ആ അപകടം എങ്ങനെ നടന്നു? ; കാറിനും ഡ്രൈവറിനും പിന്നാലെ പൊലീസ്: ദുരൂഹം

tvm-accident-car
SHARE

രണ്ടു പേരുടെ ജീവൻ നഷ്ടപ്പെടാനിടയാക്കിയ വാഹനാപകടത്തിന് ഉത്തരവാദിയെന്നു കരുതുന്ന ചാരനിറത്തിലുള്ള കാറിനും ഡ്രൈവറിനും പിന്നാലെ മ്യൂസിയം പൊലീസ്. വെള്ളയമ്പലം–ശാസ്തമംഗലം റോഡിൽ ഡിസംബർ 29 ന് രാത്രി ഒൻപതിനു നടന്ന അപകടത്തിൽ നാലാഞ്ചിറ മാർ ഗ്രിഗോറിയോസ് കോളജിലെ നാലാം വർഷ നിയമവിദ്യാർഥി ആദിത്യ ബി. മനോജ് (22), ഊബർ ഈറ്റ്‌സ് ഭക്ഷണവിതരണക്കാരനായ അബ്ദുൽ റഹീം (44) എന്നിവരാണു മരിച്ചത്.

ആദിത്യ ബൈക്കിൽനിന്ന് തെറിച്ചുവീണും അബ്ദുൽ റഹീം റോഡ് മുറിച്ചു കടക്കുമ്പോഴുമാണ് അപകടത്തിൽപ്പെട്ടത്. ആദിത്യ സഞ്ചരിച്ച ബൈക്കിനു തൊട്ടടുത്തായി സഞ്ചരിച്ച കാർ ഇടിച്ചാണ് അപകടമുണ്ടായതെന്നാണു പൊലീസിന്റെ നിഗമനം. എന്നാൽ റോഡരികിലെ വ്യാപാര സ്ഥാപനത്തിന്റെ ക്യാമറയിൽനിന്നു ശേഖരിച്ച ദൃശ്യങ്ങളിൽ കാർ ഇരുവരെയും തട്ടിയിടുന്ന ദൃശ്യങ്ങൾ ഇല്ല. ആദിത്യയുടെ ബൈക്കിനു മുന്നിൽനിന്ന് ലഭിച്ച രക്തസാംപിളുകൾ പൊലീസ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. 

റോഡിന് എതിർവശത്തെ ഹോട്ടലിൽനിന്ന് ഭക്ഷണത്തിന്റെ ഓർഡർ എടുത്തശേഷം അബ്ദുൽ റഹീം സുഹൃത്തിനോടൊപ്പം റോഡ് മുറിച്ചു കടക്കാൻ വരുന്നതു ദൃശ്യങ്ങളിൽ അവ്യക്തമായി കാണാം. സുഹൃത്ത് ആദ്യം റോഡ് മുറിച്ചു കടക്കുമ്പോൾ അബ്ദുൽ റഹീം മീഡിയനിൽ നിൽക്കുന്നു. ഒരു കാർ കടന്നുപോയശേഷം അബ്ദുൽ റഹീം റോഡിന്റെ മറുവശത്തേക്കു പോകുന്നു. തൊട്ടുപിന്നാലെ പൊലീസ് സംശയിക്കുന്ന കാറിനെ ഇടതു വശത്തു നിന്നു മറികടന്ന് ആദിത്യയുടെ ബൈക്ക് മുന്നോട്ടു പോകുന്നതും പിന്നീടു ബൈക്കിൽ നിന്നു വലതു ഭാഗത്തേക്കു ശക്തിയായി തെറിച്ചു വീഴുന്നതും ദൃശ്യങ്ങളിൽ കാണാം.

tvm-accident-bike

ഈ സമയത്താണു അബ്ദുൽ റഹീമും അപകടത്തിൽപെട്ടത്. പക്ഷേ, അപകടം എങ്ങനെ സംഭവിച്ചു എന്നത് ദൃശ്യങ്ങളിലില്ല. ക്യാമറയ്ക്കു മുന്നിലെ ബോർഡും മരങ്ങളുമാണു ദൃശ്യങ്ങൾ ലഭിക്കാൻ തടസമായത്. ബൈക്ക് വീണ് 5 സെക്കൻഡുകൾക്കുശേഷം കാർ പതുക്കെ മുന്നോട്ടുവരുന്നതും റോഡിന് ഇടതുവശത്തു ഒതുക്കിയിടുന്നതും ദൃശ്യങ്ങളിൽ കാണാം. ഒരാൾ നടന്നു വന്നു പരിസരം നീരീക്ഷിച്ച ശേഷം മടങ്ങിപോകുന്നുണ്ട്. അപകടത്തിനു കാരണമായ കാറിന്റെ ഡ്രൈവറാകാമെന്ന നിഗമനത്തിൽ ഇയാളെ കണ്ടെത്താൻ ശ്രമം നടക്കുന്നു.

രേഖാചിത്രം തയാറാക്കുന്ന നടപടികളും ആരംഭിച്ചു. ആർടി ഓഫിസുകളില്‍ റജിസ്റ്റർ ചെയ്തിട്ടുള്ള ഇതേ മോഡൽ കാറുകളുടെ വിവരം ശേഖരിക്കുകയാണ് പൊലീസ്. തിരക്കേറിയ റോഡായിട്ടും ദൃക്സാക്ഷികളില്ലാത്തതും പൊലീസിനെ വലയ്ക്കുന്നുണ്ട്. പെട്ടെന്ന് ഒച്ചകേട്ട് തിരിഞ്ഞുനോക്കിയപ്പോൾ ബൈക്ക് റോഡിൽ കിടക്കുന്നത് കണ്ടെന്നാണു സംഭവ സ്ഥലത്തുണ്ടായിരുന്നവർ പൊലീസിനോട് പറഞ്ഞത്. അബ്ദുൽ റഹീമിന്റെ സുഹൃത്തും ശബ്ദംകേട്ടാണു തിരിഞ്ഞു നോക്കിയത്. 

രണ്ടു കാരണങ്ങളാൽ അപകടം ഉണ്ടാകാമെന്നു പൊലീസ് പറയുന്നു. ഒന്ന്, അമിതവേഗത്തിൽ വന്ന കാർ അപകടത്തിനു കാരണമായി. രണ്ട്, കാറിനെ ഇടതുവശത്തുകൂടി മറികടക്കാൻ ശ്രമിച്ച ആദിത്യ റോഡ് മുറിച്ചു കടന്ന അബ്ദുൽ റഹീമിനെ കണ്ടില്ല. ഇയാളെ ഇടിച്ചശേഷം നിയന്ത്രണം വിട്ടു കാറിനു മുന്നിലേക്ക് വീണു. കാർ ഓടിച്ചയാളെ കണ്ടെത്തിയാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ. അബ്ദുൽ റഹീം സംഭവസ്ഥലത്തും ആദിത്യ സ്വകാര്യ ആശുപത്രിയിൽ ചികിൽസയ്ക്കിടെയുമാണു മരിച്ചത്. വീട്ടുകാരുടെ തീരുമാനപ്രകാരം ആദിത്യയുടെ അവയവങ്ങൾ ദാനം ചെയ്തു. അപകട കാരണം കാറിന്റെ അമിത വേഗമെന്നാണ് ആദിത്യയുടെ ബന്ധുക്കൾ പറഞ്ഞു

MORE IN Kuttapathram
SHOW MORE
Loading...
Loading...