റിജോഷ് വധം: പ്രതികൾക്കായി തിരച്ചിൽ ഊർജിതം; പ്രതിയുടെ സഹോദരൻ അറസ്റ്റിൽ

rijosh-murder-43
SHARE

ശാന്തൻപാറയില്‍ ഫാം ഹൗസ് ജീവനക്കാരൻ കൊല്ലപ്പെട്ട കേസിൽ പൊലീസ് തിരയുന്നയാളുടെ സഹോദരൻ അറസ്റ്റിൽ. ഒളിവില്‍ പോയ കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിക്കും, ഫാം ഹൗസ് മാനേജര്‍ വസീമിനും വേണ്ടിയിള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. എന്നാല്‍ ബന്ധുക്കള്‍ പരാതി നല്‍കിയപ്പോള്‍തന്നെ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നെങ്കില്‍ പ്രതികള്‍ രക്ഷപെടില്ലായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു

തൃശൂർ ഇരിങ്ങാലക്കുട  കുഴിക്കണ്ടത്തിൽ ഫഹാദ് ആണു അന്വേഷണ സംഘത്തിന്റെ പിടിയിലായത്.  റിജോഷിന്റെ കൊലപാതകത്തെ  തുടർന്നു ഒളിവിൽ പോയ ഫാം ഹൗസ് മാനേജർ വസീമിന്റെ സഹോദരൻ ആണു ഫഹാദ്. കേസ് അന്വേഷണം വഴി തിരിച്ചു വിടാൻ ശ്രമിച്ചതിനും പ്രതികളെ രക്ഷപെടാൻ സഹായിച്ചതിനും ആണ് ഫഹാദിന് എതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. റിജോഷിനെ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ കഴിഞ്ഞ 1 ന് ശാന്തൻപാറ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനു ശേഷം രണ്ട് തവണ റിജോഷിന്റെ ഭാര്യ ലിജിയുടെ ഫോണിലേക്ക് കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ നിന്ന് ഫഹാദിന്റെ സുഹൃത്തുക്കൾ വിളിച്ചിരുന്നു. റിജോഷ് ജീവനോടെ ഉണ്ട് എന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വസീം, സഹോദരൻ ഫഹാദ്, റിജോഷിന്റെ ഭാര്യ ലിജി എന്നിവർ ചേർന്ന് നടത്തിയ ശ്രമം ആയിരുന്നു ഇത്. ഇൗ ഫോണുകളുടെ ഉടമസ്ഥരെ പൊലീസ് കണ്ടെത്തിയതോടെ ആണ് സത്യാവസ്ഥ പുറത്തു വന്നത്. . 

കയറോ തുണിയോ പോലുള്ള വസ്തു ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണു റിജോഷിനെ കൊലപ്പെടുത്തിയത് എന്നു പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടില്‍ വ്യക്തമാണ് . ശരീരത്തിൽ മറ്റ് മുറിവുകൾ ഇല്ല. മരണ സമയത്ത് റിജോഷ് അർ‌ധ ബോധാവസ്ഥയിൽ ആയിരുന്നു . മൃതദേഹത്തിന് 4 ദിവസത്തിൽ അധികം പഴക്കം ഉണ്ട്. ഫാം ഹൗസ് മാനേജർ വസീം, റിജോഷിന്റെ ഭാര്യ ലിജി, റിജോഷിന്റെ ഇളയ മകൾ ജൊവാന എന്നിവരെ കഴിഞ്ഞ 4 മുതൽ കാണാനില്ല എന്ന് ബന്ധുക്കൾ ശാന്തൻപാറ പൊലീസിൽ പരാതി നൽകിയിരുന്നു. അന്ന് പൊലീസ് വ്യക്തമായി അന്വേഷിച്ചിരുന്നെങ്കില്‍ പ്രതികള്‍ രക്ഷപെടില്ലായിരുന്നെന്നാണ് നാട്ടുകാരുടെ ആരോപണം.

റിജോഷിന്റെ കൊലപാതകത്തിൽ ഭാര്യ ലിജിക്കും പങ്ക് ഉണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സംഭവത്തിനു ശേഷം പൊലീസ് അന്വേഷണം ആരംഭിച്ചതോടെ വസീം, ലിജി എന്നിവർ കുട്ടിയുമായി കേരളം വിട്ടതായി ആണ് സൂചന. പൊലീസ് അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.

MORE IN Kuttapathram
SHOW MORE
Loading...
Loading...