മലയാളി ടെക്കികളുടെ മരണം: ആത്മഹത്യയാക്കാൻ പൊലീസ് ശ്രമിച്ചെന്ന് ബന്ധുക്കൾ

techie-death-3
SHARE

ബെംഗളൂരുവില്‍ ദൂരൂഹ സാഹചര്യത്തിൽ മരിച്ച മലയാളി ടെക്കികളുടെ മരണം ആത്മഹത്യയാണെന്നും സ്ഥാപിക്കാൻ പൊലീസ് മനപൂർവം ശ്രമം നടത്തുന്നതായി ബന്ധുക്കൾ. അതേസമയം, ഇരുവരും അടുപ്പത്തിലായിരുന്നെന്നും വിവാഹിതരാകാൻ  ആഗ്രഹിച്ചിരുന്നെന്നും ഇവർ ജോലി ചെയ്തിരുന്ന ഇലക്ട്രോണിക് സിറ്റി ടിസിഎസിലെ സഹപ്രവർത്തകർ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബർ 11നാണ്  അഭിജിത്തിനെയും ശ്രീലക്ഷ്മിയെയും കാണാതായത് കാണാതായത്. 

ആനേക്കലിനു സമീപം ചിന്തന മടിവാള വനത്തിലാണ് അഭിജിത് മോഹനും  ശ്രീലക്ഷ്മിയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജീര്‍ണിച്ച് ശിരസറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ. കഴിഞ്ഞ ഒക്ടോബർ 11ന് വൈകിട്ട് 6 മണിക്കു ശേഷമാണ് ഇരുവരും ജോലി കഴിഞ്ഞ് ഒരുമിച്ചിറങ്ങിയത്. ഫോണിൽ 2 ദിവസം ലഭിക്കാത്തതിനെ തുടർന്ന് ശ്രീലക്ഷ്മിയെ കാണ്മാനില്ലെന്നു ചൂണ്ടിക്കാട്ടി ഒക്ടോബർ 14ന് അമ്മാവനായ അഭിലാഷ് പാരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് ഒട്ടേറെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണു പൊലീസ് നൽകിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. 

കഴിഞ്ഞ 29 ന് മൃതദേഹങ്ങൾ വനത്തിൽ നിന്നു കണ്ടെത്തിയതോടെ കേസ് ഹെബ്ബഗോഡി പൊലിസ് ഏറ്റെടുക്കുകയായിരുന്നു. വിവാഹത്തിനു വീട്ടുകാർ തടസം നിന്നതാണ് ഇരുവരുടേയും ആത്മഹത്യയിലേക്കു നയിച്ചതെന്നാണു പൊലീസ് പറയുന്നത്. എന്നാൽ, അഭിജിത് വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും താൻ നിരുൽസാഹപ്പെടുത്തി എന്ന് ശ്രീലക്ഷ്മി വീട്ടിൽ പറഞ്ഞിരുന്നതായി പിതൃസഹോദരനായ സേതുമോൻ വ്യക്തമാക്കി. ഇരുവരും വെവ്വേറെ ജാതിക്കാരായതിനാൽ ശ്രീലക്ഷ്മിയെ വീട്ടുകാർ ഭീഷണിപ്പെടുത്തിയെന്ന പൊലീസ് വാദവും ബന്ധുക്കള്‍ തള്ളി. തന്റെ ടീം ലീഡറായ അഭിജിത്തിന് കടുത്ത മുൻകോപവും മറ്റു ചില മാനസിക അസ്വാസ്ഥ്യങ്ങളും ഉണ്ടെന്നും ശ്രീലക്ഷ്മി വിട്ടീൽ പറഞ്ഞിരുന്നു.

ഒക്ടോബർ 12ന് അഭിജിത്തിന്റെ ഫോണിൽ നിന്ന് ചിന്തന മടിവാളയിൽ നിന്നുള്ള ഗൂഗിൽ ലോക്കേഷൻ മാപ്പ് വാട്സാപ്പിൽ അയച്ചു കൊടുത്ത്, സഹായം തേടിയതിനുള്ള തെളിവുകൾ സഹപ്രവർത്തകർ പൊലീസിനു കൈമാറി. എവിടെയോ അപകടത്തിൽ കുടുങ്ങിയെന്ന സൂചന നൽകി, അത്യാവശ്യമാണ്, പെട്ടെന്നു വരണം എന്നായിരുന്നു സന്ദേശം.സൂഹൃത്തുക്കൾ ഇവിടെ എത്തിയെങ്കിലും ആരെയും കണ്ടെത്തിയിരുന്നില്ല. എന്നാല്‍  ഈ ദിവസങ്ങളിൽ ഇവരുടെ ഫോൺ ലൊക്കേഷൻ ഇലക്ട്രോണിക് സിറ്റിയിലെ ഒരു ഹോട്ടലിലും വൈറ്റ്ഫീൽഡിലെ ക്ഷേത്രത്തിനു സമീപത്തുമായിരുന്നെന്നാണ് പൊലീസിന്റെ വാദം.

MORE IN Kuttapathram
SHOW MORE
Loading...
Loading...