ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപാതകം; രണ്ട് അറസ്റ്റ്

tvm-arrest
SHARE

ഐത്തിയൂരിൽ അനീഷ് എന്ന യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ   മുടവൂർപ്പാറ വെട്ടുബലിക്കുളത്തിന് സമീപം വയലിൽ വീട്ടിൽ ബിനുകുമാർ(48), കൂടല്ലൂർ വയലിൽ വീട്ടിൽ അനിൽകുമാർ(40) എന്നിവരെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചാം തീയതി രാത്രിയിലാണ് സംഭവം. ബിനുവും അനിൽകുമാറും 2002 ൽ വെട്ടുബലിക്കുളത്തിന് സമീപം ജോണി എന്നയാളെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. കേസിലെ രണ്ടും മൂന്നും പ്രതികളാണ് ഇരുവരും.

ഒന്നാം പ്രതി ജയകുമാറിനെ സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിൽ കഴിഞ്ഞിരുന്ന ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബിനുകുമാറിനെയും അനിൽ കുമാറിനെയും അറസ്റ്റ് ചെയ്തത്. ജയകുമാറും ബിനുവും സഹോദരങ്ങളാണ്.  സുഹൃത്തുക്കളായ ജയകുമാറും അനിൽകുമാറും സംഭവദിവസം ജയകുമാറിന്റെ വീട്ടിലിരുന്ന് മദ്യപിക്കവെ അവിടെ കയറിവന്ന  അനീഷും ബിനുവും മദ്യം പിടിച്ചുവാങ്ങി കുടിക്കുകയായിരുന്നു.

ഇതേത്തുടർന്ന് ഇരുകൂട്ടരും തമ്മിൽ നടന്ന സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.  സംഭവത്തിന് ശേഷം ബിനുവും അനിൽ കുമാറും വീടുവിട്ടു പോവുകയായിരുന്നു. ഇതേത്തുടർന്ന് അടുത്തദിവസം മാത്രമാണ് കൊലപാതക വിവരം നാട്ടുകാർ അറിഞ്ഞത്. കൊല്ലപ്പെട്ട അനീഷിന് സമീപം അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു ബിനുകുമാർ. ഗുരുതരമായി പരുക്കേറ്റ ബിനുകുമാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

MORE IN Kuttapathram
SHOW MORE
Loading...
Loading...