20 വയസുള്ള ഗുണ്ടാനേതാവ്; റോട്ട്​വീലർ നായ്ക്കളെ അഴിച്ചുവിട്ടു; തോക്കുചൂണ്ടി; ഭീതി

dog-attack-police
SHARE

വെറും 20 വയസ് മാത്രമുള്ള ഗുണ്ടാ നേതാവിനെ പിടികൂടാൻ എത്തിയ എക്സൈസ് സംഘം നേരിട്ടത് അപ്രതീക്ഷിത ആക്രമണമാണ്. കഞ്ചാവ് പിടിക്കാനെത്തിയ എക്സൈസ് സംഘത്തിനു നേർക്കു 3 റോട്ട്‌വീലർ നായ്ക്കളെ ആദ്യം ഇയാൾ അഴിച്ചുവിട്ടു. പിന്നാലെ നാടൻ തോക്കുചൂണ്ടി വധഭീഷണി. ഒടുവിൽ സാഹസികമായി എക്സൈസ് സംഘം ഇയാളെ പിടികൂടി. ഗുണ്ടാനേതാവ് നടത്തറ കാച്ചേരി വാഴപ്പിളളി നോബി (20) ആണ് പിടിയിലായത്. വിൽക്കാനായി സൂക്ഷിച്ച 5 പൊതി കഞ്ചാവ് ഇയാളിൽ നിന്നു കണ്ടെടുത്തു. കൂട്ടാളി അഞ്ചേരി പെരിഞ്ചേരി അരുണിനെ (23)പിന്തുടർന്നു പിടികൂടി. ഇയാളിൽ നിന്ന് 1.5 കിലോ ക‍ഞ്ചാവ് കണ്ടെടുത്തു.

നോബിയും സംഘവും കഞ്ചാവു വിൽക്കുന്നുണ്ടെന്നും പ്രദേശവാസികളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും എക്സൈസിനു വിവരം ലഭിച്ചിരുന്നു. അന്വേഷിക്കാൻ നടത്തറയിലെത്തിയ എക്സൈസ് സംഘത്തെക്കണ്ട നോബി വീട്ടിലേക്ക് ഓടിക്കയറി. പിന്നാലെ എക്സൈസും. 3 റോട്ട്‍വീലർ നായ്ക്കളെ നോബി അഴിച്ചുവിട്ടതോടെ ഭയന്ന എക്സൈസ് സംഘം പുറത്ത‍ിറങ്ങി ഗേറ്റ് പൂട്ടിയതുകൊണ്ടാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. 

ഈ സമയം നോബി നാടൻതോക്ക് ചൂണ്ടി വീടിനു പുറത്തെത്തി അന്വേഷണസംഘത്തിനു നേരെ ഭീഷണി മുഴക്കി. കഠാര വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. എന്നാൽ, വീടിന്റെ പിൻഭാഗത്തെ മതിൽ ചാടിക്കടന്നെത്തിയ എക്സൈസ് സംഘ‍ം നോബിയെ പിന്നിലൂടെയെത്തി കീഴടക്കുകയായിരുന്നു. ഇയാൾ ഒട്ടേറെ ഗുണ്ടാ ആക്രമണക്കേസുകളിൽ പ്രതിയാണ്. നോബിയിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്കു കഞ്ചാവ് വിതരണം ചെയ്യുന്ന അരുണും പിടിയിലായത്. ബൈക്കിൽ 1.5 കിലോ കഞ്ചാവുമായി പാഞ്ഞ അരുണിനെ എക്സൈസുകാർ തടഞ്ഞെങ്കിലും ഇടിച്ചുവീഴ്ത്തി രക്ഷപ്പെടാനായി ശ്രമം. ഒടുവിൽ പിന്തുടർന്നു പിടിക‍ൂടുകയായിരുന്നു.

MORE IN Kuttapathram
SHOW MORE
Loading...
Loading...