ചിക്കനൊപ്പം സവാള കൊടുത്തില്ല; ഹോട്ടൽ തകർത്തതിൽ ഡിവൈഎഫ്ഐ നേതാക്കളും അറസ്റ്റിൽ

onion-dyfi-arrest
SHARE

തിരുവനന്തപുരത്ത് ചിക്കൻകറിക്കൊപ്പം സവാള കൊടുക്കാത്തിൽ പ്രതിഷേധിച്ച് ഹോട്ടൽ അടിച്ചു തകർത്ത  സംഭവത്തിൽ  5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്‌ഐ വഞ്ചിയൂർ മേഖല കമ്മിറ്റി പ്രസിഡന്റ് രഞ്ജിത്ത്, സെക്രട്ടറി ദിനീത്, മേഖലാ ട്രഷറർ അജിത്ത്, വിപിൻ, മനു എന്നിവരെയാണ് വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്റ്റേഷൻ ജാമ്യത്തിൽ 5 പേരും പുറത്തിറങ്ങി.

അറസ്റ്റിലായ പലരും ഒട്ടേറെക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. സംഘത്തിന്റെ  ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളിക്ക് പരുക്കേറ്റു.  വഞ്ചിയൂർ കൈതമുക്കിലെ വെട്ടുകാട്ടിൽ ഹോട്ടലിലാണ്  സംഘം അക്രമം നടത്തിയത്. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ ഹോട്ടൽ ഉടമ ശങ്കർ, ഭാര്യ ദിവ്യ, ഹോട്ടലിലെ റിസപ്ഷനിസ്റ്റ് സന്തോഷ്‌കുമാർ എന്നിവർക്കും മർദനമേറ്റു. ഹോട്ടൽ ജീവനക്കാരനായ പീരുമുഹമ്മദിന് അപ്പച്ചട്ടി കൊണ്ട് തലയ്ക്കടിയേറ്റു. ഇദ്ദേഹത്തെ സാരമായ പരുക്കുകളോടെ കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  25ന് വൈകിട്ട്  ആറിനായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന   സംഘം ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തി.

പൊറോട്ടയ്ക്കും ഇറച്ചിക്കറിക്കുമൊപ്പം സവാള അരിഞ്ഞതും ആവശ്യപ്പെട്ടു. ജീവനക്കാർ അരിഞ്ഞു നൽകിയെങ്കിലും സംഘം വീണ്ടും സവാള ആവശ്യപ്പെടുകയായിരുന്നു. സവാള ലഭിക്കാൻ താമസം ഉണ്ടായതോടെ സംഘം ജീവനക്കാരുമായി വാക്കുതർക്കത്തിലേർപ്പെട്ടു. വാക്കേറ്റത്തിനിടെയാണ് സംഘാംഗങ്ങളിൽ ചിലർ ഹോട്ടൽ  തകർത്തത്. ഹോട്ടലിലുണ്ടായിരുന്ന കണ്ണാപ്പയും ചട്ടുകവും ഉപയോഗിച്ച് അക്രമികൾ പാഴ്സൽ കൗണ്ടർ തല്ലിത്തകർത്തു.വഞ്ചിയൂർ പൊലീസ് കടയിലെ സിസിടിവി പരിശോധിച്ച് വിവരങ്ങൾ ശേഖരിച്ചു.

MORE IN Kuttapathram
SHOW MORE
Loading...
Loading...