേ സംരക്ഷണ സേനയുടെ കുറ്റാന്വേഷണ വിഭാഗം പിടികൂടിയത്. ബംഗളൂരു- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്സിൽ യാത്ര ചെയ്യുമ്പോൾ ഒലവക്കോട് റയിൽവേ സ്റ്റേഷനിൽ വച്ചാണ് കുടുങ്ങിയത്. ഇദ്ദേഹത്തിന്റെ ബാഗിൽ നിന്ന് 12  ഗ്രാം എംഡിഎംഎ യാണ് കണ്ടെത്തിയത്. ബംഗളൂരുവിൽ നിന്ന് തൃശൂരിലേക്ക് കടത്താനായിരുന്നു ശ്രമം. 

വിപണിയിൽ കിലോയ്ക്ക് 1 കോടി രൂപയിലധികം വില വരുന്ന ലഹരിമരുന്നാണിത്.  നഗരങ്ങളിലെ നിശാ പാർട്ടികളികളിലും മറ്റുമാണ് എംഡിഎംഎ ഉപയോഗിച്ചു വരുന്നത്. പത്തു ഗ്രാമിൽ കൂടുതൽ എംഡിഎംഎ കെെവശം വച്ചാൽ 20 വർഷം വരെയാണ് തടവു ശിക്ഷ. കേസ് എക്സൈസിന് കൈമാറി. തൃശൂർ കേന്ദ്രീകരിച്ച്  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണിയാണ് യുവാവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ലഹരി മരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കി. കൊച്ചി കേന്ദ്രമാക്കിയ ലഹരി കടത്ത് സംഘത്തിലുള്ളവർക്കും പങ്കുണ്ടെന്നാണ് സൂചന. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...