കൂടത്തായി കൂട്ടക്കൊല തെളിയിക്കുന്നതിന് മതിയായ ശാസ്ത്രീയ തെളിവു ലഭിച്ചു: എസ്പി

koodathai-murder-case-2
SHARE

കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് തെളിയിക്കുന്നതിന് മതിയായ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചതായി വടകര റൂറല്‍ എസ്.പി കെ.ജി.സൈമണ്‍. ആറ് മരണങ്ങളിലും സമഗ്രമായ അന്വേഷണമാണ് പുരോഗമിക്കുന്നതെന്നും കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മെഡിക്കല്‍ ബോര്‍ഡുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു കെ.ജി.സൈമണ്‍. 

തെളിവായ ശേഖരിച്ച മുഴുവന്‍ വിവരങ്ങളും വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധിച്ചു. ജോളിയുടെ വീട്ടില്‍ നിന്നും, കാറിന്റെ രഹസ്യ അറയില്‍ നിന്നും കണ്ടെത്തിയ സയനൈഡിന് സമാനമായ വസ്തുവിന്റെയും കല്ലറ തുറന്ന് ശേഖരിച്ച വസ്തുക്കളുടെയും രാസപരിശോധന ഫലം വൈകാതെ ലഭിക്കും. ഈ തെളിവുകള്‍ കൂടിയാകുമ്പോള്‍ ജോളിയുടെയും മറ്റ് രണ്ട് പ്രതികളുടെയും കൊലപാതകങ്ങളിലെ പങ്ക് കൃത്യമായി തെളിയിക്കാന്‍ കഴിയുമെന്ന് തന്നെയാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഫൊറന്‍സിക് വിദഗ്ധരും, ജനറല്‍ മെഡിസിന്‍ വിഭാഗം ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡ് അന്വേഷണസംഘത്തിന് കൂടുതല്‍ തെളിവ് ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും കൈമാറിയിട്ടുണ്ട്. 

ടോം തോമസ് വധക്കേസില്‍ കുറ്റ്യാടി പൊലീസിന്റെ കസ്റ്റഡിയിലുള്ള ജോളിയെ മൂന്നാംദിവസവും വിശദമായി ചോദ്യം ചെയ്തു. അടുത്തദിവസം കൂടുതല്‍ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. മാത്യു മഞ്ചാടിയില്‍ കേസില്‍ എം.എസ്.മാത്യുവിനായുള്ള കൊയിലാണ്ടി പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് താമരശ്ശേരി കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. മാത്യുവിന് ശാരീരിക ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് കോടതി സാവകാശം നല്‍കിയത്. 

MORE IN Kuttapathram
SHOW MORE
Loading...
Loading...