മുബാറക്ക് വധം: കുത്താൻ കത്തികൊടുത്തത് സിപിഎം ബ്രാഞ്ച് സെക്രട്ടറി; വെളിപ്പെടുത്തി സുഹൃത്ത്

കൊച്ചി വടക്കന്‍ പറവൂര്‍ മുബാറക്ക് വധക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന മുബാറക്കിന്റെ  സുഹൃത്ത് നാദിര്‍ഷ. പറഞ്ഞുതീര്‍ക്കാവുന്ന പ്രശ്നമാണ് വഷളാക്കിയത്. മുബാറക്കിനെ പിന്നില്‍ നിന്ന് പിടിച്ചുവച്ച് കുത്തുകയായിരുന്നു.  അറസ്റ്റിലായ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഫറൂഖാണ് കുത്താനുള്ള കത്തികൊടുത്തതെന്നും നാദിര്‍ഷ വെളിപ്പെടുത്തി. അഞ്ചുപേര്‍ ഇതുവരെ അറസ്റ്റിലായി.

മുബാറക്കിനെ കുത്തിയ ഒന്നാം പ്രതി മാഞ്ഞാലി തെക്കേത്താഴം തോപ്പില്‍ റംഷാദ്, മാവിന്‍ ചുവട് കണ്ടാരത്ത് അഹമ്മദ്,  ചെറുപറമ്പില്‍ സാലിഫ് എന്നിവരാണ് ഇന്ന് പുലര്‍ച്ചെ അങ്കമാലിയില്‍ പൊലീസിന് കീഴടങ്ങിയത്.  സി.പി.എം മാവിന്‍ചുവട് ബ്രാഞ്ച് സെക്രട്ടറി തോട്ടുങ്കല്‍ ഫറൂഖ്, മാവിന്‍ ചുവട് കളത്തില്‍പറമ്പില്‍ സജീര്‍ എന്നിവരെ  ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.  കേസിലെ മറ്റ് പ്രതികളായ മാവിന്‍ ചുവട് വലിയ വീട്ടില്‍ റിയാസ്, റൊണാള്‍ഡോ ജബ്ബാര്‍ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ഇതിനിടയിലാണ്  മുബാറഖിന്റെ സുഹൃത്ത് നാദിര്‍ഷയുടെ വെളിപ്പെടുത്തല്‍. മുബാറഖിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പരുക്കേറ്റ് ചികില്‍സയിലാണ് നാദിര്‍ഷ. പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാം എന്ന് ഉറപ്പുനല്‍കി വിളിച്ചുവരുത്തിയശേഷമായിരുന്നു സംഘം ചേര്‍ന്നുള്ള ആക്രമണവും കൊലപാതകവും. മുബാറഖിനെ റൊണാള്‍ഡോ ജബ്ബാര്‍ പിന്നില്‍ നിന്ന് പിടിച്ചുവച്ചു. ഫറൂഖ് കയ്യിലുണ്ടായിരുന്ന കത്തി എടുത്ത് റംഷാദിന് നേരെ നീട്ടി മുബാറഖിനെ തീര്‍ക്കാന്‍ പറഞ്ഞു. റംഷാദ് ആഞ്ഞ് കുത്തി.

കുത്തേറ്റ് പിടഞ്ഞ മുബാറഖ് ഇഴഞ്ഞ് വന്ന് കാലില്‍ തട്ടിയപ്പോഴാണ് താന്‍ അറിഞ്ഞത്. രക്തം വാര്‍ന്നൊലിക്കുന്നത് കണ്ടതോടെ പ്രതികള്‍ എല്ലാവരും ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് മുബാറഖിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു... ഞെട്ടല്‍ മാറാതെയാണ് നാദിര്‍ഷ സംഭവങ്ങള്‍ എല്ലാം വിവരിച്ചത്. 

മാളയില്‍ ഒരാളില്‍ നിന്ന് റിയാസ് വാടകയ്ക്കെടുത്ത കാര്‍ കാലങ്ങളായി ഉടമയ്ക്ക് തിരിച്ചു നല്‍കിയിരുന്നില്ല.  അതിനിടയില്‍ മുബാറക്ക് റിയാസ് അറിയാതെ കാറെടുത്ത് ഉടമയ്ക്ക് എത്തിച്ചുകൊടുത്തു. ഇതിന്റെ പേരിലാണ് തര്‍ക്കമുണ്ടായതും കൊലപാതകത്തിലെത്തിയതും. പ്രതികളുമായി മുട്ടത്തടത്തെത്തിയ പൊലീസ് കുത്താന്‍ ഉപയോഗിച്ച കത്തിയും, ചോരപുരണ്ട വസ്ത്രങ്ങളും കണ്ടെടുത്തു. ഫറൂഖിനെതിരെ തോക്ക് കയ്യില്‍വച്ചതടക്കം നിരവധി കേസുകളുണ്ട്.  ഒളിവില്‍പോയ റിയാസിനും റൊണാള്‍ഡോ ജബ്ബാറിനുമെതിരെ മുന്‍പ് കാപ്പയും ചുമത്തിയതാണ്.