ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേര്‍ അറസ്റ്റിൽ

is-arrest
SHARE

രാജ്യാന്തര ഭീകര സംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേര്‍ ചെന്നൈയില്‍ അറസ്റ്റില്‍. ഐ.എസിന്റെ സ്വീപ്പര്‍ സെല്‍ പ്രവര്‍ത്തനങ്ങളുമായി  ഒളിവില്‍ കഴിയുന്നവര്‍ക്ക് സഹായം എത്തിച്ചു നല്‍കിയ ബംഗളുരു സ്വദേശികളാണ് തമിഴ്നാട് ക്യൂബ്രാഞ്ചിന്റെ പിടിയിലായത്.

ചെന്നൈ കേന്ദ്രീകരിച്ചുള്ള ഐ.എസിന്റെ സ്ലീപ്പര്‍ സെല്‍  ദക്ഷിണേന്ത്യയില്‍ ആസൂത്രിത ആക്രമണങ്ങള്‍ക്കു ശ്രമിക്കുന്നുവെന്ന കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ  മുന്നറിയിപ്പിനെ തുടര്‍ന്നാണ് തമിഴ്നാട് ക്യു ബ്രാഞ്ച് തിരച്ചില്‍ ശക്തമാക്കിയത്.  ദക്ഷിണേന്ത്യയിലെ ഐ.എസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നവരെന്നു കരുതുന്ന ചെന്നൈ സ്വദേശികളായ  കാജാ മൊയ്തീന്‍ , നവാസ് തമീം എന്നിവര്‍ ഒളിവിലാണ്.

ഇവരെ സഹായിച്ച  ബംഗളുരു സ്വദേശികളായ  മുഹമ്മദ് ഹനീഫ് ഖാന്‍, ഇമ്രാന്‍ ഖാന്‍, മുഹമ്മദ് സയ്യിദ് എന്നിവരാണ് അറസ്റ്റിലായത്. അമ്പത്തൂരിലെ ഹിന്ദു മുന്നണി പ്രവര്‍ത്തകരെ ആക്രമിക്കാനും  ഇവര്‍ ലക്ഷ്യമിട്ടിരുന്നുവെന്ന് ക്യൂ ബ്രാഞ്ച് അറിയിച്ചു. എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.  യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയതിനാല്‍ കേസിന്റെ തുടരന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കും. 

തമിഴ്നാട്ടിലെ ഐ.എസ് സ്വാധീനത്തെ കുറിച്ചു അന്വേഷിക്കുന്ന എന്‍.ഐ.എ സംഘമായിരിക്കും ഈ കേസും ഏറ്റെടുക്കുകയെന്നാണ് സൂചന. നേരത്തെ കോയമ്പത്തൂരിലെ വിവിധ കേന്ദ്രങ്ങളില്‍ നിരവധി തവണ ഐ.എസ് ബന്ധമുള്ളവരെ തേടി പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇരുപതിലധികം പേര്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...