പുതുവർഷം ലക്ഷ്യമിട്ട് ലഹരിഗുളിക; കോഴിക്കോട് യുവാവ് അറസ്റ്റിൽ

drug-tablets
SHARE

കോഴിക്കോട് നഗരത്തില്‍ 2748 ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റില്‍. കല്ലായി വലിയപറമ്പില്‍ സഹറത്തിനെയാണ് പന്നിയങ്കര പൊലീസും ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്. വേദനസംഹാരിയായ സ്പാമോ പ്രോക്സിവോണ്‍ ഗുളിക വിവിധ സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തിച്ചത്.  

പുതുവല്‍സരാഘോഷത്തില്‍ വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് സഹറത്ത് ലഹരിഗുളിക ശേഖരിച്ചത്. ബംഗലൂരു, മൈസൂര്‍, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് ബസിലും ട്രെയിന്‍ മാര്‍ഗവും ഗുളിക എത്തിച്ചിരുന്നുവെന്നാണ് വിവരം. ലഹരി ഗുളികകളുടെ കൂട്ടത്തില്‍ എസ്.പിയെന്നാണ് സ്പാമോ പ്രോക്സിവോണ്‍ പ്ലസ് അറിയപ്പെടുന്നത്. ഇരുപത്തി നാല് ഗുളികകള്‍ അടങ്ങിയ ഒരു സ്ട്രിപ്പിന് മെഡിക്കല്‍ ഷോപ്പില്‍ 150 രൂപയാണ് വില. പതിവായി ലഹരി ഉപയോഗിക്കുന്നവര്‍ ആയിരത്തി അഞ്ഞൂറില്‍ തുടങ്ങി രണ്ടായിരം വരെ വിലനല്‍കിയാണ് ഗുളിക ശേഖരിക്കുന്നത്. ഡോക്ടറുടെ കുറിപ്പില്ലാതെ വന്‍തോതില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലഹരികടത്തുകാര്‍ ഗുളിക ശേഖരിക്കുന്നതാണ് പതിവ്. 

വര്‍ഷങ്ങളായി ലഹരിക്കടിമയായ സഹറത്ത് വന്‍തുക ലാഭം ലക്ഷ്യമിട്ടും സ്വന്തം ഉപയോഗത്തിനും വേണ്ടിയാണ് ഇത്തരത്തില്‍ ഗുളിക ശേഖരിച്ചിരുന്നത്. സ്പാമോ പ്രോക്സിവോണ്‍ ഗുളികകള്‍ കഠിനമായ വേദനസംഹാരിയാണ്. ഗന്ധമോ മറ്റ് ലക്ഷണങ്ങളോ കാണിക്കാത്തതിനാല്‍ ഉപയോഗിക്കുന്നവരെ തിരിച്ചറിയാന്‍ പ്രയാസം. ചെറിയ അളവില്‍ ഉപയോഗിച്ച് തുടങ്ങുന്ന പലരും  കുറഞ്ഞ കാലയളവില്‍ ലഹരിക്ക് അടിമപ്പെടും. ലഹരി ഉപയോഗിക്കാത്ത അവസരത്തില്‍ ശക്തമായ ശരീരവേദന‌യും വിഷാദത്തിന് സമാനമായ മാനസിക വൈഷമ്യങ്ങളും പ്രകടിപ്പിക്കും. സഹറത്തിന് സഹായം നല്‍കിയിരുന്നവരെക്കുറിച്ചുള്ള വിവരം ശേഖരിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ പൊലീസിന്റെയും ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡിന്റെയും നേതൃത്വത്തില്‍ ശ്രമം തുടങ്ങി. 

MORE IN Kuttapathram
SHOW MORE
Loading...
Loading...