'നാണക്കേട് സഹിക്കാനാകുന്നില്ല, അത്രയ്ക്കും തരംതാഴ്ത്തി'; അരുണയുടെ ആത്മഹത്യ; വിവാദം

aruna-suicide
SHARE

കാർത്തികപ്പള്ളി എരികാട് ഗവ. ആയുർവേദ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരി അരുണയുടെ മരണത്തിൽ വിവാദം മുറുകുന്നു. പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയിലെ മരുന്നിന്റെ സ്റ്റോക്ക് പരിശോധിച്ചിരുന്നു. പരിശോധനയ്ക്ക് ശേഷമാണ് കുമാരപുരം എരിക്കാവ് മാമൂട്ടിൽ ശ്രീകുമാറിന്റെ ഭാര്യ അരുണയെ (32) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്റ്റോക്ക് പരിശോധനയുടെ പേരിൽ ഡോക്ടറും പഞ്ചായത്തംഗങ്ങളും അപമാനിച്ചതിനെ തുടർന്നാണ് അരുണ ജീവനൊടുക്കിയതെന്നു ബന്ധുക്കളും സിപിഎം പ്രാദേശിക നേതൃത്വവും ആരോപിച്ചു.

മൃതദേഹം കണ്ടെത്തിയ മുറിയിൽ നിന്ന് അരുണയുടേതെന്ന് കരുതപ്പെടുന്ന കുറിപ്പും പൊലീസിനു ലഭിച്ചു. മകന്റെ സ്കൂൾ നോട്ട് ബുക്കിൽ എഴുതിയ കുറിപ്പ്: ‘എന്റെ മരണത്തിന് ഉത്തരവാദികൾ ഡോക്ടർ, മെംബർമാർ എന്നിവരാണ്. എന്നെ അത്രയ്ക്കു തരംതാഴ്ത്തി അവർ – അരുണ.’ അസ്വാഭാവിക മരണത്തിനു കേസെടുത്ത തൃക്കുന്നപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫൊറൻസിക്, വിരലടയാള വിദഗ്ധർ അരുണയുടെ വീട്ടിൽ തെളിവെടുത്തു. കത്ത് വിദഗ്ധ പരിശോധനയ്ക്ക് കൈമാറും. അരുണ അവധിയിലായിരുന്ന 15നാണ് ആശുപത്രിയിൽ മരുന്നു കുറവാണെന്നു ഡോക്ടർ രത്നകുമാർ പഞ്ചായത്തംഗം എം.സാബുവിനെ വിവരമറിയിച്ചത്.

തുടർന്ന്, 16ന് രാവിലെ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി വി. കൈപ്പള്ളി ഉൾപ്പെടെ പഞ്ചായത്തംഗങ്ങൾ ആശുപത്രിയിലെത്തി ചർച്ച നടത്തി. ചില കുപ്പികളിൽ വെള്ളം നിറച്ചിരിക്കുകയാണെന്നു സംശയം തോന്നിയതോടെയാണ് ആയുർവേദ ഡിഎംഒയെ അറിയിച്ച ശേഷം കൂടുതൽ പഞ്ചായത്തംഗങ്ങളെ വരുത്തി വിശദമായ പരിശോധന നടത്തിയതെന്ന് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ആർ.റോഷിൻ പറഞ്ഞു. ഇന്ന് അടിയന്തര പഞ്ചായത്ത് കമ്മിറ്റി കൂടി വിഷയം ചർച്ച ചെയ്യാമെന്നു പ്രസിഡന്റ് അറിയിച്ചതിനെ തുടർന്നാണ് ശനിയാഴ്ച പരിശോധന അവസാനിപ്പിച്ചത്.

അരുണയെ മനഃപൂർവം അധിക്ഷേപിക്കാനാണ് പഞ്ചായത്തംഗങ്ങൾ ശ്രമിച്ചതെന്ന് അരുണയുടെ അച്ഛൻ രവീന്ദ്രൻ പറഞ്ഞു. ആരോഗ്യ കേന്ദ്രത്തിലെ പ്രശ്നങ്ങൾക്കു പിന്നാലെ വൈക‍ിട്ട് അച്ഛൻ രവീന്ദ്രനൊപ്പം ഭർത്താവിന്റെ വീട്ടിലെത്തിയ അരുണ മൂത്ത മകൻ ശ്രീഹരിയെ ട്യൂഷൻ ക്ലാസിന് അയച്ചു. അങ്കണവാടിയിൽ പഠിക്കുന്ന മകൾ‌ ശ്രീലക്ഷ്മിയെ ടിവിയുടെ മുന്നിൽ ഇരുത്തി മുറിയിൽ കയറി കതക് അടച്ച ശേഷം ജീവനൊടുക്കിയെന്നാണ‍ു കരുതുന്നതെന്നു പൊലീസ് പറഞ്ഞു.അരുണയെ സഹോദരി ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമില്ലെന്ന് അറിയിച്ചതോടെ അച്ഛൻ രവീന്ദ്രൻ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.

‘അവൾ തെറ്റു ചെയ്തെങ്കിൽ അന്വേഷിച്ച‍ു നിയമപരമായി ശിക്ഷിക്കാമായിരുന്നില്ലേ? അരുണയുടെ അച്ഛൻ രവീന്ദ്രന്റെ വാക്കുകൾ ഇടറി. ശനി ഉച്ചയോടെയാണ് അരുണ അച്ഛനെ വിളിച്ചത്. ‘അച്ഛാ... ആശുപത്രി വരെ വരണേ’ എന്നു മാത്രമായിരുന്നു അരുണയുടെ വാക്കുകൾ. പഞ്ചായത്ത് അംഗങ്ങൾ എത്തിയതും പരിശോധന നടക്കുന്നതും അരുണ പറഞ്ഞില്ല.

അവിടെ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്.‘നാണക്കേട് സഹിക്കാനാവുന്നില്ലെന്നും ഇനി ജോലിക്ക് പോകില്ലെന്നും അരുണ പറഞ്ഞിരുന്നു, ആത്മഹത്യ ചെയ്യുമെന്ന് കരുതിയില്ല– രവീന്ദ്രൻ പറഞ്ഞു. ’ ‘ശനിയാഴ്ച വീട്ടിലെത്തുമോ എന്ന് അവൾ ഉച്ചയ്ക്ക് വിളിച്ച് ചോദിച്ചിരുന്നു. എന്തോ പ്രശ്നമുണ്ടെന്നു തോന്നിയിരുന്നു. അവൾക്ക് ഇടയ്ക്കിടെ മുട്ടു വേദനയുണ്ടാവാറുണ്ട്.

അങ്ങനെയുള്ള സമയത്ത് ഇതേ രീതിയിലാണ് സംസാരിക്കുക.  വൈകിട്ട് എത്തുമെന്നു പറഞ്ഞ് ഫോൺ വച്ചു’ – നിറകണ്ണുകളോടെ അരുണയുടെ ഭർത്താവ് ശ്രീകുമാർ പറഞ്ഞു.വൈകീട്ട് 5.30ന് ആണ് ശ്രീകുമാർ വിവരങ്ങളൊന്നും അറിയാതെ വീട്ടിലെത്തിയത്.  അരുണയെ ആശുപത്രിയിൽ കൊണ്ടു പോയെന്നും ഗുരുതരമാണെന്നും മാത്രമാണ് ആദ്യം പറഞ്ഞത്. പിന്നീടാണു മരിച്ചെന്ന് അറിഞ്ഞത്. എറണാകുളത്ത് ലോറി ഡ്രൈവറാണു ശ്രീകുമാർ.

MORE IN Kuttapathram
SHOW MORE
Loading...
Loading...